-->
മിമിക്രി വേദികളിലൂടെയും മിനിസ്ക്രീനിലൂടെയും നര്‍മ്മരസം കലര്‍ന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് സാജു നവോദയ. സാജു നവോദയ എന്ന പേരിനേക്കാള്‍ ‘പാഷാണം ഷാജി’ എന്ന പേരിലാണ് താരത്തെ കൂടുതല്‍ പ്രേക്ഷകരും തിരിച്ചറിയുന്നത്. ഈ പേര് പറയുമ്പോള്‍ അറിയാത്തവര്‍ ചുരുക്കമാണ്.
മിനി സ്ക്രീനിലെ കോമഡി പരിപാടിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സാജുവിന് നര്‍മ്മരസം കലര്‍ന്ന ഒരുപാട് കഥാപാത്രങ്ങള്‍ ബിഗ് സ്ക്രീനില്‍ കിട്ടുന്നുണ്ട്. വെള്ളിത്തിരയിലേക്ക് എത്തിയപ്പോള്‍ സാജുവിന്റെ ജനപ്രീതിക്കും ആരാധകര്‍ക്കും എണ്ണം കൂടിയതല്ലാതെ ഒട്ടും കുറവ് വന്നിട്ടില്ല. സാജുവിന്റെ ജനപ്രീതിക്ക് ഒരു കോട്ടവും വന്നിട്ടില്ല.
അടുത്തിടെ ചെയ്ത തമിഴ് ചിത്രത്തിലെ വേഷം താരത്തിന്റെ കരിയർ തന്നെ മാറ്റിമറിക്കുന്ന തരത്തില്‍ പ്രശംസ നേടിയിരുന്നു. ബ്ലൂ സ്‌റ്റാർ എന്ന സ്‌പോർട്‌സ് ഡ്രാമയിലൂടെയാണ് സാജു തമിഴിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായ ബുള്ളറ്റ് ബാബു സാജുവിന് വലിയ തോതില്‍ പ്രേക്ഷകപ്രശംസ നേടിക്കൊടുത്തിരുന്നു.
ഇപ്പോഴിതാ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ മലയാള സിനിമയില്‍ നിന്ന് അര്‍ഹിച്ച പരിഗണന കിട്ടിയിട്ടില്ലെന്ന് പറയുകയാണ് സാജു നവോദയ. തമിഴില്‍ നിന്നും ലഭിച്ച പരിഗണന മലയാളത്തില്‍ നിന്ന് കിട്ടിയില്ലെന്നാണ് സാജു പറയുന്നത്.
‘‘ബ്ലൂ സ്‌റ്റാറിലൂടെ ആദ്യമായിട്ടാണ് എന്റെ പടത്തില്‍ ഇങ്ങനെയൊരു ഇൻട്രോ എനിക്ക് കിട്ടുന്നത്. ഭയങ്കര ബില്‍ഡ് അപ്പൊക്കെ ചെയ്‌തിട്ടാണ് എനിക്ക് ഇൻട്രോ തന്നത്. ഒരു ഗ്രൗണ്ടില്‍ ആയിരുന്നു ഷൂട്ട് നടന്നു കൊണ്ടിരുന്നത്. അവിടെ ശന്തനു, അശോക് സെല്‍വൻ എന്നിങ്ങനെ മൂന്ന് നാല് പേരുണ്ടായിരുന്നു. എന്റെ ഷൂട്ട് കഴിഞ്ഞാല്‍ എന്നെ കാരവനിലേക്ക് കൊണ്ട് പോവുകയായിരുന്നു ചെയ്യാറുള്ളത്. പക്ഷേ ഇവർ ഷൂട്ട് കഴിഞ്ഞാല്‍ ആ വെയിലത്ത് ഗ്രൗണ്ടില്‍ കസേരയിട്ട് ഇരിക്കും, അടുത്ത സീനിനെ കുറിച്ച് ഡിസ്‌കസ് ചെയ്യും.
അതാണ് അവരുടെ ഡെഡിക്കേഷൻ, മലയാളത്തില്‍ നമ്മള്‍ ചെയ്യാറുള്ളത് അടുത്ത സീൻ ആവുമ്പോള്‍ അസിസ്‌റ്റന്റ് ഡയറക്‌ടർ പോയി വിളിക്കുന്നതാണ്. ഇത് അവർ അവിടെ തന്നെ ഇരിക്കുകയാണ് ഞാൻ നോക്കുമ്പോള്‍. ആദ്യമായി അവിടെ അഭിനയിക്കുന്നതില്‍ ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ടെൻഷൻ ഒക്കെ അടിച്ചാല്‍ അഭിനയം കുളമാകും. സഹായത്തിന് സംവിധായകനും ക്രൂവും ഒക്കെ കൂടെ തന്നെയുണ്ടായിരുന്നു.
തമിഴ് ഡയലോഗ് കറക്റ്റ് വന്നില്ലെങ്കിലും കുഴപ്പമില്ലെന്നാണ് എന്നോട് പറഞ്ഞത്. പക്ഷേ നമ്മള്‍ ഈ പലിശക്കാരോട് പണം കടമെടുത്ത് ശീലമുള്ളത് കൊണ്ട് അത്യാവശ്യം തമിഴ് ഒക്കെ അറിയാമായിരുന്നു. പക്ഷേ നമ്മള്‍ സംസാരിക്കുന്ന തമിഴ് അല്ലാലോ അതില്‍ വരുന്നത്. ഞാൻ അവിടെ തിയറ്റർ പ്രമോഷന് ഒക്കെ പോയിട്ടുണ്ട്. എനിക്ക് ഭയങ്കര കൈയടിയും പിന്നെ ബഹളവും ഒക്കെയായിരുന്നു അവിടെ നിന്ന് ലഭിച്ചത്. അതൊക്കെ വലിയ സന്തോഷം.
അഭിനന്ദന വാക്കുകള്‍ ഒക്കെ മലയാളത്തില്‍ നിന്നും കിട്ടാറുണ്ട്. പക്ഷേ, ഇതുപോലെ ഒരു എൻട്രി മ്യൂസിക്കും മറ്റുമുള്ള സീനൊന്നും ഇവിടെ കിട്ടിയിരുന്നില്ല. നായകനെക്കാളും പ്രാധാന്യം എനിക്ക് തമിഴിൽ കിട്ടി. അത്തരം പരിഗണനകള്‍ മലയാളത്തില്‍ കിട്ടിയിരുന്നില്ല. നമ്മുടെ പ്രകടനം കാണുമ്പോള്‍ മുതിർന്ന നടൻമാർ ഒക്കെ വിളിക്കാറുണ്ട്. ലാലേട്ടൻ ഒക്കെ സ്‌കിറ്റ് കണ്ടിട്ടൊക്കെ വിളിക്കുകയും ഒരുപാട് നേരം സംസാരിക്കുകയും ഒക്കെ ചെയ്‌തിരുന്നു.
പുള്ളി മേക്കപ്പ് റൂമിലൊക്കെ ഇരുന്ന് കൊണ്ട് ഇതൊക്കെ കാണാറുണ്ടെന്ന് കേട്ടിട്ടുണ്ട്. മമ്മൂക്കയും സ്‌കിറ്റിനെ കുറിച്ചൊക്കെയാണ് ചോദിക്കാറുള്ളത്. പൊതുവെ അവരൊക്കെ സ്‌കിറ്റ് തന്നെയാണ് ശ്രദ്ധിക്കാറുള്ളത്. ഇവരുടെ ഒക്കെ മുൻപില്‍ അവാർഡ് നൈറ്റ് ഒക്കെ വരുമ്പോള്‍ സ്‌കിറ്റ് കളിക്കാറുണ്ടല്ലോ. ലാലേട്ടനും മമ്മൂക്കയ്ക്കും ഒക്കെ എല്ലാ ആർട്ടിസ്‌റ്റുകളെയും അറിയാം. കോമഡി പരിപാടിയാണ് ഏറ്റവും കൂടുതല്‍ കാണുന്നതെന്ന് തോന്നുന്നു...’’ സാജു നവോദയ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാജു മനസ്സ് തുറന്നത്.