-->
ഒരു കാലത്ത് ബോളിവുഡിന്റെ താരറാണിയായിരുന്നു കജോള്‍. നടൻ അജയ് ദേവ്ഗണ്ണുമായുള്ള വിവാഹശേഷം കജോള്‍ നൈസ, യുഗ് എന്നീ മക്കളുടെ ലോകത്തിലേക്കും കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്നു. എങ്കിലും ലൈം ലൈറ്റിൽ എന്നും തിളങ്ങി നിന്നിട്ടുണ്ട് കജോള്‍. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും ചിത്രങ്ങളും അതിലൂടെ പങ്കിടാറുമുണ്ട്.
നീണ്ട ഇടവേളയ്ക്ക് ശേഷം കജോളിന്റേതായി എത്തിയ സിനിമകളും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. എത്രയൊക്കെ താരസുന്ദരിമാര്‍ വന്നുപോയിട്ടുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറവും കജോളിനുള്ള ആരാധകവൃന്ദത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. ഇന്നും താരത്തിന്റെ സിനിമകള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ സിനിമ ‘മാ’ യ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍.
റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് കജോളിപ്പോള്‍. ‘മാ’യ്ക്ക് വേണ്ടി അധികവും സാരിയഴകിലാണ് താരം അടുത്തിടെയായി പ്രത്യക്ഷപ്പെടുന്നത്.
ഇപ്പോഴിതാ കടും പച്ച സാരിയിൽ അതിസുന്ദരിയായ ചിത്രങ്ങൾ പങ്കിടുകയാണ് കജോൾ. ബീഡ്സ് വര്‍ക്കുള്ള ഡീപ്പ് നെക്ലൈന്‍ ഫുള്‍ സ്ലീവ് ബ്ലൗസാണ് സാരിയ്ക്കൊപ്പം താരം ധരിച്ചത്. ഒപ്പം പോണിടെയ്ല്‍ ഹെയര്‍സ്റ്റൈലും ഇയര്‍ കഫുമണിഞ്ഞ് ഷാര്‍പ്പ് എലഗന്റ് ലുക്കില്‍ തിളങ്ങുകയാണ് താരം. ‘‘അടിക്കുറിപ്പ് നിങ്ങളുടെ ശ്രദ്ധ തിരിക്കാതിരിക്കട്ടെ...’’ എന്ന ആകര്‍ഷകമായ ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്. കാലം മായ്ക്കാത്ത സൗന്ദര്യമാണ് ഈ ബോളിവുഡ് ദിവയ്ക്കുള്ളതെന്ന് വീണ്ടും തെളിയിക്കുകയാണ് കജോള്‍.
‘മാ’ എന്ന കജോളിന്റെ പുതിയ ചിത്രം കഴിഞ്ഞ വര്‍ഷം ബോളിവുഡിലെ അപ്രതീക്ഷിത ഹിറ്റായ ‘ശൈതാൻ’ എന്ന ചിത്രത്തിന്റെ യൂണിവേഴ്സിലാണ് എന്ന് നേരത്തെ വ്യക്തമായതാണ്. ‘ശൈതാനി’ല്‍ അജയ് ദേവ്ഗണ്‍ ആർ. മാധവന്‍ ജ്യോതിക എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയിരുന്നത്.
‘മാ’ ഒരു മിത്തോളജിക്കല്‍ ഹൊറർ ചിത്രമാണ്. കജോളിന്റെ കരിയറിലെ ഒരു പ്രധാന വഴിത്തിരിവായിരിക്കും ഈ ചിത്രം എന്നാണ് വിലയിരുത്തപ്പെടുന്നത്. വിശാല്‍ ഫ്യൂരിയ സംവിധാനം ചെയ്യുന്ന ‘മാ’ ജൂണ്‍ 27 നാണ് റിലീസ് ചെയ്യുന്നത്. ഒരു പൈശാചിക ശാപത്തില്‍ നിന്ന് മകളെ സംരക്ഷിക്കാൻ തന്റെ ആന്തരിക ശക്തി പുറത്തുവിടേണ്ടിവരുന്ന ഒരു അമ്മയെയാണ് ഈ ചിത്രം പിന്തുടരുന്നത്. ‘മാ’യിലെ കഥാപാത്രം കാജോളിന്റെ ഹൊറർ വിഭാഗത്തിലേക്കുള്ള താരത്തിന്റെ ആദ്യ ചുവടുവയ്പ്പ് കൂടിയാണ്.