-->
സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം ജെഎസ്‌കെയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിളള. റിലീസ് പ്രഖ്യാപിച്ച് ടീസറും ട്രെയിലറും സെന്‍സര്‍ ചെയ്ത ഒരു സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് പറയുന്നത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നോ അതോ ആരുടെയൊക്കെ വിശ്വാസത്തിന്റെ പേരിലാണെന്നോ മനസിലാകുന്നില്ലെന്ന് അഭിലാഷ് പറയുന്നു. ഇവര്‍ പറയുന്ന വിശ്വാസം മനസ്സില്‍ ഉളള ആളാണ് താനെന്നും സിനിമയില്‍ ജാനകിയെന്ന പേര് വന്നാല്‍ തകര്‍ന്ന് വീഴുന്നതോ കളങ്കപ്പെടുന്നതോ അല്ല വിശ്വാസമെന്നും അഭിലാഷ് പിളള സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ജെഎസ്‌കെ സിനിമ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന പേരില്‍ തന്നെ തിയേറ്ററുകളിലെത്തണമെന്നും അഭിലാഷ് പിളള കൂട്ടിച്ചേര്‍ത്തു.
അഭിലാഷ് പിളളയുടെ വാക്കുകള്‍:
ജാനകി എന്ന പേര് കൊടുക്കുമ്പോള്‍ ജെഎസ്‌കെയുടെ എഴുത്തുകാരനും സംവിധായകനും ഒരുപക്ഷെ ആ കഥാപാത്രത്തെ അത്രയും ശക്തമായ സ്ത്രീ കഥാപാത്രമായാകും സൃഷ്ടിച്ചിട്ടുണ്ടാവുക, സ്വന്തം മകളെ പീഡിപ്പിച്ച പ്രതികളെ കൊന്ന് കളയാന്‍ കോടതി മുറ്റത്ത് വെച്ച് പറയുന്ന അമ്മ കഥാപാത്രത്തിനു പത്താംവളവില്‍ സീത എന്ന് പേര് ഞാന്‍ കൊടുത്തത് ആ കഥാപാത്രത്തെ അത്രയും ശക്തയാക്കാന്‍ വേണ്ടി തന്നെയാണ് അത് ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്, റിലീസ് പ്രഖ്യാപിച്ച് ടീസറും ട്രെയിലറും സെന്‍സര്‍ ചെയ്ത ഒരു സിനിമയെ അതിന്റെ പ്രധാനപ്പെട്ട കഥാപാത്രത്തിന്റെ പേര് മാറ്റണം എന്ന് സെന്‍സര്‍ ബോര്‍ഡ് പറയുന്നത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നോ അതോ ആരുടെയൊക്കെ വിശ്വാസത്തിന്റെ പേരിലാണെന്നോ മനസിലാകുന്നില്ല. ഒന്ന് മാത്രം പറയാം ഇവര്‍ പറയുന്ന വിശ്വാസം മനസ്സില്‍ ഉള്ള ആളാണ് ഞാന്‍ പക്ഷെ ഒരു സിനിമയില്‍ ഒരു കഥാപാത്രത്തിനു ജാനകി എന്ന് പേര് വന്നാല്‍ തകര്‍ന്ന് വീഴുന്നതോ കളങ്കപ്പെടുന്നതോ അല്ല ആ വിശ്വാസം.
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന പേരില്‍ തന്നെ സിനിമ തിയേറ്ററില്‍ എത്തണം... സിനിമക്കൊപ്പം.