Saturday, March 14, 2026 Last Updated 12 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jun 2025 01.41 PM

ഭാരതാംബ വിഷയത്തിലെ തര്‍ക്കം ; വിദ്യാഭ്യാസമന്ത്രിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഗവര്‍ണര്‍

uploads/news/2025/06/787243/arlekar-bharathamba.jpg

തിരുവനന്തപുരം: ഭാരതാംബ വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഗവര്‍ണര്‍. കഴിഞ്ഞദിവസം രാജ്ഭവനിലെ സെന്‍ട്രല്‍ഹാളില്‍ നടത്തിയ പരിപാടിയില്‍ വിദ്യാഭ്യാസമന്ത്രി തന്നോട് മര്യാദകേട്ട് കാണിച്ചു എന്ന കാര്യത്തിലാണ് പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നത്. നേരത്തേ മന്ത്രി പ്രോട്ടോകോള്‍ ലംഘിച്ചെന്ന് ആരോപിച്ച് പ്രസ്താവന ഇറക്കിയ രാജ്ഭവന്‍ മന്ത്രി ഗവര്‍ണറോട് കാട്ടേണ്ട മര്യാദപോലും കാണിച്ചില്ലെന്ന് മുഖ്യമന്ത്രിയെ അറിയിക്കാനൊരുങ്ങുകയാണ്.

സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് പരിപാടിക്കിടെ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് പരിപാടി ബഹിഷ്‌ക്കരിച്ച ശിവന്‍കുട്ടി പരിപാടിയുടെ പകുതിക്ക് വെച്ച് പോയപ്പോള്‍ തന്നെ വിവരം അറിയിച്ചില്ല എന്നാണ് പ്രധാനമായും ഉയര്‍ത്തിയിട്ടുള്ള ആക്ഷേപം. പരിപാടിയില്‍ പ്രതിഷേധിക്കാന്‍ മന്ത്രിക്ക് അവകാശമുണ്ടെങ്കിലും വോക്കൗട്ട് നടത്തി പുറത്ത് പോകുമ്പോള്‍ ഗവര്‍ണറോട് പറയുകയോ പോകുന്നതായി ആംഗ്യമെങ്കിലും കാണിക്കാനുള്ള മര്യാദ കാട്ടിയില്ലെന്ന കാര്യം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാനാണ് ഗവര്‍ണര്‍ ഉദ്ദേശിക്കുന്നത്.

അതേസമയം ഗവര്‍ണറുടേയും രാജ്ഭവന്റെയും ചുമതലയടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള വിദ്യാഭ്യാസമന്ത്രിയുടെ തീരുമാനത്തെ രാജ്ഭവന്‍ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം പൂര്‍ണ്ണമായും തങ്ങള്‍ അംഗീകരിക്കുന്നെന്നും സ്വാഗതം ചെയ്യുമെന്നും ഓരോരുത്തരുടേയും ചുമതല പഠിച്ചുകുട്ടികള്‍ വളരുന്നത് നല്ലതാണെന്നുമാണ് രാജ്ഭവന്‍ എടുത്തിരിക്കുന്ന നിലപാട്. നേരത്തേ പരിപാടിയുടെ അദ്ധ്യക്ഷനായ വിദ്യാഭ്യാസമന്ത്രി താമസിച്ചു വരികയും ദേശീയഗാനത്തിന് മുമ്പ് ഇറങ്ങിപ്പോകുകയും ചെയ്‌തെന്നും ഇത് പ്രോട്ടോകോള്‍ ലംഘനമാണെന്നും രാജ്ഭവന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഗവര്‍ണറാണ് പരിപാടിയില്‍ പ്രോട്ടോകോള്‍ ലംഘിച്ചതെന്നും ആര്‍എസ്എസിന്റെ ഭാരതാംബയുടെ ചിത്രം വെച്ച് അതിന് മുന്നില്‍ വിളക്ക് കൊളുത്തുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്ത് ഗവര്‍ണര്‍ നടത്തിയത് ഭരണഘടനാലംഘനമായിരുന്നെന്നും ഇതില്‍ പ്രതിഷേധിച്ചാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കാതെ പോയതെന്നുമാണ് വിദ്യാഭ്യാസമന്ത്രി ഇക്കാര്യത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. സംഭവത്തില്‍ ഗവര്‍ണര്‍ക്കെതിരേ ഇടതു യുവജന സംഘടനകളും മന്ത്രിക്കെതിരേ യുവമോര്‍ച്ച പ്രവര്‍ത്തകരും കരിങ്കൊടി കാട്ടിയുള്ള പ്രതിഷേധം നടത്തുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW