Thursday, March 12, 2026 Last Updated 29 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 11.58 AM

ഇനിയും കാത്തിരിക്കാന്‍ വയ്യ, ഗീതാ പ്രഭാകർ ഇതിൽ തീർച്ചയായിട്ടും ഉണ്ടാവണം; ദൃശ്യം 3 ഒക്ടോബറില്‍ തുടങ്ങുമെന്ന് ആശ ശരത്; കമന്റുകളുമായി ആരാധകര്‍

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഇറങ്ങിയ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രമായി കണക്കാക്കാവുന്ന ദൃശ്യത്തിന്റെ രണ്ടു ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇപ്പോഴിതാ ദൃശ്യം 3 ന്റെ അപ്ഡേറ്റ് നല്‍കുകയാണ് ദൃശ്യത്തില്‍ പ്രധാന കഥാപാത്രം അവതരിപ്പിച്ച ആശ ശരത്.
Drishyam 3 movie, Mohanlal, Asha Sharath
Asha Sahrath about Drishyam 3 update (Image Source: Instagram)

മലയാളസിനിമയില്‍ തരംഗം സൃഷ്ടിച്ച ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രമായിരുന്നു ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ദൃശ്യം. ആദ്യ ഭാഗം വിജയിച്ചതിനു പിന്നാലെ രണ്ടാം ഭാഗം ഉണ്ടാവുമെന്ന് ജീത്തു പറഞ്ഞിരുന്നു. കോവിഡ് കാലത്ത് ഒടിടി റിലീസി​ലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ രണ്ടാം ഭാഗവും പ്രേക്ഷകരുടെ കൈയടിയും പ്രശംസയും ഏറെ നേടി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രമായി കണക്കാക്കാവുന്ന ദൃശ്യത്തിന്റെ രണ്ടുഭാഗങ്ങളും വലിയ വിജയം നേടിയിരുന്നു.
അന്നുമുതല്‍ ഇതിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ജീത്തുവിന്റെയോ മോഹന്‍ലാലിന്റെയോ അഭിമുഖങ്ങളില്‍ ഏറെ കേട്ടിരുന്ന ഒരു ചോദ്യം കൂടിയായിരുന്നു ഇത്. അടുത്തിടെ ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായി ‘ദൃശ്യം 3’ എത്തുമെന്ന് മോഹൻലാല്‍ പ്രഖ്യാപിച്ചിരുന്നു. ജീത്തു ജോസഫിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മോഹൻലാല്‍ മൂന്നാം ഭാഗം പ്രഖ്യാപിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ജീത്തു ജോസഫ് പങ്കിട്ട ഒരു ചിത്രവും പ്രേക്ഷകരുടെ ആകാംക്ഷ കൂട്ടി.
ഇപ്പോഴിതാ സിനിമയിലെ പ്രധാന കഥാപാത്രമായ ആശ ശരത് ‘ദൃശ്യം 3’യുടെ ലേറ്റസ്റ്റ് അപ്ഡേഷന്‍ പങ്കിട്ടിരിക്കുകയാണ്. ഒക്ടോബറില്‍ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് ആശ പങ്കിട്ട വീഡിയോയിലൂടെ മനസ്സിലാകുന്നത്. ‘‘ദൃശ്യം 3...’’ എന്ന് കുറിച്ച് ഫയര്‍ ​ഇമോജിയും പങ്കിട്ടാണ് ആശ ശരതിന്റെ പോസ്റ്റ്.
പോസ്റ്റിനു താഴെ നിരവധി ആരാധകര്‍ കമന്റുകളും കുറിക്കുന്നുണ്ട്. ‘കട്ട വെയ്റ്റിംഗ്, ഗീതാ പ്രഭാകർ ഇതിൽ തീർച്ചയായിട്ടും ഉണ്ടാവണം, ഇതിനായി ഇനിയും കാത്തിരിക്കാൻ വയ്യ. ഗീത പ്രഭാകറിന്റെ കൂടുതൽ സ്​‍ക്രീന്‍ സ്പേസ് നമുക്ക് കാണാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അത്രയും കാത്തിരിക്കണോ എന്നതടക്കമാണ് കമന്റുകള്‍.

ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം തുടങ്ങുമെന്ന് മോഹൻലാലും ജിത്തു ജോസഫും നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസും അപ്ഡേറ്റ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘‘ക്യാമറ വീണ്ടും ജോർജുകുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് പോസ്റ്റ്.
ദൃശ്യം 3 യില്‍ ജോര്‍ജുകുട്ടിയ്ക്കും കുടുംബത്തിനും ജീവിതത്തില്‍ പിന്നീടുണ്ടായ മാറ്റവും വരുണ്‍ തിരോധാനക്കേസ് വീണ്ടും ഉയരുന്നതും കോടതി നടപടികളും തുടങ്ങി കേസിലെ നിര്‍ണായക ഘട്ടം മെഡിക്കല്‍ കോളജ് വരെയെത്തി നില്‍ക്കുന്നതാണ് ദൃശ്യം രണ്ടാം ഭാഗം വരെ കണ്ടത്. ജോര്‍ജ് കുട്ടി എന്ന കുടുംബസ്ഥന്‍ ക്ലാസിക് ക്രിമിനിലായി തന്റെ കുടുംബത്തിനായി ചെയ്തുകൂട്ടുന്ന കാര്യങ്ങളത്രയും പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു. ഇതിനൊരു അവസാനമില്ലേ എന്ന ചോദ്യവും രണ്ടാം ഭാഗം പുറത്തിറങ്ങിയപാടെ ഉയര്‍ന്നു. അതിനുള്ള ഉത്തരമാണോ മൂന്നാം ഭാഗത്തില്‍ ജീത്തു ജോസഫ് നല്‍കുക എന്നതിലേക്കുള്ള കാത്തിരിപ്പിലാണ് ആരാധകരും.
2013-ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തിയേറ്ററുകളില്‍ സൂപ്പർഹിറ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം - ദി റിസംഷന്‍ എന്ന പേരില്‍ 2021 ലാണ് എത്തിയത്. മോഹന്‍ലാലിനൊപ്പം മീന, എസ്തർ അനില്‍, അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.
ദൃശ്യത്തിന്റെ പല ഭാഷകളിലെ റീമേക്കുകളും ബോക്സ് ഓഫീസില്‍ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ചിത്രത്തിന്റെ കൊറിയൻ റീമേക്കും പുറത്തുവന്നിരുന്നു. കൊറിയന്‍ നിര്‍മ്മാണ കമ്ബനിയായ ആന്തോളജി സ്റ്റുഡിയോസും ഹിന്ദി നിര്‍മ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW