Friday, March 13, 2026 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jun 2025 09.09 AM

നിലമ്പൂരില്‍ പരസ്യപ്രചരണം കഴിഞ്ഞു ; ഇനി നിശബ്ദ പ്രചരണം, വോട്ടുറപ്പിക്കാന്‍ മുന്നണികള്‍ അവസാന ശ്രമത്തില്‍

uploads/news/2025/06/786711/election-voters-list.jpg

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ 25 ദിവസത്തെ അതിശക്തമായ പ്രചരണത്തിന് ശേഷം നിലമ്പൂര്‍ പുതിയ എംഎല്‍എ യെ കണ്ടെത്താന്‍ ബൂത്തിലേക്ക് പോകും. ഇന്നലെ നടന്ന ആവേശകരമായ കൊട്ടിക്കലാശത്തിന് ശേഷം ഇന്ന് നിശബ്ദ പ്രചരണം നടക്കും. തിങ്കളാഴ്ചയാണ് ഫലം അറിയുക. കുറഞ്ഞ കാലാവധിയേ ഉള്ളെങ്കിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നറിയിപ്പായിട്ടാണ് തെരഞ്ഞെടുപ്പിനെ വിവിധ മുന്നണികള്‍ കാണുന്നത്. നാളെ നിലമ്പൂര്‍ വീണ്ടും പോളിംഗ് സ്‌റ്റേഷനിലേക്ക് എത്തും.

ഏഴു പഞ്ചായത്തുകളിലും നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലുമായി 263 ബൂത്തുകള്‍ക്കുള്ള പോളിംഗ് സാമഗ്രികള്‍ ഒമ്പതിന് ചുങ്കത്തറ മര്‍ത്തോമ സ്‌കൂളില്‍ വിതരണം ചെയ്യും. കഴിഞ്ഞ തവണ 76 ശതമാനമായിരുന്നു പോളിംഗ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്നത്തെ ദിവസം ഏറെ നിര്‍ണ്ണായകമാണ്. ആടി നില്‍ക്കുന്ന വോട്ടുകള്‍ ഉറപ്പിക്കുന്ന തിരക്കിലാകും ഇന്ന് സ്ഥാനാര്‍ത്ഥികള്‍. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികളും ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ഇടതുപക്ഷം മൂന്നാം ടേമിലേക്ക് പോകുമോ യുഡിഎഫ് ഭരണം തിരിച്ചുപിടിക്കുമോ എന്‍ഡിഎ അട്ടിമറിജയം നേടുമോ എന്നിങ്ങനെയുള്ള ചര്‍ച്ചകളാണ് പ്രധാന ചര്‍ച്ചയായി മാറിയിരിക്കുന്നത്.

എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി. അന്‍വറിനും പലതും തെളിയിക്കാനുണ്ട്. എന്‍ഡിഎയ്ക്ക് മണ്ഡലത്തില്‍ വോട്ട് കൂടിയോ എന്നാണ് അറിയേണ്ടത്. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട പ്രസ്താവനയും ചൂടുപിടിച്ച ചര്‍ച്ചയായിട്ടുണ്ട്. സിപിഎം ആര്‍എസ്എസുമായി അടിയന്തിരാവസ്ഥാ കാലത്ത് ഒന്നിച്ചിട്ടുണ്ടെന്നായിരുന്നു എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയത്. എന്നാല്‍ അന്ന് ജനതാപാര്‍ട്ടിയായിരുന്നു എന്നും കോണ്‍ഗ്രസിനെതിരായി സര്‍ക്കാര്‍ വിരുദ്ധര്‍ ഒന്നിച്ചപ്പോഴാണ് സിപിഎം ജനതാപാര്‍ട്ടിയുമായി ഒന്നിച്ചതെന്നും ആര്‍എസ്എസ് ജനതാപാര്‍ട്ടിയില്‍ പിടി മുറുക്കിയപ്പോള്‍ സിപിഎം ആര്‍എസ്എസ് വോട്ട് വേണ്ട എന്ന ശക്തമായ നിലപാട് എടുത്തിരുന്നതായും അതിന് ശേഷം അവര്‍ യുഡിഎഫിനൊപ്പമായിരുന്നെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജ് വിശദമാക്കി.

എന്നാല്‍ ബിജെപിയുമായി എപ്പോള്‍ വേണമെങ്കിലും ധാരണ ഉണ്ടാക്കാന്‍ സിപിഎമ്മിന് കഴിയുമെന്നതിന്റെ സൂചനയായിട്ടാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ ഈ വിഷയത്തെ എടുത്തിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW