-->
വാഴക്കുളം: പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. ഇടുക്കി വാഴത്തോപ്പ് ഷംസുദ്ദീന്റെ മകന്‍ മുഹമ്മദ് ഷെരീഫ് (25) ആണ് ഇന്നലെ രാവിലെ അഭിഭാഷകന്‍ മുഖേന മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി കീഴടങ്ങിയത്.
ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചു. കല്ലൂര്‍ക്കാട് പോലീസ് കോടതിയില്‍ ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കൂട്ടുപ്രതിയായ തൊടുപുഴ വെങ്ങല്ലൂര്‍ പ്ലാവിന്‍ചുവട് മാളിയേക്കല്‍ ആസിഫ് നിസാറിന് വേണ്ടി തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ 14 ന് വൈകിട്ട് നാലരയോടെ കല്ലൂര്‍ക്കാട് പഞ്ചായത്തിലെ വഴിയാഞ്ചിറ ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ കല്ലൂര്‍ക്കാട് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ഇ.എം. മുഹമ്മദിന്റെ പാദത്തില്‍ കൂടി കാര്‍ കയറ്റുകയും ഉദ്യോഗസ്ഥന്‍ വീണ ശേഷം കാലില്‍ കൂടി വാഹനം കയറ്റി ഇറക്കുകയും ചെയ്യക ആയിരുന്നു. ഗുരുതര പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ചൊവ്വാഴ്ച ആശുപത്രി വിട്ടു.
പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ ഉപയോഗിച്ച കാര്‍ വെങ്ങല്ലൂരില്‍ സുഹൃത്തുക്കള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപം ഉപേക്ഷിച്ച ശേഷം പ്രതി മറ്റൊരു കാറില്‍ കടന്നു കളയുകയായിരുന്നു. ഇരു വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സുഹൃത്തുക്കളില്‍ മൂന്ന് പേരെ നേരത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. വധശ്രമവും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നതും അടക്കമുള്ള വകുപ്പുകള്‍ ആണ് പ്രതിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ പിടികൂടാന്‍ മൂവാറ്റുപുഴ ഡിവൈ.എസ്.പി. യുടെ നേതൃത്വത്തില്‍ കോതമംഗലം, കല്ലൂര്‍ക്കാട്, മൂവാറ്റുപുഴ സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു. കാടിളക്കി അന്വേഷണം നടത്തി വരുന്നതിന് ഇടയിലാണ് നാടകീയമായി നാലാം നാള്‍ മുഖ്യ പ്രതി കോടതിയില്‍ നേരിട്ട് എത്തി കീഴടങ്ങിയത്. പ്രതിയെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെ രണ്ടാം പ്രതിയെ കുറിച്ചുളള വിവര ശേഖരണത്തിനും അന്വേഷണ സംഘത്തിന് ആയില്ല. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. കീഴടങ്ങിയ മുഹമ്മദ് ഷരീഫ് കുടുംബവുമായി പിണങ്ങി കഴിയുന്ന തിരുവനന്തപുരത്തെ പിതാവിന്റെ വീട്ടിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത് എന്നാണ് സൂചന.
ഇതിനിടെ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ സ്റ്റിയറിങ് പിടിച്ചു തിരിച്ചത് കൊണ്ടാണ് പാദത്തില്‍ വാഹനം കയറിയത് എന്ന വാദവുമായി പ്രതിഭാഗം രംഗത്തെത്തി. ഉദ്യോഗസ്ഥന്‍ വാഹനത്തിനുള്ളിലേക്ക് കൈ ഇടുന്ന വീഡിയോയും ഇവര്‍ പുറത്തുവിട്ടു. ഗ്രേഡ് എസ്.ഐ. ക്ക് വാഹന പരിശോധനയ്ക്ക് അവകാശമില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വിജു ചക്കാലക്കല്‍ പറഞ്ഞു.