-->
ന്യൂ ഡല്‍ഹി: മോദി സ്തുതിയില്‍ പാര്‍ട്ടി ഹൈക്കമാന്റിലടക്കം കടുത്ത അതൃപ്തി നിലനില്‍ക്കെ വിദേശപര്യടനം പൂര്‍ത്തിയാക്കി ശശി തരൂര്‍ എം.പി. ഡല്‍ഹിയില്‍ തിരിച്ചെത്തി. റഷ്യന്‍ പര്യടനത്തിന് പോയ ശശിതരൂരിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണ് കോണ്‍ഗ്രസ്. തുടര്‍ച്ചയായുള്ള മോദി സ്തുതിയില്‍ ശശിതരൂരിനെ കയറൂരി വിടരുതെന്ന് ആവശ്യം ഹൈക്കമാന്റില്‍ ശക്തമായിരിക്കുകയാണ്.
കോണ്‍ഗ്രസ് നേതൃത്വം ഉടന്‍തന്നെ തരൂരിനോട് വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. വിവിധ മാധ്യമങ്ങളില്‍ എഴുതിയ ലേഖനങ്ങളിലും അതിന് പിന്നാലെ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പ്രതിനിധി സംഘത്തിന്റെ ഭാഗമായി സഞ്ചരിച്ച രാജ്യങ്ങളിലും ശശി തരൂര്‍ നേരത്തേ നടത്തിയ മോദിസ്തുതി കോണ്‍ഗ്രസിനെ ചെറുതായിട്ടൊന്നുമല്ല വെട്ടിലാക്കിയത്.
എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തന്നെ നേരിട്ട് വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ചിലര്‍ക്ക് രാജ്യം രണ്ടാമതും മോദിയാണ് ഒന്നാമതെന്നും ശശിതരൂരിന്റെ ഇംഗ്‌ളീഷ് അടുത്തകാലത്തായി മനസ്സിലാകുന്നില്ലെന്നും ഖാര്‍ഗേ പരസ്യമായി വിമര്‍ശിച്ചിരുന്നു. പിന്നാലെ കോണ്‍ഗ്രസിലെ മറ്റു ചില പ്രധാനനേതാക്കളും ശശിതരൂരിനെതിരേ ആഞ്ഞടിച്ച് രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യമാണ് കോണ്‍ഗ്രസിന് വലുതെന്നും വേറെ ആര്‍ക്കെങ്കിലും മറ്റ് അഭിപ്രായങ്ങളുണ്ടെങ്കില്‍ അവര്‍ പറയട്ടെ എന്നും ഖര്‍ഗെ പറഞ്ഞിരുന്നു.
'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. ചിറകുകള്‍ നിന്റേതാണ്. ആകാശം ആരുടെയും സ്വത്തുമല്ല'-എന്ന ആസ്‌ക് പെര്‍മിഷന്‍ ടു ഫ്ളൈ എന്ന പുസ്തകത്തില്‍ നിന്നുള്ള വരികള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിന്റെ മറുപടി. ഈ ട്വീറ്റിന് മറുപടിയുമായി കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോര്‍ രംഗത്തുവന്നിരുന്നു. പക്ഷികള്‍ക്ക് പറക്കാന്‍ അനുമതി ആവശ്യമില്ലെന്നും സ്വതന്ത്രമായി പറക്കുമ്പോള്‍ ആകാശം നിരീക്ഷിക്കണമെന്നും മാണിക്യം ടാഗോര്‍ മറുപടി നല്‍കിയിരുന്നു.