-->
ഹിമത്നഗര്‍ സ്വദേശിയായ യുവതി വ്യാഴാഴ്ച രാവിലെ ആദ്യമായി രാജ്യത്തിന് പുറത്തേക്ക് പോകാന്‍ വിമാനത്തില്‍ കയറുമ്പോള്‍ ആവേശഭരിതയായിരുന്നു. കുടുംബത്തില്‍ നിന്നും ആദ്യമായി പുറത്ത് പോകുന്നയാളായിരുന്നു അവള്‍. എന്‍ജിനീയറിങ്, ടെക്നോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കാന്‍ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് പോയ ആദ്യയാത്ര ദുരന്തമായി.
അഹമ്മദാബാദ് വിമാനദുരന്തത്തിനിരയായ ഗുജറാത്തുകാരി പായല്‍ഖാതിക് സുരക്ഷിതമായി ലണ്ടനിലെ ഗാറ്റ്‌വിക്ക് എയര്‍പോര്‍ട്ടില്‍ ഇറങ്ങുമെന്നും പഠനത്തില്‍ മികവ് പുലര്‍ത്തി തങ്ങളെ ഒരു കരയ്ക്ക് എത്തിക്കുമെന്നും ആത്മവിശ്വാസത്തോടെയാണ് ഖാതിക്കിനെ യാത്രയാക്കി വീട്ടുകാര്‍ വിട പറഞ്ഞത്. പകരം ഇന്ത്യയില്‍ ഒന്നര പതിറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ വിമാനദുരന്തം അവളെ കൊണ്ടുപോയി.
പായലിന്റെ മരണം അച്ഛനും അമ്മയും സഹോദരങ്ങളും ഡിഎന്‍എ ടെസ്റ്റിലൂടെയാണ് സ്ഥിരീകരിച്ചത്. ''കോളേജ് പഠനം കഴിഞ്ഞ് അവള്‍ ഞങ്ങളോടൊപ്പം താമസിച്ചു... ലണ്ടനില്‍ കൂടുതല്‍ പഠിക്കാന്‍ അവള്‍ ആഗ്രഹിച്ചു. അതിനാല്‍ ഞങ്ങള്‍ അവളുടെ വിദ്യാഭ്യാസത്തിന് അവിടെ വായ്പയെടുത്തു. ''പിതാവ് സുരേഷ് ഖാതിക് പറഞ്ഞു. ലോഡിംഗ് റിക്ഷ ഓടിക്കുന്ന തൊഴിലാളിയാണ് പിതാവ്.
വായ്പാ തിരിച്ചടവും കുടുംബത്തിന് പിന്നീട് ഉണ്ടായേക്കാവുന്ന സാമ്പത്തീകഭദ്രതയും പായല്‍ ഖതികിന്റെ നല്ലഭാവിയുടെ പ്രതീക്ഷയ്ക്ക് മേലാണ് കുടുംബം കെട്ടിപ്പൊക്കിയിരുന്നത്. വായ്പ തിരിച്ചടയ്ക്കാന്‍ ഇപ്പോള്‍ മാര്‍ഗമില്ല. ഉദയ്പൂരില്‍ നിന്ന് ബിടെക് പൂര്‍ത്തിയാക്കി എംടെക്കിന് പോകുമ്പോഴാണ് പായലിനെ വിമാനാപകടം കൊണ്ടുപോയത്. ഹിമത്നഗറിലെ ആദര്‍ശ് സ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിച്ച അവര്‍ മിടുക്കിയായിരുന്ന വിദ്യാര്‍ത്ഥിനിയായിരുന്നു. പിതാവിനെ സാമ്പത്തീകമായി സഹായിക്കാന്‍ പായല്‍ ട്യൂഷനെടുത്തിരുന്നു.