-->
നിഷ്കളങ്കമായ ചിരിയും ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റവും സ്വാഭാവിക അഭിനയവും വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾക്കൊണ്ടും മലയാളിമനസ്സിലിടം നേടിയ അഭിനേതാവാണ് ഇന്ദ്രന്‍സ്. സിനിമയുടെ പിന്നണിയിലെ വസ്ത്രാലങ്കാരത്തിലൂടെയാണ് ഇന്ദ്രൻസ് തന്റെ സിനിമ ജീവിതം ആരംഭിച്ചത്, പിന്നീട് ഹാസ്യ താരമായി അഭിനയിച്ചു തുടങ്ങിയതോടെ താരം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമായ ഇന്ദ്രൻസ് ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇന്നും തിളങ്ങി നില്‍ക്കുന്നു.
മെലിഞ്ഞ ശരീരപ്രകൃതിയും നിറഞ്ഞ ചിരിയും ഇന്ദ്രന്‍സിന്റെ ഐഡന്റിറ്റിയാണ്, അതിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചത് ഒരു മുൻനിര ഹാസ്യ സാമ്രാട്ടിനെയാണ്. ഹാസ്യത്തില്‍ തുടങ്ങിയെങ്കിലും പിന്നീട് സ്വഭാവ നടനായും വെള്ളിത്തിരയില്‍ തന്റെ കഴിവ് തെളിയിക്കാനും കൈയടിയും പുരസ്കാരവും നേടാനും ഇന്ദ്രന്‍സിന് കഴിഞ്ഞു.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോയില്‍, ഇന്ദ്രന്‍സിന്റെ നിഷ്കളങ്കമായ ഒരു മറുപടി ആരാധകരുടെ ഹൃദയം കീഴടക്കുന്നുണ്ട്. ഒരു വേദിയില്‍ വച്ച്, അഭിനയിക്കാൻ ആഗ്രഹിച്ച കഥാപാത്രം ഏതാണെന്ന ആരാധകരുടെ ചോദ്യത്തിന്, ‘ബാഹുബലിയിലെ പ്രഭാസിന്റെ വേഷം’ എന്നായിരുന്നു ഇന്ദ്രന്‍സ് പറഞ്ഞ മറുപടി.
ഇപ്പോഴിതാ ഇന്ദ്രൻസ് തമാശയായി അന്ന് പറഞ്ഞ ആഗ്രഹം ഇന്ന് എഐ ഉപയോഗിച്ച് നിറവേറ്റിയിരിക്കുകയാണ് ‘കനവുകഥ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട്. വീഡിയോയില്‍ ബാഹുബലിയുടെ വേഷത്തില്‍ എത്തുന്ന എഐ ഇന്ദ്രൻസിനെ കാണാം. ‘‘പുറകിന്ന് കുത്തിയ കട്ടപ്പയോട് വിശാലഹൃദയനായ ബാഹുബലി ക്ഷമിക്കുമോ ഇല്ലയോ?...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. എഐ ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
‘പിള്ളാർ എന്നാ എങ്കിലും ആഗ്രഹം പറഞ്ഞാൽ നമ്മളെ കൊണ്ട് പറ്റുവാണേൽ അതങ്ങ് നടത്തികൊടുത്തേക്കണം, ഇത് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ, തുടക്കത്തിലെ സീന്‍ ഫയര്‍...’ എന്നതടക്കമാണ് ആരാധകര്‍ നല്‍കുന്ന കമന്റുകള്‍.
2023 ല്‍ കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവല്‍ വേദിയിലായിരുന്നു, ഇന്ദ്രൻസിനോട് ഏതു കഥാപാത്രത്തെയാണ് വീണ്ടും അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് കാണികള്‍ ചോദിച്ചത്. ബാഹുബലിയിലെ പ്രഭാസിന്റെ കഥാപാത്രം ചെയ്യാനാണ് ആഗ്രഹമെന്നായിരുന്നു ഇന്ദ്രൻസ് നർമ്മം കലർന്ന സ്വരത്തില്‍ യാതൊരു സംശയവുമില്ലാതെ മറുപടി നല്‍കിയത്. ഒപ്പം നിറഞ്ഞ ചിരിയും ചിരിച്ച് താരം. പൊട്ടിച്ചിരിച്ചു കൊണ്ടുള്ള ഇന്ദ്രന്‍സിന്റെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു. ഇന്ദ്രൻസിന്റെ മറുപടികേട്ട് വലിയ കൈയ്യടിയായിരുന്നു സദസ്സില്‍ മുഴങ്ങിയത്. ഈ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.