-->
തെന്നിന്ത്യന്‍ താരദമ്പതിമാര്‍ക്കിടയില്‍ ഏറെ ആരാധകരുള്ളവരാണ് അജിത്ത് കുമാറും ശാലിനിയും. ബാലതാരമായി സിനിമയിലെത്തി പിന്നീട് ശാലിനി തെന്നിന്ത്യ മുഴുവന്‍ തിളങ്ങി നില്‍ക്കുന്ന നായികയായി. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു അജിത്തും ശാലിനിയുമായുള്ള വിവാഹം.
അമര്‍ക്കളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ശാലിനിയും അജിത്തും തമ്മില്‍ പ്രണയത്തിലായത്. 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഇവരുടെ മധുര ദാമ്പത്യത്തില്‍ രണ്ട് മക്കളുമുണ്ട്. സിനിമാ കരിയറും കാര്‍ റേസിംഗുമൊക്കെയായി തിളങ്ങി നില്‍ക്കുന്ന അജിത്തും ലൈംലൈറ്റില്‍ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയുമാണ് ശാലിനി. സോഷ്യല്‍ മീഡിയയിലൂടെ അജിത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ശാലിനിയാണ് പങ്കിടാറുള്ളത്.
ഇപ്പോഴിതാ അജിത്തിനൊപ്പമുള്ള പുതിയ ചിത്രം പങ്കിടുകയാണ് ശാലിനി. രണ്ടുപേരും മാത്രമായിട്ടുള്ള ഒരു റൊമാന്റിക് ചിത്രമാണ് താരം പങ്കിട്ടത്. ‘‘നമ്മള്‍ മാത്രം.. ആനന്ദം മാത്രം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ശാലിനി ചിത്രം പങ്കിട്ടിരിക്കുന്നത്. മോഡേണ്‍ ഔട്ട്ഫിറ്റില്‍ ശാലിനിയും ബ്ലാക്ക് സ്യൂട്ടില്‍ അജിത്തും ചിത്രങ്ങളില്‍ എവര്‍ഗ്രീന്‍ ക്യൂട്ട് കപ്പിള്‍സായി സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങുന്നത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
‘ലോകത്തിലെ ഏറ്റവും മികച്ച ദമ്പതികൾ, കാലവും സ്ഥലവും മാറിയേക്കാം പക്ഷേ അവർക്കിടയിലുള്ള സ്നേഹം അതേപടി തുടരുന്നു, കോളിവുഡിലെ എക്കാലത്തെയും ഏറ്റവും സുന്ദരരായ പ്രണയ ജോഡികൾ...’ എന്നതടക്കമാണ് ആരാധകരുടെ കമന്റുകള്‍.
പ്രൊഫഷണൽ രംഗത്ത്, അജിത് കുമാറിന്റെ ‘വിദാമുയാർച്ചി’, ‘ഗുഡ് ബാഡ് അഗ്ലി’ എന്നീ രണ്ട് ചിത്രങ്ങൾ 2025 ൽ റിലീസ് ചെയ്ത് മികച്ച അഭിപ്രായം നേടി. ‘ഗുഡ് ബാഡ് അഗ്ലി’ സംവിധായകൻ അധിക് രവിചന്ദ്രനുമായി ചേര്‍ന്ന് അജിത്ത് അടുത്ത ചിത്രം ഉടനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.