-->
ബോളിവുഡിലെ പ്രശസ്തനായ നടനാണ് രൺദീപ് ഹൂഡ. മണിപ്പൂരി സ്വദേശിയായ ലിൻ ലൈഷ്റമാണ് ഇദ്ദേഹത്തിന്റെ ജീവിത പങ്കാളി. 2023 ൽ മണിപ്പൂരി ആചാരങ്ങളിലൂടെയാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ മണിപ്പൂരിലെ വിവാഹത്തിലെ വ്യത്യസ്തമായ ആചാരങ്ങളെക്കുറിച്ച് പറയുകയാണ് നടൻ. മണിപ്പൂരിൽ പ്രശ്നങ്ങള്‍ നടന്നുകൊണ്ടിരുന്ന (മണിപ്പൂര്‍ കലാപം) സമയത്തായിരുന്നു വിവാഹം നടന്നതെന്ന് രണ്‍ദീപ് ഹൂഡ പറഞ്ഞു.
വധുവിന്‍റെ വീട്ടില്‍ വെച്ച് തന്നെ വിവാഹച്ചടങ്ങുകള്‍ നടക്കണമെന്നായിരുന്നു തൻ്റെ നിർബന്ധം. അസം റൈഫിൾസിൽ ബ്രിഗേഡിയറായിരുന്ന ഒരു സുഹൃത്താണ് അതിന് സഹായിച്ചതെന്നും നടന്‍ പറയുന്നു. വിവാഹച്ചടങ്ങിനിടെ മൂത്രമൊഴിക്കാൻ ഒരു പാത്രവും ഒപ്പം ഒരു കുടയും നൽകിയെന്നും മിഡ് ഡേക്ക് നൽകിയ അഭിമുഖത്തിൽ രൺദീപ് പറഞ്ഞു. മണിപ്പൂരി ആചാരങ്ങളെക്കുറിച്ച് യാതൊരു അറിവും ഇല്ലാതായെയാണ് അങ്ങോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞാനവനെ വിളിച്ചപ്പോൾ വരൂ, ഞാൻ നിങ്ങളെ വിവാഹം കഴിപ്പിക്കാം എന്നാണ് സുഹൃത്ത് പറഞ്ഞത്. അങ്ങനെ 10-12 പേർ ഞങ്ങൾ അങ്ങോട്ട് പോയി. അതുവരെ ഞങ്ങൾ അവിടെ പോയിരുന്നില്ല. അവരുടെ ചടങ്ങുകളെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. വിവാഹച്ചടങ്ങുകളെക്കുറിച്ച് ചില വീഡിയോകൾ പ്രതിശ്രുതവധുവായിരുന്ന ലിൻ മുൻപ് കാണിച്ചിരുന്നെങ്കിലും സവർക്കർ എന്ന ചിത്രത്തിന്റെ എഡിറ്റിങ് നടക്കുന്നതിനാൽ അവയൊന്നും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. വധൂഗൃഹത്തിലെത്തിയപ്പോൾ ശുദ്ധമായ സസ്യാഹാരം കഴിച്ചു, വിവാഹത്തിന് മുമ്പ് അവരുടെ എല്ലാ ദൈവങ്ങളെയും തൊഴുതു. ഞാൻ വിവാഹത്തിനാണോ അതോ ഒരു പുണ്യ തീർത്ഥാടനത്തിനാണോ കൊണ്ടുവന്നതെന്ന് സുഹൃത്തുക്കൾ തമാശയായി ചോദിച്ചു.
എൻ്റെ കൂടെ ഒരു സഹായിയുണ്ടായിരുന്നു, ഒരു ട്യൂട്ടറെപ്പോലെ. വരൻ തലയിൽ കിരീടം വെച്ചുകഴിഞ്ഞാൽ പിന്നെ തല ചരിക്കാൻ പാടില്ല. ചടങ്ങിലേക്ക് പോകുമ്പോൾ അവർ ഒരു പാത്രവും കുടയും തരും. എന്നിട്ട് എല്ലാവരും വന്ന് നോക്കുന്ന ഒരിടത്ത് കൊണ്ടുപോയി ഇരുത്തും, അവിടെ വളരെ മാന്യമായി ഇരിക്കണം. ആ പാത്രം എന്തിനാണെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവൻ കാര്യങ്ങള്‍ പറഞ്ഞു. വരനെ ദെെവത്തെ പോലെയാണ് അവര്‍ കാണുന്നത്. വരന്‍ അവിടെ നിന്നാല്‍ മാറാനെ പാടില്ല. അയാള്‍ക്ക് മൂത്രമൊഴിക്കാൻ തോന്നിയാൽ കുട നിവർത്തി മറയാക്കി, ആ പാത്രത്തിലേക്ക് അവിടെ വെച്ചുതന്നെ ഒഴിക്കാം എന്നാണ് സൂചിപ്പിക്കുന്നത് എന്നായിരുന്നു ഈ ട്യൂട്ടറുടെ മറുപടി,' രണ്‍ദീപ് ഹൂഡ പറഞ്ഞു. ഹരിയാണ്‍വി സംസ്കാരം പരുക്കനാണ്, എന്നാൽ അവരത് വളരെ ചിട്ടയായും മനോഹരമായുമാണ് പാലിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.