-->
ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‌ത ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’. പിടികിട്ടാപ്പുള്ളിയായ മൈലാടുംപറമ്പിൽ ജോയ് എന്ന കുറ്റവാളിയെ അന്വേഷിച്ച് ജോയ് എന്ന കുറ്റവാളിയെ അന്വേഷിച്ച് എത്തുന്ന പൊലീസ് ഉദ്യോഗസ്ഥരായ ഷാജീവനും ആന്റണിയും നായകന്മാരായി എത്തുന്ന സിനിമയായിരുന്നു ഇത്. കാടിനുള്ളിലെ ജനവാസയോഗ്യമായ ചുരുളി എന്ന പ്രദേശത്തേക്കാണ് അവരുടെ അന്വേഷണം നീളുന്നത്.
സിനിമ ഒടിടിയിലൂടെ എത്തിയ ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ടത് അതില്‍ ഉപയോഗിച്ച ഭാഷയെക്കുറിച്ചായിരുന്നു. സിനിമയിലെ കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന തെറി പദങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലര്‍ന്ന ഭാഷയ്ക്കെതിരെ അന്ന് പലരും രംഗത്ത് വന്നിരുന്നു.
നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത സിനിമ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സിനിമയിലെ തെറി പദങ്ങളുടെ പേരില്‍ പരാമര്‍ശങ്ങളുമായിട്ടാണ് ജോജു ജോര്‍ജ് എത്തിയത്. താന്‍ ചുരുളി സിനിമയ്‌ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്‌റ്റിവലിന് വേണ്ടി നിര്‍മ്മിച്ച ചിത്രമാണെന്നും പറഞ്ഞത് കൊണ്ടാണ് സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും ജോജു ജോര്‍ജ് വെളിപ്പെടുത്തി. അന്ന് സിനിമയ്‌ക്ക് രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ തന്നോട് പറയാതെയാണ് തെറി പറയുന്ന ഭാഗം റിലീസ് ചെയ്‌തതെന്നും ജോജു പറഞ്ഞു. അതോടെ വീണ്ടും ‘ചുരുളി’ വിവാദങ്ങളില്‍ നിറഞ്ഞു.
ഇപ്പോഴിതാ ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുകയാണ് നടൻ ജാഫർ ഇടുക്കി. സിനിമയില്‍ അഭിനയിച്ചതുകൊണ്ട് വീട്ടില്‍ നിന്ന് തന്നെ പുറത്താക്കിയിട്ടില്ലെന്നും ചുരുളിയില്‍ ഉപയോഗിച്ച വാക്കുകളെ എന്തിനാണ് തെറിയെന്ന് പറയുന്നതെന്നും ജാഫർ ചോദിച്ചു.
‘‘ഞാനൊരു സാധാരണക്കാരനാണ്. ഞാൻ അഭിനയിച്ചിട്ട് വീട്ടില്‍ വരുമ്പോള്‍ ഭാര്യയും മക്കളും ആഹാരം തരാതിരിക്കുകയോ വീട്ടില്‍ കയറ്റാതെ ഇരിക്കുകയോ ചെയ്തിട്ടില്ല. ഞാനൊരു വൈദിക കുടുംബത്തിലെ അംഗമാണ്. എന്റെ കുടുംബത്തില്‍ മുസ്ലിയാർമാരൊക്കയുണ്ട്. അങ്ങനെയുളളവർ ചുരുളി കാണാൻ സാദ്ധ്യതയില്ല. ആരാണ് തെറിയെന്നൊക്കെ പറയുന്നത്. നമ്മുടെ നാട്ടില്‍ പണ്ട് ഉപയോഗിച്ചുവന്നിരുന്ന വാക്കുകള്‍ ചിലർ തെറിയെന്ന് പറയുന്നു. ചില വാക്കുകള്‍ക്ക് വേറെ നാട്ടില്‍ നല്ല അർത്ഥങ്ങളായിരിക്കും ഉണ്ടാകുക.
ചുരുളി എല്ലാവരും കണ്ട സിനിമയാണ്. ഇതൊന്നും സംസാരമാക്കേണ്ട വിഷയമല്ല. അല്ലാതെ തന്നെ ഒരുപാട് വിഷയങ്ങള്‍ സംസാരിക്കാനുണ്ട്. ഇപ്പോഴിതാ മൂന്നാം ലോകമഹായുദ്ധം പൊട്ടിപുറപ്പെടാൻ പോകുന്നുവെന്ന് പറയുന്നു. അത് ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കൂ. ജെല്ലിക്കെട്ട് എന്ന ചിത്രത്തില്‍ എന്റെ അഭിനയം കണ്ടിട്ടാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ചുരുളിയിലേക്ക് എന്നെ ക്ഷണിച്ചത്. അതില്‍ അഭിനയിച്ചുകിട്ടിയ പണം കൊണ്ട് ഞാൻ അരി വാങ്ങിച്ചു. എന്റെ മക്കളും ഭാര്യയും ആ പണം ഉപയോഗിച്ചു. അല്ലാതെ എന്തിനാണ് ആ സിനിമ ചെയ്തതെന്ന് അവർ ചോദിച്ചില്ല. അഭിനയമാണ് എന്റെ തൊഴില്‍...’’ ജാഫർ ഇടുക്കി പറഞ്ഞു. ചുരുളിയില്‍ കള്ളുഷാപ്പുകാരന്റെ വേഷമാണ് ജാഫർ ഇടുക്കി അഭിനയിച്ചത്. കഴിഞ്ഞ ദിവസം നടൻ ജോജു ജോർജ് നടത്തിയ വാർത്താസമ്മേളനത്തോട് പ്രതികരിക്കുകയായിരുന്നു ജാഫർ ഇടുക്കി.
മകള്‍ക്ക് സഹപാഠി താൻ തെറി പറയുന്നതിന്റെ ട്രോള്‍ കാണിച്ചുകൊടുത്തെന്ന് വാർത്താസമ്മേളനത്തില്‍ ജോജു ജോർജ് പറഞ്ഞിരുന്നു. ചുരുളിയില്‍ താൻ അഭിനയിക്കരുതായിരുന്നുവെന്ന് മകള്‍ വീട്ടില്‍ വന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചുരുളിയിലെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് ജോജു ജോർജും സംവിധായകനും തമ്മില്‍ പ്രശ്നമുണ്ടായത്. ഈ വിഷയത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരിയും പ്രതികരിച്ചിരുന്നു.
ചുരുളി സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ ബുദ്ധിമുട്ട് നേരിട്ടുണ്ടെന്നും ഫെസ്റ്റിവലിനല്ലാത്ത സിനിമയായിരുന്നെങ്കില്‍ ചുരുളിയില്‍ അഭിനയിക്കില്ലായിരുന്നുവെന്നുമാണ് ജോജു പറഞ്ഞത്. അതിനു പിന്നാലെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്സ്ബുക്കില്‍ വിശദീകരണ പോസ്റ്റും പങ്കിട്ടിരുന്നു.