-->
കട്ടപ്പന: ഇടുക്കി ഉപ്പുതറ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി അനധികൃതമായും വ്യാജരേഖയുണ്ടാക്കിയും തട്ടിയെടുത്തതായി വിജിലന്‍സ് കണ്ടെത്തിയവര്‍ക്കെതിരേ നടപടി. ഇവര്‍ക്കെതിരേ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നടപടികള്‍ ഉറപ്പായി. അനര്‍ഹര്‍ ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിയെന്ന 2022 ല്‍ ഉയര്‍ന്ന ആരോപണത്തിലാണ് നടപടി വന്നിരിക്കുന്നത്.
അനര്‍ഹമായി പദ്ധതി തട്ടിയെടുത്തെന്ന് ആദ്യം കണ്ടെത്തി 27 പേര്‍ക്കെതിരേയാണ് ആദ്യം നടപടി വരിക. 2017, 2018,2019 കാലഘട്ടത്തില്‍ അനേകം പേര്‍ പദ്ധതി അനര്‍ഹമായി തട്ടിയെടുത്തെന്നാണ് ആക്ഷേപം. പദ്ധതിയില്‍ വീടുകള്‍ പൂര്‍ത്തിയാക്കിയ അനേകര്‍ ക്രമക്കേട് കണ്ടെത്തിയവരുടെ പട്ടികയിലുണ്ട്. സര്‍ക്കാരിന് നഷ്ടം വന്ന പണം ഇവരില്‍ നിന്നും ഈടാക്കണം എന്ന് നേരത്തേ വിഷയം അന്വേഷിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പഞ്ചായത്ത് അധികൃതരോട് നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫ് ആണ്. മുമ്പ് പദ്ധതി നടപ്പാകുമ്പോള്‍ എല്‍ഡിഎഫ് ആയിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. എല്‍ഡിഎഫും യുഡിഎഫും രാഷ്ട്രീയ അഡ്ജസ്റ്റ്‌മെന്റ് നടത്തിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഏക്കറുകള്‍ ഭൂമിയും വാഹനവുമുളളവര്‍ രണ്ടും മൂന്നും സെന്റ് ഭൂമി മാത്രം കാണിച്ച് വീട് തട്ടിയെടുക്കുകയായിരുന്നു.