Wednesday, March 18, 2026 Last Updated 25 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 12.23 PM

' കുടുംബസമേതം കാണേണ്ട സിനിമ' ; ' വ്യസനസമേതം ബന്ധുമിത്രാദികള്‍' ചിത്രത്തെ പ്രശംസിച്ച് എ എ റഹീം

movie

വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന സിനിമയെ പ്രശംസിച്ച് എ എ റഹീം. കുടുംബസമേതം കാണേണ്ട സിനിമയാണിതെന്നും ടോക്‌സിക്കായ ബന്ധങ്ങള്‍ തിരിച്ചറിയാനും അതിനോട് 'നോ'എന്ന് ഉറപ്പിച്ചു പറയാനും നമ്മുടെ പെണ്‍കുട്ടികള്‍ പ്രാപ്തി നേടിക്കൊണ്ടിരിക്കുന്നു എന്ന് സിനിമ അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു. സിനിമയിലെ ഓരോ അഭിനയിതാക്കളും മികവുറ്റ പ്രകടനമാണ് കാഴ്ചവച്ചതെന്നും എ എ റഹീം പറഞ്ഞു.

എ എ റഹ്മീന്റെ വാക്കുകള്‍ ഇങ്ങനെ:

ശക്തമായ സാമൂഹ്യ വിമര്‍ശനം, മനോഹരമായ സിനിമ. ചിരിച്ചു ചിരിച്ചു തലതല്ലിപ്പോകുന്ന രംഗങ്ങള്‍ ''വ്യസനസമേതം ബന്ധുമിത്രാതികള്‍''കുടുംബസമേതം കാണേണ്ട സിനിമ. ഇക്കഴിഞ്ഞ ദിവസമാണ് ഞാനും കുടുംബവും സിനിമ കാണുന്നത്.മക്കള്‍ മുതല്‍ അച്ഛന്‍ വരെ ഒരുപോലെ ആസ്വദിച്ച സിനിമ. ജാതിബോധത്തിന്റെ അഹന്തയിലേക്ക് രൂക്ഷമായി പ്രഹരിക്കുന്നുണ്ട് ഈ സിനിമ.അവളെകെട്ടാന്‍ മതം മാറാം,എന്ന് പറയുന്നിടത്ത് കൂട്ടിച്ചേര്‍ക്കുന്നു,''മതം മാത്രം മാറിയാല്‍ പോരാ ജാതിയും മാറണം.''ജാതി എങ്ങനെയൊക്കെയാണ് നമ്മുടെ കുടുംബങ്ങളില്‍ വിവേചനം സൃഷ്ടിക്കുന്നത്?ഒരേ കുടുംബത്തില്‍ ഒരു മകളെ സ്വജാതിക്കാരന്‍ കെട്ടുന്നു,അടുത്ത മകളെ കീഴ്ജാതിക്കാരന്‍ കെട്ടുന്നു,കീഴ്ജാതിയില്‍പെട്ട മരുമകന്‍ ആ കുടുംബത്തിനുള്ളില്‍ അനുഭവിക്കുന്ന വിവേചനം പറയാതെ പറയുന്ന സ്‌ക്രിപ്റ്റ് ജാതിബോധം സൃഷ്ടിക്കുന്ന വ്യത്യസ്ത പ്രശ്‌നങ്ങളെ വലിച്ചു പുറത്തിടുന്നു.

ടോക്‌സിക്കായ ബന്ധങ്ങള്‍ തിരിച്ചറിയാനും അതിനോട് 'നോ'എന്ന് ഉറപ്പിച്ചു പറയാനും നമ്മുടെ പെണ്‍കുട്ടികള്‍ പ്രാപ്തി നേടിക്കൊണ്ടിരിക്കുന്നു എന്ന് ഈ സിനിമ അടയാളപ്പെടുത്തുന്നു. സംവിധായകന്റെയും തിരക്കഥ എഴുതിയവന്റെയും ഒബ്‌സര്‍വേഷന്‍ സ്‌കില്ലിന് കൈയടിക്കണം. തിരുവനന്തപുരം ജില്ലയിലെ ഒരു ശരാശരി മരണവീട്ടിലെ സാധാരണ കാണാറുള്ള ചെറിയ ചെറിയ മാനറിസം പോലും സൂഷ്മമായി പകര്‍ത്തിയിട്ടുണ്ട്. അസീസ് നെടുമങ്ങാടും, നോബിയും അവരുടെ കരിയറിലെ ഏറെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ക്ക് ഈ സിനിമയില്‍ വേഷം പകര്‍ന്നു. നോബിയുടെ ഇതുവരെയുള്ള വേഷങ്ങളില്‍ നിന്നും വെത്യസ്തമായ കഥാപാത്രം. അസീസ് കൈകാര്യം ചെയ്ത മുരളി എന്ന കഥാപാത്രം മാനസിക സംഘര്‍ഷങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ഇടയില്‍ വീര്‍പ്പുമുട്ടുന്നത് ഓരോ സീനിലും അങ്ങേയറ്റം പെര്‍ഫെക്ഷനോടെ അവതരിപ്പിച്ചു. കരയോഗം പ്രസിഡന്റാണ് കഥ കൊണ്ടുപോകുന്നത്. ബൈജുവിന്റെ നല്ല വേഷപ്പകര്‍ച്ച.

അനശ്വര രാജന്‍ കഥാപാത്രത്തോട് അങ്ങേയറ്റം നീതിപുലര്‍ത്തി. സിനിമയില്‍ പേരെടുത്തു പറയേണ്ട നിരവധി കഥാപാത്രങ്ങള്‍ ഇതുപോലുണ്ട്. ഒറ്റ വരിയില്‍ പറഞ്ഞാല്‍ ഡെഡിക്കേറ്റഡ് അല്ലാത്ത ഒരാളും ഈ സിനിമയില്‍ ഇല്ല എന്ന് ഉറപ്പിച്ചു പറയാം. മല്ലികാ സുകുമാരന്‍ മുതല്‍ സിജു സണ്ണി വരെ എല്ലാവരും സ്വാഭാവികമായി കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. പൊന്മുടിയില്‍ പോകാന്‍ നിന്ന ഒരു പാവത്തിനെ പെയിന്റ് പണിക്ക് കൊണ്ട് വരുന്നുണ്ട്,പേരറിയില്ല അയാളുടെ പ്രകടനം സിനിമ കണ്ട ആരും മറക്കില്ല. അധികം വലിയ താരമുഖങ്ങള്‍ ഈ സിനിമയില്‍ ഇല്ല എന്നത് കൊണ്ട് മലയാളി കാണാതെ പോകരുത് ഈ സോഷ്യല്‍ സറ്റയര്‍. ''ജയ ജയ ഹേ''എന്ന സൂപ്പര്‍ ഹിറ്റ് സമ്മാനിച്ച വിപിന്‍ ദാസാണ് നിര്‍മ്മാണം.എസ് വിപിന്‍ എന്ന നവാഗത സംവിധായകന്റെ നല്ല തുടക്കം. കൂടുതല്‍ എഴുതുന്നില്ല, കാണാന്‍ കൊള്ളാവുന്ന, ആസ്വദിച്ചു ചിരിക്കാന്‍ കഴിയുന്ന, വിപിന്‍ദാസും അയാളുടെ പിള്ളേരും ഒരുക്കിയ ഒരു തനിനാടന്‍പടം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW