-->
സീരിയൽ രംഗത്തും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരങ്ങൾ വളരെ ചുരുക്കമാണ്. അക്കൂട്ടത്തിൽ എടുത്തു പറയാവുന്ന ഒരു അഭിനേതാവാണ് വിഷ്ണു പ്രകാശ്.
പില്‍ക്കാലത്ത് കൈലാസി വിഷ്ണു പ്രകാശ് എന്ന പേരിലേക്ക് മാറിയ താരം ആത്മീയതയുടെ പാതയിലാണ്. എങ്കിലും കുടുംബപ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള സീരിയലുകളില്‍ സ്ഥിര സാന്നിധ്യമായിരുന്നു വിഷ്ണു പ്രകാശ്. കരിയറില്‍ ഒട്ടേറെ ഹിറ്റ് മെഗാ സീരിയലുകളുടെയും സിനിമകളുടെയും ഒക്കെ ഭാഗമാവാൻ വിഷ്‌ണു പ്രകാശിന് കഴിഞ്ഞിരുന്നു.
ഒപ്പം തന്നെ ബിഗ് സ്‌ക്രീനിൽ സൂപ്പർതാരങ്ങളായ മോഹൻലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയവർക്ക് ഒപ്പം നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകള്‍, ഒരാള്‍ മാത്രം, സുന്ദര കില്ലാഡി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഇരുപതാം നൂറ്റാണ്ട് അടക്കമുള്ള സിനിമകളിലും താരം വേഷമിട്ടിരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ഒരാള്‍ മാത്രം എന്ന ചിത്രത്തിലെ കരുത്തുറ്റ വില്ലൻ വേഷമാണ്.
ഇപ്പോഴിതാ ഒരാള്‍ മാത്രത്തിലെ വില്ലൻ വേഷത്തിൽ അഭിനയിക്കാനുള്ള കാരണവും അതിലേക്ക് എത്തിയത് എങ്ങനെയാണെന്നും പറയുകയാണ് വിഷ്ണുപ്രകാശ്. ദുരഭിമാനം ഉപേക്ഷിച്ച് വേഷങ്ങള്‍ക്കായി സംവിധായകരെ കാണാറുണ്ടെന്നും സിനിമയിലെ തന്റെ കരിയർ ഗ്രാഫ് താഴാൻ കാരണമായത് ചിലരുടെ പാരകള്‍ ആണെന്നും വിഷ്‌ണു പ്രകാശ് തുറന്നു പറയുകയാണ്.
"വിളവിറക്കാൻ കഷ്‌ടപ്പെട്ടാല്‍ മാത്രമേ വിളവെടുക്കാൻ സാധിക്കൂ. ഞാൻ ഹോട്ടല്‍ റിസപ്‌ഷനുകള്‍ക്ക് അരികിലുള്ള കസേരയില്‍ ചെന്ന് സംവിധായകരെ കാത്തിരിക്കാറുണ്ട്. അതില്‍ എനിക്ക് ഒരു ദുരഭിമാനവും ഉണ്ടായിരുന്നില്ല. അന്ന് എന്നെ വിളിച്ച സംവിധായകൻ ഉണ്ട്, കൊറേ പേരൊന്നും വിളിച്ചിട്ടില്ല. അതിന്റെ കാരണം എന്തെന്ന് എനിക്കറിയില്ല.
ഒരാള്‍ മാത്രം സിനിമയിലേക്ക് വന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. ഞാൻ കെപിഎസിയില്‍ നാടകം ചെയ്‌തു കൊണ്ടിരിക്കുന്ന കാലം. കോഴിക്കോട് നാടകം കളിക്കുമ്പോൾ പിവി ഗംഗാധരൻ സാറോ അനിയൻ പിവി ചന്ദ്രനോ ഒക്കെ വരാറുണ്ട്. മിക്കവാറും സമയത്തൊക്കെ നാടകം കാണാൻ അവർ വരാറുണ്ട്. അങ്ങനെ ഒരിക്കല്‍ പിവി ഗംഗാധരൻ സാറാണ് എന്നെ സത്യൻ അന്തിക്കാടിനെ പരിചയപ്പെടുന്നത്.
അങ്ങനെ അദ്ദേഹം എന്നെ മനസ്സില്‍ വച്ചിട്ടുണ്ടെന്ന് പറഞ്ഞു. എനിക്ക് പറ്റിയ നല്ല വേഷം വരുമ്പോൾ വിളിക്കാമെന്നും പറഞ്ഞു. അങ്ങനെയാണ് അദ്ദേഹം പോയത്. പക്ഷേ വർഷം പത്തോ പന്ത്രണ്ടോ കഴിഞ്ഞാണ് ഒരിക്കല്‍ എന്നോട് കോഴിക്കോടേക്ക് വരാൻ പറയുന്നത്. അങ്ങനെ എനിക്ക് ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന ചിത്രത്തില്‍ ആദ്യമായി വേഷം കിട്ടി.
പിന്നെയാണ് ഒരാള്‍ മാത്രം എന്ന സിനിമയിലേക്കും അത് കഴിഞ്ഞ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലേക്കും എന്നെ വിളിക്കുന്നത്. ഒന്ന് നടക്കാൻ പറഞ്ഞു ഞാൻ നടന്നു. ഒരു ഡയലോഗ് തന്നപ്പോള്‍ ഞാൻ പറഞ്ഞു. പിന്നെ അത് ഒരു സീനായും സിനിമ ആയും ഒക്കെ മാറി. എന്റെ ബന്ധുക്കള്‍ ആരും സിനിമയില്‍ ഇല്ല. ആരുടേയും കാശ് കൊണ്ട് നടനായ ആളല്ല ഞാൻ.
എന്റെ കരിയറില്‍ മറ്റൊരാള്‍ എങ്ങനെ ആയെന്ന് നോക്കി അതുപോലെ ആവണം എന്ന് ആഗ്രഹിക്കുന്നതില്‍ കാര്യമില്ലലോ. നമ്മള്‍ എവിടെ എത്തണം എന്നുള്ളത് ഒരു തലവരയാണ്. എന്റെ കരിയർ ഗ്രാഫ് ഉയരാതെ പോയതിന്റെ ഒരു കാരണം പാരയാണ്. അതിലുണ്ടല്ലോ ഉത്തരം, കൂടുതല്‍ പേരുകള്‍ ഒന്നും പറയാൻ ഞാനില്ല... " വിഷ്ണുപ്രകാശ് പറയുന്നു.