Thursday, March 12, 2026 Last Updated 41 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jun 2025 09.44 AM

ദുരൂഹസാഹചര്യത്തില്‍ ആദിവാസി സ്ത്രീയുടെ മരണം: കാട്ടാന തന്നെയോ പ്രതി? സീതയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു

uploads/news/2025/06/786715/adivasi-women.jpg

കട്ടപ്പന: പീരുമേട്ടില്‍ ആദിവാസി സ്ത്രീ വനത്തിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചാം ദിവസവും ദുരൂഹത ബാക്കി. പ്ലാക്കത്തടം കോളനിയിലെ സീത (42) ആണ് കഴിഞ്ഞ 13ന് ഉള്‍വനത്തില്‍ മീന്‍മുട്ടി ഭാഗത്ത് കൊല്ലപ്പെട്ടത്. സീത മരിച്ചത് കാട്ടാന ആക്രമണത്തിലാണോ, മറ്റാരെങ്കിലും കൊലപ്പെടുത്തിയതാണോയെന്ന് വ്യക്തമാക്കാന്‍ അന്വേഷണ സംഘം തയാറായിട്ടില്ല.

സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ലെന്നും ശരീരത്തില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സര്‍ജന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. എന്നാല്‍, സംഭവസ്ഥലം പരിശോധിച്ച വിദഗ്ധസംഘം ആക്രമണം നടന്നെന്നു കരുതുന്ന സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തി.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. സീതയുടെ വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നും ശരീരത്തില്‍ ഗുരുതര പരുക്കുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു പിന്നാലെ സര്‍ജന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ആന ആക്രമിച്ചതാകാനുള്ള സാധ്യത കുറവാണെന്നും സര്‍ജന്‍ പറഞ്ഞു. എന്നാല്‍, ഇതേപ്പറ്റി അറിയില്ലെന്ന നിലപാടിലാണ് പോലീസ്.

സീതയുടെ ഭര്‍ത്താവ് ബിനുവിനെയും രണ്ട് കുട്ടികളെയും സ്‌റ്റേഷനിലേക്കു വിളിപ്പിച്ച് പോലീസ് മൊഴിയെടുത്തിരുന്നു. മൊഴിയില്‍ സംശയകരമായി ഒന്നുമില്ലെന്ന നിലപാടിലാണ് പോലീസ്. പ്ലാക്കത്തടത്ത് കുടില്‍കെട്ടി താമസിക്കുന്ന സീതയും ഭര്‍ത്താവ് ബിനുവും രണ്ട് മക്കളും ഉള്‍വനത്തില്‍ കാട്ടുവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു. മീന്‍മുട്ടില്‍ വച്ച് കാട്ടാന സീതയെ ആക്രമിച്ചെന്നും താനും മക്കളും അത്ഭുതകമായി രക്ഷപ്പെട്ടെന്നും ബിനു ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ബന്ധുക്കളും ചേര്‍ന്ന് വനത്തിനുള്ളില്‍ ചെന്ന് ഇവരെ പുറത്തെത്തിച്ചു. കാട്ടാന ആക്രമിച്ച സ്ഥലത്തുനിന്നും രണ്ട് കിലോമീറ്ററോളം സീതയെ ചുമന്നെന്നാണ് ബിനുവിന്റെ മൊഴി. പിന്നീട് പീരുമേട് താലൂക്ക് ആശുപത്രിയില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തിലാണ് സീതയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW