-->
തിരുവനന്തപുരം : ബി ജെ പി പ്രവര്‍ത്തകരെ അക്രമിക്കുന്ന പരിപാടി അവസാനിപ്പിച്ചില്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നേതാക്കളും വലിയ വില നല്‍കേണ്ടി വരുംമെന്ന് ബിജെപി അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ . ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായ പ്രതിഷേധം എന്നത് ജനാധിപത്യപരമായ പ്രതികരണ മാര്‍ഗ്ഗമാണ്. എന്നാല്‍ പ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെ കാണുന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കീഴ്വഴക്കം. തുടര്‍ച്ചയായി പത്ത് വര്‍ഷം ലഭിച്ച ഭരണം ഒരു പാര്‍ട്ടിയെ ആകമാനം ജനാധിപത്യ വിരുദ്ധരാക്കി തീര്‍ത്തതിന്റെ കാഴ്ചകളാണ് രണ്ടു ദിവസമായി കേരളത്തില്‍ കാണുന്നതെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു
ദേശവിരുദ്ധത തുറന്നു കാട്ടിയതാണ് സിപിഎമ്മിന്റെ ആക്രമണങ്ങള്‍ക്ക് കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. യഥാര്‍ത്ഥ ദേശഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നത്. സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയതാണ് അവര്‍ അക്രമങ്ങളിലേക്ക് തിരിയാന്‍ കാരണം. രണ്ട് മുന്നണികളുടെയും പ്രീണന രാഷ്ട്രീയം കേരള ജനതയക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ നിലമ്പൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബിജെപിക്ക് കഴിഞ്ഞതും തെരുവില്‍ അക്രമങ്ങള്‍ ആരംഭിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നുണ്ടെന്നു വ്യക്തം.
ഗവര്‍ണര്‍ക്ക് നേരെ ഡിവൈഎഫ്‌ഐക്കും എസ്എഫ്‌ഐക്കും പ്രതിഷേധം ആകാം, എന്നാല്‍ സംസ്ഥാനത്തിലെ മന്ത്രിക്ക് നേരെ പ്രതിഷേധം പാടില്ല എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്വേച്ഛാധിപത്യ രീതിയെയാണ് തുറന്നു കാട്ടുന്നത്. ജനാധിപത്യത്തെ നോക്കുകുത്തിയാക്കി അക്രമരാഷ്ട്രീയം അഴിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെങ്കില്‍ ബിജെപിയും ജനങ്ങളും അത് അംഗീകരിക്കില്ല.പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ചാല്‍ ഗുണ്ടകളെ ഉപയോഗിച്ച് കായികമായി നേരിടുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം കാണുന്നത്.
പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ തീരുമാനം എങ്കില്‍, അതിന് പോലീസ് നോക്കുകുത്തിയായി നിന്ന് സഹായിക്കാനാണ് തീരുമാനമെങ്കില്‍, തെരുവിലേക്ക് ഇറങ്ങാന്‍ തന്നെ ബിജെപി ഉള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ക്കും തീരുമാനിക്കേണ്ടി വരും. ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന നയം പിണറായി വിജയന്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.