-->
ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നെത്തി പിന്നീട് സഹനടനായി തിളങ്ങിയ ശേഷം നായകനിരയിലേക്ക് ഉയര്‍ന്ന അഭിനേതാവാണ് ജോജു ജോര്‍ജ്. മികച്ച അഭിനയം കാഴ്ചവച്ച് കൈയടി നേടിയ ജോജു പിന്നീട് ‘പണി’ എന്ന സിനിമയിലൂടെ സംവിധായക കുപ്പായവുമണിഞ്ഞു. ചിത്രം മികച്ച വിജയം നേടുകയും ചെയ്തിരുന്നു. മലയാളികള്‍ക്കിടയില്‍ മാത്രമല്ല അന്യഭാഷകളിലും ജോജുവിന് വലിയൊരു ആരാധകനിര തന്നെയുണ്ട്. കമല്‍ഹസ്സനൊപ്പം ‘തഗ് ലൈഫ്’ സിനിമയില്‍ സ്ക്രീന്‍ ഷെയര്‍ ചെയ്തതോടെ ജോജുവിന് ആരാധകരുടെ എണ്ണവും കൂടിയിട്ടുണ്ട്.
വര്‍ഷങ്ങളുടെ കാത്തിരിപ്പും കഷ്ടപ്പാടും കഠിനാദ്ധ്വാനവുമാണ് ജോജുവെന്ന താരത്തിന്റെയും സംവിധായകന്റെയും യാത്രയ്ക്ക് പിന്നിലുള്ളത്. മലയാളത്തിലും തമിഴിലും തിളങ്ങി നില്‍ക്കുന്ന ജോജുവിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ജോജുവിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ‘ചുരുളി’യിലേത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി വലിയ ചര്‍ച്ചയായി മാറിയ സിനിമയാണ്, ഒപ്പം ബീപ്പ് ശബ്ദങ്ങള്‍ കേള്‍പ്പിക്കാതെയുള്ള സിനിമയിലെ തെറി പ്രയോഗങ്ങള്‍ വിമര്‍ശനങ്ങളും നേരിട്ടിരുന്നു.
ഇപ്പോഴിതാ ചുരുളിയ്ക്ക് തെറിയില്ലാത്തൊരു പതിപ്പുണ്ടെന്നാണ് പറയുകയാണ് ജോജു ജോര്‍ജ്. തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയയ്ക്കുാനുള്ളത് മാത്രമാണ് പറഞ്ഞതെന്നും ഇപ്പോഴതിന്റെ ഭാരം താന്‍ ചുമക്കുകയാണെന്നുമാണ് ജോജു പറയുന്നത്.
‘‘തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് ഞാന്‍ തെറി പറഞ്ഞ് അഭിനയിച്ചത്. പക്ഷെ അവരത് റിലീസ് ചെയ്തു. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല.
അങ്ങനെയാണ് വരുന്നതെന്ന് പറയേണ്ട മര്യാദയുണ്ടായിരുന്നു. എനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല. അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല. അതില്‍ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഞാനത് വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ആരും എന്നെ വിളിച്ച് ചോദിച്ചില്ല, മര്യാദയുടെ പേരില്‍ പോലും. പക്ഷെ ഞാന്‍ ജീവിക്കുന്ന എന്റെ നാട്ടില്‍ അതൊക്കെ വലിയ പ്രശ്‌നമായി. നന്നായി തെറി പറയുന്ന നാടാണ്. പക്ഷെ ഞാന്‍ പറഞ്ഞത് പ്രശ്‌നമായി....’’ ജോജു പറയുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ സംസാരിച്ചപ്പോഴാണ് ജോജു മനസ്സ് തുറന്നത്.
നാരായണീന്റെ മൂന്നാണ്‍മക്കള്‍ ആണ് ജോജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. കമല്‍ ഹാസന്‍ നായകനായ തഗ് ലൈഫിലാണ് ജോജു ഒടുവിലായി റിലീസ് ചെയ്ത തമിഴ് സിനിമ. വലതു വശത്തെ കള്ളന്‍ ആണ് ജോജുവിന്റെ പുതിയ മലയാളം സിനിമ.