Wednesday, March 18, 2026 Last Updated 20 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jun 2025 10.15 AM

മലയാളം അടക്കമുളള ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഇന്ത്യന്‍ പാരമ്പര്യം ഉയര്‍ത്തി പിടിക്കുന്നു; ഓര്‍ഗനൈസറില്‍ പവന്‍ കല്യാണ്‍

pawan-kalyan

ബോളിവുഡ് സിനിമകൾ ഇന്ത്യൻ സംസ്കാരത്തിൽ നിന്ന് അകന്നു പോകുന്നുവെന്ന് നടനും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. ഒരു കാലത്ത് ഹിന്ദി സിനിമയിൽ ഈ സാംസ്കാരിക മൂല്യങ്ങൾ പ്രതിഫലിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ കോമാളിത്തരമാണ് ബോളിവുഡ് സിനിമകളിൽ കാണിക്കുന്നതെന്നും പവൻ കല്യാൺ പറഞ്ഞു. ആർ എസ് എസ് മുഖ പത്രമായ ‘ഓർഗനൈസർ’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘വ്യത്യസ്ത തലമുറകളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർ കാരണം സിനിമ മേഖല കാലക്രമേണ മാറിയിട്ടുണ്ട്. പ്രത്യേകിച്ച്, ഹിന്ദി സിനിമയെ ആഗോളവൽക്കരണം സ്വാധീനിച്ചു. അതിനുശേഷം, ഹിന്ദി സിനിമകളിൽ സാംസ്കാരിക ബന്ധങ്ങളുള്ള കഥാപാത്രങ്ങളില്ല, കോമാളിത്തരം കാണിക്കുന്ന സിനിമകളാണുള്ളത്. എന്നാൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമകൾ ഇന്ത്യൻ പാരമ്പര്യങ്ങളിലും മൂല്യങ്ങളിലും ആഴത്തിൽ വേരൂന്നിയിട്ടുണ്ട്. വിനോദ മേഖലയിൽ വാണിജ്യ സമ്മർദ്ദങ്ങൾ വർധിക്കുന്നതിനിടയിലും അവർ ഭാരതീയത കൈവിട്ടിട്ടില്ല. അത് അഭിനന്ദനാർഹമാണ്,’ പവൻ കല്യാൺ പറഞ്ഞു.

ഒരു കാലഘട്ടത്തിൽ ഹിന്ദി സിനിമയിൽ ഈ സാംസ്കാരിക മൂല്യങ്ങൾ പ്രതിഫലിച്ചിരുന്നുവെന്നും പവൻ കല്യാൺ ചൂണ്ടിക്കാട്ടി. ‘ദംഗൽ’ പോലുള്ള സിനിമ ഇന്ത്യൻ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നതാണെന്നും പവൻ കല്യാൺ കൂട്ടിച്ചേർത്തു.

പവൻ കല്യാണിന്റേതായി 'ഹരി ഹര വീര മല്ലു' എന്ന സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്. ജൂലൈ 24 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഗ്യാങ്സ്റ്റർ ഡ്രാമയായ 'ദേ കോൾ ഹിം ഒജി' യും സെപ്റ്റംബർ 25 ന് എത്തുന്നുണ്ട്. 'ഉസ്താദ് ഭഗത് സിംഗ്' എന്ന പോലീസ് ഡ്രാമയിലാണ് നിലവിൽ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആന്ധ്രാപ്രദേശിന്റെ ഉപമുഖ്യമന്ത്രി കൂടിയാണ് പവന്‍ കല്യാണ്‍. രാഷ്ട്രീയ പ്രവർത്തനത്തിനിടയിലും സിനിമയിൽ സജീവമാണ് അദ്ദേഹം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW