-->
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി ഹൃദയം കീഴടക്കിയ താരമാണ് മഞ്ജു വാര്യര്‍. ‘സാക്ഷ്യം’ എന്ന സിനിമയിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് ‘സല്ലാപം’ എന്ന സിനിമയിലെ നായിക വേഷത്തിലൂടെ കൈയടി നേടിയ മഞ്ജു വാര്യര്‍, കരുത്തുറ്റ ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി. പറഞ്ഞാല്‍ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും വിസ്മയിപ്പിച്ച മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ്.
നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിയ മഞ്ജു മലയാളത്തില്‍ മാത്രമല്ല തമിഴകത്തിന്റെയും പ്രിയ താരമായി. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് മഞ്ജു. യാത്രാ വിശേഷങ്ങളും അതിലൂടെ താരം പങ്കിടുന്ന ചിത്രങ്ങളും കണ്ടാല്‍ ഈ അഭിനേത്രിയുടെ പ്രായം റിവേഴ്സ് ഗിയറിലാണോയെന്ന് തോന്നിപ്പോകും. പ്രായം നാല്പത്തി ആറ് കഴിഞ്ഞെങ്കിലും ഇരുപത്തി അഞ്ച് കാരിയുടെ മനസും ലുക്കും ആണ് മഞ്ജുവിന്. കോളജ് കുമാരിമാര്‍ക്ക് പോലും അസൂയ തോന്നുന്ന ഫാഷന്‍ സെന്‍സും ഔട്ട്ലുക്കുമാണ് താരത്തിനുള്ളത്. തന്റെ സ്വകാര്യ ജീവിതത്തില്‍ ഒരുപാട് പ്രയാസങ്ങളും സങ്കടങ്ങളും താണ്ടിയാണ് മഞ്ജു ഇന്നത്തെ താരപ്രഭയിലേക്ക് ഉയര്‍ന്നത്.
ഇപ്പോഴിതാ ഒരു പെറ്റ് ഡോഗിനൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ പങ്കിടുകയാണ് മഞ്ജു. സംവിധായകൻ ജിസ് ജോയിയാണ് നായക്കുട്ടിയെ ഓമനിക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങള്‍ ക്യാമറയില്‍ പകർത്തിയത്. കാഷ്വല്‍ വെയറില്‍ സിംപിള്‍ ലുക്കിലാണ് മഞ്ജു. താരത്തിന്റെ ലുക്കും ക്യൂട്ട് നിമിഷങ്ങളും പ്രേക്ഷകമനസ്സ് കീഴടക്കുന്നുണ്ടെങ്കിലും ഏറെ ശ്രദ്ധിക്കപ്പെടുന്നത് ചിത്രങ്ങള്‍ക്ക് താരം നല്‍കിയ ക്യാപ്ഷനാണ്. ‘‘എന്ത് സംഭവിച്ചാലും സ്നേഹം വിശ്വസ്തവും ക്ഷമയുള്ളതും എപ്പോഴും നിലനിൽക്കുന്നതുമാണെന്ന് ഇവർ നമ്മെ പഠിപ്പിക്കുന്നു...’’ എന്നാണ് ചിത്രങ്ങള്‍ക്ക് മഞ്ജു നല്‍കിയ ക്യാപ്ഷന്‍. താന്‍ പങ്കിടുന്ന ചിത്രങ്ങള്‍ക്ക് ആകര്‍ഷകമായ ക്യാപ്‌ഷൻ എഴുതുന്നതില്‍ എന്നും മുൻപിലാണ് മഞ്ജു വാര്യർ.
പൊതുവെ നായകുട്ടികളെ ഇഷ്ടമുള്ള മഞ്ജുവിന് പെറ്റ്സിനോട് എല്ലാം ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇടക്ക് ഷിറ്റ്സുബ്രീഡില്‍ പെട്ട നായക്കുട്ടിക്ക് ഒപ്പമുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വൈറലായിരുന്നു.
ഫോട്ടോയും ക്യാപ്ഷനും വൈറലായതോടെ ആരാധകരുടെ കമന്റുകളും നിറയുകയാണ്. താരത്തിന്റെ മുൻകാല ജീവിതവുമായി ബന്ധപ്പെടുത്തി അടക്കമുള്ള കമന്റുകളുണ്ട്. ‘സ്നേഹിച്ചാല്‍ നൂറ് ഇരട്ടി സ്നേഹം തിരിച്ച് തരുന്നവരാണ് വളർത്ത് മൃഗങ്ങള്‍. സ്നേഹിക്കാൻ മാത്രം അറിയാം. മനുഷ്യരെ പോലെ അല്ല. എത്ര സ്നേഹിച്ചാലും നന്ദി ഇല്ലാത്തത് മനുഷ്യനാണ്, ഒന്ന് സ്നേഹിച്ചാല്‍ ഒരു നേരത്തെ ആഹാരം കൊടുത്താല്‍ ഒരു ജന്മം മുഴുവൻ നമുക്കായി മാറ്റിവെയ്ക്കുന്നവരാണ്,സ്നേഹത്തിന് ഇരട്ടി തിരിച്ചറിവുള്ളത് മനുഷ്യരെക്കാളും മൃഗങ്ങള്‍ക്ക് തന്നെയാണ്, വിശ്വസിച്ച് സ്നേഹിക്കാവുന്നവരാണ്...’ എന്നിങ്ങനെ കമന്റുകള്‍ നീളുന്നു.
ചിലർ പെറ്റ് ഡോഗ് ആരുടേതാണെന്ന് തിരക്കിയാണ് കമന്റുകള്‍ കുറിച്ചിരിക്കുന്നത്. ഒരിടവേളയ്ക്കുശേഷം മഞ്ജുവിനെ വീണ്ടും സോഷ്യല്‍മീഡിയയില്‍ ആക്ടീവായി കണ്ട സന്തോഷവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. സ്വകാര്യ ജീവിതത്തില്‍ വലിയ നഷ്ടങ്ങള്‍ സംഭവിച്ചപ്പോഴും അതിന്റെ പേരില്‍ കുറ്റപ്പെടുത്തലുകള്‍ തനിക്കു നേരെ ഉയരുമ്പോഴും ഒരു നേർത്ത ചിരിയില്‍ മഞ്ജു വാര്യര്‍ എല്ലാം ഒതുക്കാറുണ്ട്.
മലയാളത്തിനുപുറമെ അന്യഭാഷാചിത്രങ്ങളിലും സ്ഥാനം ഉറപ്പിച്ച മഞ്ജുവാര്യരുടെ ഏറ്റവും പുതിയ ചിത്രം പാന്‍ ഇന്ത്യന്‍ തലത്തിലിറങ്ങിയ വമ്പന്‍ താരനിര അണിനിരന്ന എമ്പുരാനായിരുന്നു. അതിലെ മഞ്ജുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറ്റൊരു ചിത്രം ഫൂട്ടേജ് ആയിരുന്നു.