Saturday, March 14, 2026 Last Updated 5 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jun 2025 07.38 AM

നിലമ്പൂര്‍ ഇന്ന് ബൂത്തിലേക്ക് ; വോട്ടെടുപ്പ് തുടങ്ങി, ആദ്യ ക്യൂവില്‍ തന്നെ സ്വരാജ്

uploads/news/2025/06/786853/mswaraj.jpg

മലപ്പുറം: നിലമ്പൂരില്‍ ഇന്നു ജനം വിധിയെഴുതുന്നു. മോക്ക് പോളിംഗിന് പിന്നാലെ വോട്ടെടുപ്പ് തുടങ്ങി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജും നിലമ്പൂര്‍ ആയിഷയും അടക്കമുള്ളവര്‍ ആദ്യ ക്യൂവില്‍ തന്നെ നിന്ന് വോട്ട് രേഖപ്പെടുത്തി. ഏഴു മണിക്ക് തന്നെ ആദ്യവോട്ട് രേഖപ്പെടുത്തി. 202 ാം നമ്പര്‍ ബൂത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 746 ാമത്തെ ക്രമ നമ്പറിലാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.

പിതാവിനൊപ്പമാണ് സ്വരാജ് വോട്ട് ചെയ്യാനെത്തിയത്. പത്താമതായിട്ടാണ് സ്വരാജ് വോട്ട് ചെയ്തത്. ചുങ്കത്തറയിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 145 ാം ബൂത്തില്‍ ആദ്യവോട്ടറായിട്ടായിരുന്നു നിലമ്പൂര്‍ അയിഷ വോട്ട് രേഖപ്പെടുത്തിയത്. 263 ബൂത്തുകളാണ് വോട്ടെടുപ്പിനായി ഒരുങ്ങിയിരിക്കുന്നത്. രാവിലെ മഴയെ പോലും അവഗണിച്ചാണ് പലരും ബൂത്തില്‍ എത്തിയിരിക്കുന്നത്. ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്.

ഉപതെരഞ്ഞെടുപ്പില്‍ ചുരങ്ങിയതു അയ്യായിരംവോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നു എല്‍.ഡി.എഫും പതിനയ്യായിരംവോട്ടില്‍ കുറയാത്ത ഭൂരിപക്ഷമുണ്ടാകുമെന്നു യു.ഡി.എഫും പറയുമ്പോള്‍, ഇത്തവണ തങ്ങള്‍ മൂന്‍വര്‍ഷത്തേക്കാള്‍ വോട്ടുനേടുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ. അതേ സമയം താന്‍ മുക്കാല്‍ലക്ഷം വോട്ടുനേടുമെന്നാണു സ്വതന്ത്രസ്ഥാനാര്‍ഥിയും മൂന്‍ എം.എല്‍.എയുമായ പി.വി.അന്‍വറിന്റെ അവകാശവാദം.

വോട്ടെണ്ണല്‍ 23 ന്. മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രകാരം വോട്ടര്‍മാരുടെ എണ്ണം: പുരുഷ വോട്ടര്‍മാര്‍ 1,13,613. വനിതാ വോട്ടര്‍മാര്‍ 1,18,760, ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ എട്ട്, ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. പ്രവാസി വോട്ടര്‍മാര്‍373, സര്‍വീസ് വോട്ടര്‍മാര്‍324. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1,254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16 നു പൂര്‍ത്തിയായി. ഉപതെരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും. ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന്‍ 120ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. ഏഴു മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്.

വനത്തിലുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിങ് നടത്തും. സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും സജ്ജമായിട്ടുണ്ട്. മുമ്പ് മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്ന സ്ഥലങ്ങളിലും ബൂത്തുകളിലും കേന്ദ്രസേന പ്രത്യേക സുരക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW