-->
തെന്നിന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. ഇരുവരുടെയും പൊന്നോമനകളാണ് ഉയിർ, ഉലകം എന്നീ രണ്ട് ആൺമക്കൾ. ഇപ്പോഴിതാ ഫാദേഴ്‌സ് ഡേയിൽ വിഘ്‌നേശ് ശിവന്‍ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
'ഞാൻ പറയും നീ കേൾക്കും' എന്നാണ് മകനോട് വിഘ്‌നേശ് വീഡിയോയിൽ പറയുന്നത്. എന്നാൽ അതിന് തിരിച്ച് കൗണ്ടർ അടിക്കുകയാണ് മകൻ. അതൊന്നും പറ്റില്ലെന്നായിരുന്നു മകന്‍റെ മറുപടി. നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടിയത്.
2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാകുന്നത്. 2022 ൽ മഹാബലിപുരത്ത് വെച്ച് ആഘോഷകപൂർവം ഇരുവരും വിവാഹിതരായി.
സരൊഗസിയിലൂടെയായിരുന്നു ഉയിർ, ഉലകം എന്നീ ആൺമക്കളായ ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനം. സോഷ്യൽ മീഡിയയിലൂടെ ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളും നയൻതാരയും വിഘ്നേശും പങ്കുവെക്കാറുണ്ട്.
ലവ് ഇന്‍ഷുറന്‍സ് കമ്പനി എന്ന ചിത്രമാണ് വിഘ്നേശ് ശിവന്റേതായി റിലീസിന് ഒരുങ്ങുന്നത്. പ്രദീപ് രംഗനാഥന്‍, കൃതി ഷെട്ടി, എസ് ജെ സൂര്യ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് വിഘ്നേശ് ശിവനാണ്.
അതേസമയം, ഒന്നിലേറെ സിനിമകളുടെ തിരക്കിലാണ് നയൻതാര. തമിഴിൽ മൂക്കുത്തി അമ്മൻ ഉൾപ്പെടെയുള്ള സിനിമകൾ ഒരുങ്ങുന്നു. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമയാണ് റിലീസ് ചെയ്യാനുള്ളത്. നിവിൻ പോളിയാണ് നായകൻ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നയൻതാരയാണ് നായിക. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പമുള്ള സിനിമയും അണിയറയിൽ ഒരുങ്ങുന്നു. ടെസ്റ്റ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.