-->
കൊച്ചി: ഹിജാബ് വിവാദത്തിന് പിന്നാലെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ വിടാനുള്ള വിദ്യാര്‍ത്ഥിനിയുടെ തീരുമാനത്തില്‍ സ്‌കൂളിനെതിരേ ആഞ്ഞടിച്ച് വിദ്യാഭ്യാസമന്ത്രി. കുട്ടി സ്‌കൂള്‍ വിടാന്‍ എടുത്തിരിക്കുന്ന തീരുമാനം ഉണ്ടായാല്‍ കാരണക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും പറഞ്ഞു. സ്‌കൂളുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് വിദ്യാഭ്യാസവകുപ്പ്.
കുട്ടിക്ക് സ്‌കൂളില്‍ പഠിക്കാന്‍ അവകാശമുണ്ടെന്നും കുട്ടിക്ക് സംരക്ഷണം നല്‍കുമെന്നും പറഞ്ഞു. പിടിഎ പ്രസിഡന്റിന്റെ ഭാഷ ധിക്കാരത്തിന്റേതാണെന്നും പറഞ്ഞു. സ്‌കൂളുമായി വിഷയം ഉണ്ടായപ്പോള്‍ ഡപ്യൂട്ടി ഡയറക്ടര്‍ അന്വേഷണം നടത്തി കുറവുകള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പരിഹാരം കാണാന്‍ നിര്‍ദേശം നല്‍കി. യൂണിഫോമിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും പറഞ്ഞു. സ്‌കൂള്‍ മാനേജുമെന്റും പ്രിന്‍സിപ്പാലും ആലോചിച്ച് യൂണിഫോമിന്റെ അതേ നിറമുള്ള തട്ടമിട്ടുവരാന്‍ തീരുമാനം എടുക്കാമായിരുന്നു. വിദ്യാര്‍ത്ഥിയുമായി സംസാരിച്ച് തീര്‍ക്കേണ്ട പ്രശ്‌നം വഷളാക്കി. കുട്ടിയോട് തട്ടമിട്ടുവരാന്‍ പാടില്ലെന്ന് പറയുന്നത് ശിരോവസ്ത്രം ധരിച്ചു നില്‍ക്കുന്ന ടീച്ചറാണ് എന്നത് വിരോധാഭാസമാണെന്നും പറഞ്ഞു.
സ്‌കൂള്‍ മാനേജ്മെന്റ് വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. പ്രശ്നപരിഹാരമല്ല സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് സ്‌കൂള്‍ മാനേജ്മെന്റിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ മാറ്റുമെന്ന് പിതാവ് അറിയിച്ചതായിട്ടാണ് പുറത്തുവനുന്ന വിവരം. സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നുമാണ് പിതാവ് അറിയിച്ചത്. ഹിജാബുമായി ബന്ധപ്പെട്ട വിവാദം കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും സെന്റ് റീത്താസ് സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നുമാണ് പിതാവ് അറിയിച്ചത്. കുട്ടി പുതിയ സ്‌കൂളില്‍ പഠനം തുടരും.
കുട്ടി മാനേജ്‌മെന്റ് നിര്‍ദേശിക്കുന്ന യൂണിഫോം ധരിച്ചെത്താമെന്ന് പിതാവ് ഹൈബി ഈഡന്‍ എംപിയുമായുള്ള സമയവായ ചര്‍ച്ചയ്ക്ക് പിന്നാലെ അറിയിച്ചിരുന്നെങ്കിലും വിദ്യാര്‍ത്ഥിനിക്ക് ശിരോവസ്ത്രം ധരിച്ച് തുടര്‍പഠനത്തിന് സ്‌കൂള്‍ അനുമതി നല്‍കണമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് നിലപാടിനെതിരെ സ്‌കൂള്‍ അധികൃതര്‍ അതൃപ്തി പരസ്യപ്പെടുത്തിയിരുന്നു. വിഷയത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയിട്ടില്ല എന്നുള്ള വിശദീകരണമാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് നല്‍കിയത്.