Thursday, March 12, 2026 Last Updated 17 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jun 2025 02.30 PM

ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം തള്ളി; ഒളിയിടത്തില്‍നിന്ന് ഖമനേയിയുടെ താക്കീത് ; 'കീഴടങ്ങില്ല, തൊട്ടാല്‍ അമേരിക്കയെ തട്ടും'

uploads/news/2025/06/786923/khomneni.jpg

ടെഹ്‌റാന്‍/ടെല്‍ അവീവ്: ഇസ്രയേലുമായുള്ള യുദ്ധത്തില്‍, കീഴടങ്ങാനുള്ള യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാന്‍ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയി. വിഷയത്തില്‍ നേരിട്ട് ഇടപെട്ടാല്‍ അപരിഹാര്യനാശമാകും അമേരിക്കയെ കാത്തിരിക്കുന്നതെന്ന് ഖമനേയി മുന്നറിയിപ്പു നല്‍കി. അതേസമയം, സംഘര്‍ഷത്തില്‍ ഇടപെടാനും ഇടപെടാതിരിക്കാനുമുള്ള സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കീഴടങ്ങാനുള്ള നിര്‍ദേശം തള്ളിയ ഖമനേയിക്ക് ട്രംപ് 'നന്മകള്‍' നേര്‍ന്നു.

ഏറ്റുമുട്ടല്‍ ആരംഭിച്ച് ആറാംദിവസവും സംഘര്‍ഷസ്ഥിതിക്ക് അയവില്ല. അതിനിടെയാണ് അമേരിക്കയുടെ നിരുപാധിക കീഴടങ്ങല്‍ നിര്‍ദേശം തള്ളി ആയത്തുള്ള അലി ഖമനേയി രംഗത്തെത്തിയത്. ഇസ്രയേലിന്റെ വധഭീഷണിയേത്തുടര്‍ന്ന് രഹസ്യകേന്ദ്രത്തില്‍ കഴിയുന്ന ഖമനേയി ഔദ്യോഗിക ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യവേ ഒരിക്കലും കീഴടങ്ങില്ലെന്നു വ്യക്തമാക്കി.

ടെലിവിഷന്‍ സംപ്രേഷണത്തിലും ഖമനേയി നേരിട്ട് ക്യാമറയ്ക്കു മുന്നിലെത്തിയില്ല. പകരം, അവതാരകന്‍ അദ്ദേഹത്തിന്റെ സന്ദേശം വായിക്കുകയായിരുന്നു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ പരിഹരിക്കാനാകാത്ത നാശം അമേരിക്കയ്ക്കുണ്ടാകുമെന്നു ഖമനേയി താക്കീത് നല്‍കി. അടിച്ചേല്‍പ്പിക്കുന്ന യുദ്ധവും സമാധാനവും ഇറാന്‍ അംഗീകരിക്കില്ല. അമേരിക്ക ഈ വിഷയത്തില്‍ ഇടപെട്ടാല്‍ അതവര്‍ക്ക് സ്‌ഫോടനാത്മകവും വിനാശകരവുമാകും. അത് അമേരിക്കയ്ക്കും ഈ മേഖലയുടെ രാഷ്ട്രീയം പരിചയമുള്ളവര്‍ക്കും നന്നായറിയാം. ഇറാന് ഉണ്ടാകാവുന്നതിനേക്കാള്‍ അത്യധികം വിനാശകരമായിരിക്കും അമേരിക്കയ്ക്ക് ആ ആഘാതമെന്നും ഖമനേയി മുന്നറിയിപ്പ് നല്‍കി.

ഖമനേയിയുടെ നിലപാട് പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരണവുമായെത്തി. ഇറാനെതിരേ ഇസ്രയേലുമായി കൈകോര്‍ത്തുള്ള ആക്രമണസാധ്യത സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ഞാന്‍ അതിനു മുതിരാനും മുതിരാതിരിക്കാനുമുള്ള സാധ്യതയുണ്ട്' എന്നായിരുന്നു ട്രംപിന്റെ മറുപടി. ഞാന്‍ എന്താണു ചെയ്യേണ്ടതെന്ന് ആര്‍ക്കും നിശ്ചയിക്കാനാകില്ല.

