-->
ജയ്പൂര്‍: വന്‍തുക കൈക്കൂലി വാങ്ങിയ എഎസ്പിയെ അഴിമതി വിരുദ്ധബ്യൂറോ കയ്യോടെ പിടികൂടി. 9.35 ലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയതെന്നും ഇയാളുടെ വീട്ടില്‍ നിന്നും 30 ലക്ഷം രൂപ കണ്ടെത്തിയെന്നുമാണ് വിവരം. കുറ്റാരോപിതനായ അഡീഷണല്‍ പോലീസ് സൂപ്രണ്ട് (എഎസ്പി) ജാഗറാം മീണ വെള്ളിയാഴ്ച വൈകിട്ട് കാറില്‍ ജലവാറില്‍ നിന്ന് ജയ്പൂരിലേക്ക് വരികയായിരുന്നു.
ശിവദാസ്പുര ടോള്‍ പോസ്റ്റില്‍ കാര്‍ തടഞ്ഞ് എസിബി സംഘം നടത്തിയ പരിശോധനയില്‍ 9.35 ലക്ഷം രൂപ കണ്ടെത്തി. ഈ പണത്തെക്കുറിച്ച് എഎസ്പിക്ക് മറുപടി പറയാനാകില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. പിന്നീട് ജഗത്പുര കേസര്‍ നഗറിലെ മീനയുടെ വീട്ടിലും എസിബി പരിശോധന നടത്തി. 30 ലക്ഷത്തോളം രൂപയാണ് വീട്ടില്‍ നിന്ന് കണ്ടെടുത്തത്.
എഎസ്പി മീന വന്‍തുക കൈക്കൂലിയുമായി ജലവാറില്‍ നിന്ന് ജയ്പൂരിലേക്ക് വരുന്നതായി ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചതായി എസിബി ഡയറക്ടര്‍ ജനറല്‍ (ഡിജി) ഡോ രവി പ്രകാശ് മെഹര്‍ദ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ പിടികൂടാന്‍ കെണിയൊരുക്കി. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.