-->
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി രാജ്ഭവനില്‍ നടന്ന പൊതുപരിപാടി ബഹിഷ്‌ക്കരിച്ചതിന് പിന്നാലെ ഉടലെടുത്തിരിക്കുന്ന രാജ്ഭവനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഭാരതാംബ വിവാദത്തില്‍ സിപിഎമ്മിന് പിന്നാലെ ബിജെപിയും ഏറ്റുപിടിക്കുന്നു. സംസ്ഥാന മന്ത്രിമാര്‍ ഒന്നടങം ആര്‍എസ്എസ് കൊടിയേന്തിയ ഭാരതാംബയെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ ചിത്രത്തിന് പൊതുവേദിയില്‍ പുഷ്പാര്‍ച്ചനയുമായി ബിജെപി എത്തുന്നു. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനും പങ്കെടുക്കുന്ന പരിപാടിയുടെ പ്രചരണം ബിജെപി തുടങ്ങിയിട്ടുണ്ട് സാമൂഹ്യമാധ്യമങ്ങളിലും സെക്രട്ടേറിയേറ്റിന് മുന്നിലും പരസ്യം പ്രത്യക്ഷപ്പെട്ടു.
അതേസമയം പ്രതിഷേധ പരിപാടിയുടെ പോസ്റ്ററുകളും വിവാദത്തിലായിരിക്കുകയാണ്. ഇന്ന് രാവിലെ ബിജെപി സംസ്ഥാനഘടകത്തിന്റെ സാമൂഹ്യമാധ്യമ പേജില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തില്‍ ആര്‍എസ്എസിന്റെ കാവിക്കൊടി മാറ്റി പകരം ദേശീയപതാക പിടിച്ച നിലയിലുള്ള ചിത്രമാണ് നല്‍കിയിട്ടുള്ളത്. കാവിക്കൊടി ചിത്രത്തില്‍ നിന്നും മാറ്റുകയും ചെയ്തിട്ടുണ്ട്. 'അഭിമാനമാണ് ഭാരതാംബ. ഒറ്റപ്പെടുത്തുക എല്‍ഡിഎഫ് യുഡിഎഫ് രാജ്യവിരുദ്ധ മുന്നണികളെ' എന്ന വാചകത്തിനൊപ്പം ജൂണ്‍ 21 ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ ഭാരതമാതാവിന് പുഷ്പാര്‍ച്ചന എന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ഇതേ പരിപാടിയുടെ സെക്രട്ടേറിയേറ്റിന് മുന്നില്‍ വെച്ചിരിക്കുന്ന ഫ്‌ളക്‌സ്‌ബോര്‍ഡില്‍ ഭാരതാംബയുടെ കയ്യില്‍ ആര്‍എസ്എസിന്റെ കാവിക്കൊടി വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്്
അതേസമയം ഭാരതാംബ വിവാദം സര്‍ക്കാര്‍ നടത്തുന്നത് എന്തൊക്കെയോ മറയ്ക്കാന്‍ വേണ്ടിയാണെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ പ്രതികരണം. രാജ്ഭവന്റെ കാര്യത്തില്‍ ഗവര്‍ണര്‍ക്കും ക്ലിഫ്ഹൗസിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്കും നിയമസഭയുടെ കാര്യത്തില്‍ ജനങ്ങള്‍ക്കും തീരുമാനം എടുക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്റെ പ്രതികരണം. ഏതു കൊടിയായാലും തങ്ങള്‍ സ്വീകരിക്കുമെന്നുമാണ് ബിജെപി നേതാക്കളുടെ പ്രതികരണം.
അതേസമയം ഗവര്‍ണറുടേത് ധിക്കാരവും വെല്ലുവിളിയും ഭരണഘടനാവിരുദ്ധവുമായ പെരുമാറ്റമാണെന്നും അതിന്റെ എല്ലാ സീമകളും ലംഘിക്കുന്ന പ്രവര്‍ത്തനമാണ് നടത്തിയതെന്നും വിദ്യാഭ്യാസമന്ത്രി വിമര്‍ശിച്ചു. ഒരു വനിതയെ വെച്ച് ഭാരതാംബ എന്ന് പറയുകയാണെന്നും പറഞ്ഞു.
കേരളം മതേതരത്വം നിലനിര്‍ത്തുന്ന സംസ്ഥാനമാണെന്നും സംസ്ഥാനസര്‍ക്കാരിന്റെ സംവിധാനമായ സ്‌കൗട്ട് ആന്റ് ഗൈഡ്‌സും മതേതരത്വ സ്വഭാവമുള്ളതാണെന്നും മന്ത്രി പറഞ്ഞു. തനിക്കെതിരേയുള്ള എബിവിപിയുടെ ആക്രമണം രാജ്ഭവന്റെ നിര്‍ദേശപ്രകാരമാണെന്ന് സംശയിക്കുന്നതായും പറഞ്ഞു. തന്റെ കാറിന് മുന്നില്‍ ചാടിയ പ്രവര്‍ത്തകര്‍ തന്റെ കാറിന് മുന്നിലുള്ള ദേശീയപതാക വലിച്ചുകീറിയെന്നും പറഞ്ഞു. എന്‍സിആര്‍ടി തീരുമാനം ഇന്ത്യയുടെ ചരിത്രം കുട്ടികള്‍ പഠിക്കാന്‍ പാടില്ലെന്നാണ്. മഹാത്മാഗാന്ധിയേയും മുഗള്‍ രാജവംശത്തേയും ഗുജറാത്ത് കലാപത്തേക്കുറിച്ചുമൊന്നും പഠിക്കാന്‍ പാടില്ലെന്നാണ് അവരുടെ നിലപാടെന്നും മന്ത്രി വിമര്‍ശിച്ചു.
ഭരണഘടനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ പരിപാടി ബഹിഷ്‌ക്കരിച്ചത്. മന്ത്രിമാരുടെ വീടും രാജ്യഭവനും ഓരോരുത്തര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ കൊണ്ടുവെച്ച് പൂജിക്കാനുള്ള സ്ഥലമല്ല. ഗവര്‍ണറുടെ അധികാരം സംബന്ധിച്ച കാര്യത്തില്‍ കൃത്യമായ നിര്‍ദേശം സുപ്രീംകോടതിയും ൈഹക്കോടതിയും ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പെരുമാറണമെന്നും സംസ്ഥാനം ഭരിക്കാനുള്ളവരല്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്്. മഹാത്മാഗാന്ധിയുടെ പടം വെച്ചാല്‍ മനസ്സിലാക്കാം. പ്രധാനമന്ത്രിയുടെ ചിത്രം വെച്ചാലും മനസ്സിലാക്കാമെന്നും പറഞ്ഞു.