ഇറാന്‍ ആണവശക്തിയാകരുതെന്ന് 20 വര്‍ഷം മുമ്പേ പറഞ്ഞിരുന്നു. ഇസ്രയേല്‍ ആക്രമണം അഴിച്ചുവിടുംമുമ്പ് യു.എസുമായി ആണവവിഷയത്തില്‍ കരാറിലെത്താന്‍ 60 ദിവസത്തെ സമയപരിധി ഇറാന് അനുവദിച്ചിരുന്നു. അവരത് പ്രയോജനപ്പെടുത്തിയില്ല. ഇറാനെതിരായ ഇസ്രയേലിന്റെ നടപടികള്‍ തുടരാന്‍ ബെന്യാമിന്‍ നെതന്യാഹുവിനെ പ്രോത്സാഹിപ്പിച്ചിരുന്നു. എല്ലാദിവസവും അദ്ദേഹവുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്-ട്രംപ് പറഞ്ഞു.

അതേസമയം, യുദ്ധമാരംഭിച്ച് ആറാംദിവസമായ ഇന്നലെയും ഇരുരാജ്യങ്ങളും പരസ്പരം വ്യോമാക്രമണം തുടര്‍ന്നു. ചൊവ്വാഴ്ച രാത്രി ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ ആര്‍ക്കും ജീവഹാനിയുണ്ടായതായി റിപ്പോര്‍ട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇന്നലെവരെ 400 മിസൈലുകള്‍ ഇറാന്‍ തൊടുത്തതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രി അമ്പതിലേറെ ഇസ്രേലി പോര്‍വിമാനങ്ങള്‍ ഇറാനില്‍ ആക്രമണം നടത്തി. ടെഹ്‌റാനു സമീപമുള്ള ഒരു മിസൈല്‍ നിര്‍മാണകേന്ദ്രം, ആണവപദ്ധതിയുമായി ബന്ധപ്പെട്ട സെന്‍ട്രിഫ്യൂജ് സംവിധാനങ്ങള്‍, ഇറാന്‍ സൈന്യവുമായി ബന്ധപ്പെട്ട ഒരു സര്‍വകലാശാല എന്നിവ ആക്രമിക്കപ്പെട്ടു. ഇറാനിലെ രണ്ട് സെന്‍ട്രിഫ്യൂജ് നിര്‍മാണകേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതായി വിവരം ലഭിച്ചെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) സ്ഥിരീകരിച്ചു. ടെഹ്‌റാന്‍ റിസര്‍ച്ച് സെന്ററില്‍, അഡ്വാന്‍സ്ഡ് സെന്‍ട്രിഫ്യൂജ് റോട്ടോറുകള്‍ നിര്‍മിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന കെട്ടിടം തകര്‍ക്കപ്പെട്ടു. സെന്‍ട്രിഫ്യൂജ് ഘടകങ്ങള്‍ നിര്‍മിക്കുന്ന, കറാജിലെ 'ഇറാന്‍ സെന്‍ട്രിഫ്യൂജ് ടെക്‌നോളജി കമ്പനി'യുടെ രണ്ട് കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടതായി ഐ.എ.ഇ.എ. വ്യക്തമാക്കി. ഊര്‍ജവും ആണവായുധവും നിര്‍മിക്കാന്‍ തക്കവണ്ണം യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ഉപകരണമാണ് സെന്‍ട്രിഫ്യൂജ്.

ഹൈപ്പര്‍സോണിക് മിസൈല്‍ തൊടുത്തെന്ന് ഇറാന്‍

ഇറാന്‍ തുടര്‍ച്ചയായി മിസൈലുകളും ഡ്രോണുകളും അയച്ചതിനേത്തുടര്‍ന്ന് ഇസ്രയേലില്‍ ഉടനീളം ചൊവ്വാഴ്ച രാത്രി അപായ സൈറണുകള്‍ മുഴങ്ങി. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിനു നേരേ ഫത്താ-1 ഹൈപ്പര്‍സോണിക് മിസൈല്‍ അയച്ചതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ തങ്ങളുടെ ഒരു ഡ്രോണ്‍ വെടിവച്ചിട്ടതായി ഇസ്രേലി സൈന്യം സ്ഥിരീകരിച്ചു. ഇസ്രയേലിന്റെ അത്യാധുനിക ഹെര്‍മിസ് ഡ്രോണ്‍ ഇന്നലെ രാവിലെ മധ്യ ഇസ്ഫഹാന്‍ മേഖലയില്‍ വെടിവച്ചിട്ടതായി ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറാന്റെ മിസൈല്‍, വിമാന താവളങ്ങള്‍ തകര്‍ക്കപ്പെട്ടു

ഇറാനില്‍ രാജ്യാന്തരമാധ്യമങ്ങള്‍ക്കു പ്രവര്‍ത്തനാനുമതിയില്ലാത്തതിനാല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപഗ്രഹചിത്രങ്ങള്‍ മാത്രമാണ് ആശ്രയം. ഇസ്രേലി ആക്രമണത്തില്‍ ഇറാനിലെ താബ്രിസ് മിസൈല്‍ താവളത്തിനു വന്‍നാശനഷ്ടമുണ്ടായതായി ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഇവിടെ ഒന്‍പത് കെട്ടിടങ്ങളും രണ്ട് തുരങ്കങ്ങളും പൂര്‍ണമായി തകര്‍ന്നു. ടെഹ്‌റാന് 750 കിലോമീറ്റര്‍ കിഴക്ക് മാഷാദ് വിമാനത്താവളവും തകര്‍ക്കപ്പെട്ടതായാണ് ഉപഗ്രഹചിത്രങ്ങള്‍ നല്‍കുന്ന സൂചന. വാലറ്റം മാത്രം ശേഷിച്ച്, കത്തിക്കരിഞ്ഞ ഒരു വിമാനവും ഇവിടെ കാണപ്പെട്ടു. പടിഞ്ഞാറന്‍ ഇറാനിലെ ദെസ്ഫുള്‍ വ്യോമസേനാതാവളത്തില്‍ കാത്തുകിടക്കുന്ന പോര്‍വിമാനങ്ങളും 'ഷഹീദ്' ചാവേര്‍ ഡ്രോണുകള്‍ നിറച്ച ട്രെയിലറുകളും 'മാക്‌സാര്‍' സാറ്റലൈറ്റ് ഇമേജിങ് സ്ഥാപനം പുറത്തുവിട്ട ചിത്രങ്ങളില്‍ കാണാം.

മറ്റ് മാര്‍ഗമില്ലായിരുന്നു; യു.എന്‍. രക്ഷാസമിതിക്ക് ഇസ്രയേലിന്റെ കത്ത്

അതേസമയം, ഇറാനുനേരേ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗിഡിയോന്‍ സാര്‍ ഐക്യരാഷ്ട്രസംഘടനാ (യു.എന്‍) സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറെസിനും യു.എന്‍. രക്ഷാസമിതിക്കും കത്തയച്ചു. കത്തിന്റെ പകര്‍പ്പ് മന്ത്രിതന്നെ 'എക്‌സി'ലൂടെ പുറത്തുവിടുകയും ചെയ്തു. ദശകങ്ങളായി ഇറാനില്‍നിന്നു നേരിടുന്ന ഒളിയുദ്ധത്തിന്റെയും ഇസ്രയേലിനെ ഉന്മൂലനം ചെയ്യുമെന്ന ഭീഷണികളുടെയും സാഹചര്യത്തില്‍ തങ്ങള്‍ക്കു മറ്റ് മാര്‍ഗമില്ലായിരുന്നെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേലിനെ ഉന്മൂലനം ചെയ്യാന്‍ ഇറാന് തന്ത്രപരമായ പദ്ധതിയുണ്ട്. ഇറാനില്‍നിന്നു ഭാവിയിലുണ്ടായേക്കാവുന്ന ആക്രമണം തടയാനുള്ള അവസാന അവസരമെന്ന നിലയിലാണ് ഇപ്പോഴത്തെ പോരാട്ടമെന്നും അദ്ദേഹം വിശദീകരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW