-->
മലപ്പുറം: നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യറൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 462 വോട്ടുകള്‍ക്ക് ലീഡ് നേടുകയാണ് ആര്യാടന്‍ ഷൗക്കത്ത്. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് മെഷീനില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജിനെക്കാള്‍ ലീഡ് ഉയര്‍ത്തുകയാണ് ആര്യാടന്‍ ഷൗക്കത്ത്. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ ആര്യാടന്‍ ഷൗക്കത്ത് മുന്നിലായിരുന്നു.
ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന വോട്ടെണ്ണലില്‍ 1403 പോസ്റ്റല്‍ വോട്ടുകളാണ് എണ്ണാനുള്ളത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. ആകെ പത്ത് സ്ഥാനാര്‍ത്ഥികളാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് നാല് ടേബിളുകളും ഇ.ടി.പി.ബി.എസ്. പ്രീ കൗണ്ടിങ്ങിനായി ഒരു ടേബിളും ക്രമീകരിച്ചിട്ടുണ്ട്. 263 പോളിങ് ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായി എണ്ണും. 14 വീതം ബൂത്തുകളിലെ വോട്ടുകളാണ് ഓരോ റൗണ്ടിലും എണ്ണുക.