-->
ആലപ്പുഴ: അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികവുമായി ബന്ധപ്പെട്ട് സിപിഐഎം വിവാദത്തില്‍. അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിൽ നിന്നും മുതിര്‍ന്ന നേതാവ് ജി സുധാകരനെ ഒഴിവാക്കി. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പരാമർശങ്ങളുടെയും മറ്റും പേരിലാണ് സുധാകരനെ ഒഴിവാക്കിയത് എന്നാണ് സൂചന. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്ന നേതാവാണ് ജി സുധാകരന്‍.
അദ്ദേഹത്തിനൊപ്പം ജില്ലയിലെ തന്നെ മറ്റൊരു പ്രമുഖനേതാവ് എസ് രാമചന്ദ്രൻ പിള്ളയേയും ഒഴിവാക്കി. രണ്ടു പേരും അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നിട്ടുള്ളവരാണ്. സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ, ആർ നാസർ, അമ്പലപ്പുഴ എംഎൽഎ എച്ച് സലാം എന്നിവർക്കാണ് ക്ഷണമുള്ളത്. ജില്ലയില്‍ വീടിന് സമീപം നടക്കുന്ന പരിപാടിയിലാണ് മുതിര്‍ന്ന നേതാവായിട്ടും സുധാകരന് ക്ഷണമില്ലാത്തത്.
ജില്ലാ കമ്മറ്റിയുടെ ഭാഗമായി സുശീല ഗോപാലൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടിയിയില്‍ സുധാകരനെ ക്ഷണിക്കണമെന്ന് പാര്‍ട്ടയില്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും ഒടുവില്‍ ഒഴിവാക്കി. നിരന്തരം വിവാദപ്രസ്താവനകള്‍ നടത്തുന്ന സാഹചര്യത്തിലാണ് ഒഴിവാക്കിയതെന്നാണ് സൂചനകള്‍. 36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി തപാല്‍ വോട്ട് തിരുത്തിയെന്നായിരുന്നു അദ്ദേഹം അവസാനമായി പുറത്തുവിട്ട വിവാദ വെളിപ്പെടുത്തല്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം സുധാകരനെതിരെ പൊലീസ് കേസെടുത്തിരുന്നു.
പാര്‍ട്ടി പരസ്യമായി നിലപാട് പ്രഖ്യാപിക്കണമെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യം ഉയർന്നിരുന്നു. മുമ്പ് എസ്എഫ്ഐ ക്കെതിരായ വിമർശന കവിത, പ്രായപരിധി ഇളവിലെ വിവാദപരാമർശങ്ങൾ എന്നിവയും പാർട്ടിയിൽ വലിയ ചർച്ചയായിരുന്നു. ഏറ്റവുമൊടുവിൽ സിപിഐഎം എംഎൽഎമാരായ ജനീഷ്‌കുമാറിനെതിരെയും എച്ച് സലാമിനെതിരെയും സുധാകരൻ രംഗത്തുവന്നത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.