-->
മലയാളസിനിമയില്‍ ഹേറ്റേഴ്സില്ലാത്ത താരമെന്ന വിളിപ്പേര് സത്യമാക്കുന്ന അഭിനേതാവാണ് ബേസില്‍ ജോസഫ്. സംവിധായകനായി തുടക്കം കുറിച്ച താരം പിന്നീട് തന്റെ അഭിനയമികവിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. മൂന്നു സിനിമകള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും ബേസിലിന്റെ സിനിമകള്‍ക്ക് എന്നും ആരാധകരുണ്ട്. ബേസില്‍ അഭിനയിച്ച ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബേസിലിന്റെ ഒരു കുട്ടിക്കാല വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അശ്വമേധം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബേസിലിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. അതിനു താഴെ പല തരത്തിലുള്ള രസകരമായ കമന്റുകളും നിറഞ്ഞു. ടൊവിനോയെ ടാഗ് ചെയ്തായിരുന്നു കൂടുതലും. ‘ബേസിലെ, നീ തീർന്നെടാ, ഇതിന് പിറകില്‍ ടൊവിനോ ആണെന്ന് ഒരു കര കമ്പി ഉണ്ട് ശരിയാണോ’ എന്നതടക്കമായിരുന്നു കമന്റുകള്‍.
ഇപ്പോഴിതാ തന്റെ വിഡിയോയും കമന്റുകളും വൈറലായതിന് പിന്നാലെ കുട്ടിക്കാലത്തെ തന്റെ മറ്റൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് ബേസില്‍. ‘‘അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ബേസിലിന്റെ പോസ്റ്റ്. ഗിറ്റാർ കൈയില്‍ പിടിച്ചുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ബേസിലിന്റെ ഈ പോസ്റ്റും നിമിഷ നേരം കൊണ്ട് വൈറലായി.
പോസ്റ്റ് വൈറലായതോടെ ടൊവിനോയുടെ കമന്റിനായിട്ടാണ് എല്ലാവരും കാത്തിരുന്നത്. ‘‘സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ ?...’’ എന്നാണ് ടൊവിനോ നല്‍കിയ കമന്റ്. ‘വല്ല്യേട്ടൻ’ മാത്രമല്ലാ കൈരളിക്ക് ഒരു ചെറിയേട്ടൻ കൂടി...’ എന്നാണ് രമേഷ് പിഷാരടി നല്‍കിയ കമന്റ്.
‘എന്നെ ട്രോളാൻ വേറെ ഒരുത്തനും വരണ്ട ഞാൻ തന്നെ ട്രോളിക്കോളാം, അതൊക്കെ ഒരു കാലം, 'ആരെങ്കിലും ട്രോളുന്നതിനു മുന്നേ ഞാൻ തന്നെ ഇട്ടേക്കാം,രാമനാഥന് ഇതും വശമുണ്ട് അല്ലേ ?...’’എന്നതടക്കം ആരാധകര്‍ കമന്റുകള്‍ നല്‍കിയിട്ടുണ്ട്.
അടുത്തിടെ ബേസിലിന്റേതായി എത്തിയ പ്രാവിൻകൂട് ഷാപ്പ്, പൊന്മാൻ, മരണമാസ് എന്നീ ചിത്രങ്ങള്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.
സകലകലാ വല്ലഭൻ