Saturday, March 14, 2026 Last Updated 12 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 03.30 PM

‘‘കല്യാണത്തലേന്ന് മോഹന്‍ലാലിന്റെ അച്ഛന്‍ വീട്ടിലെത്തി ഒരു പൊതി തന്നു; തേക്കിന്‍ തടിയിലുള്ള ഗണപതിവിഗ്രഹം; ജ്യോത്സന്‍ പറഞ്ഞയിടത്ത് അതുണ്ട് ഇപ്പോഴും...’’ അമൂല്യസമ്മാനത്തെക്കുറിച്ച് സുരേഷ്ഗോപി

uploads/news/2025/06/787584/Untitled-6.jpg
Suresh Gopi about his unforgettable gifts (Image Source: Youtube)

മലയാളസിനിമയില്‍ അവിസ്മരണീയമായ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള താരമാണ് സുരേഷ്ഗോപി. തിരക്കിട്ട സിനിമ-രാഷ്‌ട്രീയ ജീവിതത്തിനിടയിലും വളരെ മനോഹരമായി കുടുംബവും സൗഹൃദവും നിലനിര്‍ത്തുന്നത് സുരേഷ്ഗോപിയുടെ മികച്ച സ്വഭാവങ്ങളിലൊന്നാണ്. മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായി എന്നും പ്രേക്ഷകമനസ്സിലുള്ളത് മോഹൻലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരാണ്. മലയാളത്തിലെ ബിഗ് എമ്മുകള്‍ സുഹൃത്തുക്കളല്ല സഹോദരങ്ങളാണ് സുരേഷ് ഗോപിക്ക്.
അതുകൊണ്ട് എല്ലാ തിരക്കുകളെല്ലാം മാറ്റിവെച്ച്‌ സുരേഷ് ഗോപിയുടെ കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങളില്‍ പങ്കെടുക്കാൻ മോഹൻലാലും മമ്മൂട്ടിയും എത്താറുണ്ട്. സുരേഷ്ഗോപിയുടെ മകളുടെ കല്യാണത്തിന് മുന്‍പന്തിയില്‍ മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ കുടുംബങ്ങളുമുണ്ടായിരുന്നു.
ഇപ്പോഴിതാ തനിക്ക് സിനിമയ്ക്കുള്ളിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ്ഗോപി. തനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും അമ്യൂല്യമായ സമ്മാനങ്ങളെ കുറിച്ച്‌ സംസാരിക്കുമ്പോഴാണ് സുരേഷ്ഗോപി മനസ്സ് തുറന്ന് ഇമോഷണലായത്. ‘‘1990 ഫെബ്രുവരി എട്ടിനായിരുന്നു ഞാനും രാധികയും വിവാഹിതരായത്. പെര്‍ഫെക്‌ട് അറേഞ്ച്ഡ് മാര്യേജാണ് ഞങ്ങളുടേത്. കല്യാണത്തിന് മുമ്പ് ഒരു പരിചയവും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. മമ്മൂക്കയും ലാലും ജോഷി സാറും അങ്ങനെ സിനിമാലോകത്തുള്ളവരെല്ലാം കുടുംബസമേതം വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയിരുന്നു. മൂത്തമകള്‍ ഭാഗ്യയാണ് അന്നും ഇന്നും വീട്ടിലെ റൂളർ. എല്ലാം കണ്‍ട്രോളില്‍ വെച്ചിരിക്കുന്നത് പോലെ പെരുമാറാറുണ്ട് ഇടയ്‌ക്ക്. മോഹൻലാലും സുചിത്രയും മാത്രമല്ല ലാലേട്ടന്റെ മാതാപിതാക്കളും എന്റെ വിവാഹത്തിന് തലേദിവസം തന്നെ സന്നിഹിതരായിരുന്നു. കല്യാണത്തിന്റെ തലേന്ന് മോഹന്‍ലാലിന്റെ അച്ഛനും അമ്മയും കൂടി വന്ന് എനിക്ക് ഒരു പൊതി കൊണ്ട് തന്നിരുന്നു. എന്റെ വീട്ടില്‍ അതിന് മുമ്പ് അങ്ങനെയൊരു ഗിഫ്റ്റ് വീട്ടില്‍ വന്നിട്ടില്ല. അച്ഛൻ തന്നെ പോയി സെലക്‌ട് ചെയ്ത് വാങ്ങി വെക്കുന്നതാണ് മിക്കതും. അത്തരത്തിലുള്ള ദൈവങ്ങളുടെ ശില്‍പ്പങ്ങളും ഞങ്ങള്‍ അതുവരെ വീട്ടില്‍ കൊണ്ടുവന്ന് വെച്ചിട്ടുമില്ലായിരുന്നു. ആദ്യമായിട്ടാണ് തേക്കിന്‍ തടിയിലുള്ള ഗണപതിയുടെ ഒരു വിഗ്രഹം എനിക്ക് കിട്ടുന്നത്.
പിന്നീട് ഞാൻ തിരുവനന്തപുരത്ത് താമസം ആരംഭിച്ചപ്പോള്‍ പൂജ മുറിയിലെ മെയിൻ വിഗ്രഹമായി വെച്ചത് ഈ ഗണപതിയാണ്. ആ വിഗ്രത്തിന് മുന്നില്‍ വിളക്ക് കത്തിക്കരുതെന്ന് ജ്യോത്സ്യൻ പറഞ്ഞതുകൊണ്ട് പൂജ മുറിയില്‍ നിന്നും പിന്നീട് അത് മാറ്റി. ഇപ്പോള്‍ അത് ഡൈനിങ് ഹാളില്‍ വടക്കോട്ട് ദൃഷ്ടി കിട്ടുന്ന തരത്തില്‍ ജോത്സ്യൻ കാണിച്ച്‌ തന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. ആ വിഗ്രഹം കാണുമ്പോഴെല്ലാം ലാലിന്റെ അച്ഛനെ ഓർമ വരും. അദ്ദേഹമാണ് ആ സമ്മാനം കയ്യില്‍ വെച്ച്‌ തന്നത്...’’ സുരേഷ്ഗോപി പറഞ്ഞു. പേളി മാണി ഷോയില്‍ അതിഥിയായി പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് സുരേഷ്ഗോപി ഇക്കാ​‍ര്യം പറഞ്ഞത്.

മറക്കാനാവാത്ത മറ്റൊരു സമ്മാനം കൂടിയുണ്ട്. കുട്ടിക്കാലം മുതല്‍ ഞാൻ കാണുന്നതാണ് അപ്പൂപ്പന്റെ കയ്യില്‍ കിടക്കുന്ന റോളക്സ് വാച്ച്‌. ഫുള്‍ ഗോള്‍‍ഡ് റോളക്സാണ്. അതിന്റെ ഡയലും ഗോള്‍ഡാണ്. റോളക്‌സാണ് കിട്ടാക്കനിയാണ് എന്നൊക്കെ പറഞ്ഞ് പലതവണ ഞാൻ കേട്ടിട്ടുണ്ട്. ഇത്തരം വാച്ചുകള്‍ വില്‍പത്രത്തില്‍ പോലും ആളുകള്‍ എഴുതിവെയ്‌ക്കും. ബാങ്കില്‍ കൊണ്ടുപോയി പണയം വെക്കാന്‍ പറ്റുന്ന വാച്ചുമാണ് റോളക്സ്.
ചിറ്റപ്പന്‍മാരാണ് ഇതൊക്കെ എനിക്ക് ചെറുപ്പത്തില്‍ തന്നെ പറഞ്ഞ് തന്നത്. അപ്പൂപ്പന്‍ അത് ചിറ്റപ്പനായിരുന്നു കൊടുത്തത്. അദ്ദേഹം വിദേശത്താണ്. ഇതുവരെ വന്നിട്ടില്ല അച്ഛന് അത് കിട്ടിയിരുന്നെങ്കില്‍ എനിക്ക് കിട്ടിയേനെ. അത് കിട്ടിയിരുന്നുവെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്. ദുബായിലൊക്കെ പോയപ്പോഴെല്ലാം പലതവണ അതുപോലൊന്ന് വാങ്ങാന്‍ ശ്രമിച്ചിരുന്നു. 28 ലക്ഷമൊക്കെയായിരുന്നു വില. പത്ത് സിനിമയില്‍ നിന്നും കുറച്ച്‌ കുറച്ച്‌ മാറ്റി വെച്ചാല്‍ വാങ്ങാം. പക്ഷെ അപ്പോഴൊക്കെ വാങ്ങേണ്ടെന്ന് കരുതി ആഗ്രഹം മാറ്റിവെച്ചു.
വാങ്ങുന്നെങ്കില്‍ ഒറ്റയടിക്ക് വാങ്ങണം. ആലോചിച്ച്‌ നിന്നാല്‍ നടക്കില്ലെന്ന് മനസിലായി. അങ്ങനെ 1997ല്‍ കുടുംബവുമൊത്ത് ദുബായിലേക്ക് ട്രിപ്പ് പോയപ്പോള്‍ വാച്ചുകള്‍ വീണ്ടും നോക്കി. വില നോക്കുന്നതിനിടെ മമ്മൂക്ക വന്നു. റോളക്‌സൊക്കെ എടുത്ത് കള നീ ആ പിയാജെറ്റ് വാങ്ങിക്ക് എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. റോളക്സ് ഇഷ്ടപ്പെടാനുള്ള കാരണം അപ്പോള്‍ ഞാൻ മമ്മൂക്കയോട് പറഞ്ഞു. പുള്ളി ഇതെല്ലാം കേട്ടിട്ട് നീ എന്തേലും വാങ്ങിക്കെന്ന് പറഞ്ഞ് പോയി.
അടുത്തിടെ യുഎഇ എംബസിയില്‍ നിന്നും അതുപോലെയൊരു വാച്ച്‌ ഗിഫ്റ്റായി കിട്ടി. ആരാണ് അങ്ങനെയൊരു സമ്മാനം എനിക്ക് വേണ്ടി തിരഞ്ഞെടുത്തതെന്ന് അറിയില്ല. വാച്ച്‌ കിട്ടിയതിനേക്കാള്‍ ആർക്കാണ് ആ വാച്ചും ഞാനുമായുള്ള ബന്ധത്തിന്റെ ചരിത്രം അറിയാവുന്നത് എന്നതാണ് അതിശയിപ്പിച്ചത്...’’ കണ്ണ് നിറഞ്ഞ് വികാരധീനനായി സുരേഷ് ഗോപി പറഞ്ഞു.

Ads by Google
Monday 23 Jun 2025 03.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW