-->
പലവിധ സ്വപ്നങ്ങള്‍ പേറിയുള്ള യാത്രക്കാരെയും വഹിച്ചു കൊണ്ട് ആകാശത്തേക്ക് പറന്നു പൊങ്ങിയ വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ ഒരു തീഗോളമായി താഴേക്ക് പതിക്കുക, എയര്‍ ഇന്ത്യ വിമാനം നല്‍കിയ ദുരന്തം ഇങ്ങനെയാണ്. ആ ദുരന്തത്തിന്റെ നൊമ്പരത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് രാജ്യം. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം കത്തിയമര്‍ന്നത്. ഒരാളൊഴികെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും അടക്കം എല്ലാവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. അക്കൂട്ടത്തില്‍ ഒരു മലയാളിയും ഉണ്ട്.
ഇപ്പോഴിതാ താന്‍ ജനിച്ച് വളര്‍ന്ന നാട്ടിലുണ്ടായ വന്‍ ദുരന്തത്തിന്റെ ഞെട്ടലിലാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ഗുജറാത്തുമായി തനിക്കുളള ബന്ധവും സ്‌നേഹവും ഉണ്ണി പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുളളതാണ്. ഹൃദയം തകര്‍ന്നെന്നും അവരുടെ ദുഃഖം സങ്കല്‍പ്പിക്കാന്‍ മാത്രമേ കഴിയുള്ളൂവെന്നും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘‘എയർ ഇന്ത്യ അഹമ്മദാബാദ്-ലണ്ടൻ വിമാനാപകട വാർത്തയിൽ ഹൃദയം തകർന്നു....പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്റെ ഹൃദയം അനുശോചിക്കുന്നു. അവരുടെ ദുഃഖം എനിക്ക് സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ, ഈ ഇരുണ്ട സമയത്ത് അവർക്ക് ശക്തി ലഭിക്കുമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു...നഷ്ടപ്പെട്ട ഓരോ ആത്മാവിനും സമാധാനം കണ്ടെത്തട്ടെ, അവശേഷിക്കുന്നവർക്ക് അവരുടെ ചുറ്റുമുള്ള പിന്തുണയുടെയും സ്നേഹത്തിന്റെയും ഊഷ്മളത അനുഭവപ്പെടട്ടെ...’’ ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കുട്ടിക്കാലം മുതല്‍ 24 വയസ്സുവരെ ഉണ്ണി മുകുന്ദൻ താമസിച്ചിരുന്നത് ഗുജറാത്തിലെ മണിനഗർ എന്ന സ്ഥലത്തായിരുന്നു. മണിനഗറിന് പത്തു കിലോമീറ്ററിനപ്പുറമുള്ള മേഘാനി നഗറിലാണ് യാത്രാവിമാനം തകർന്നു വീണത്. 24 വര്‍ഷം താന്‍ ജീവിച്ച സ്ഥലമാണ് മണിനഗറെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. അവിടെ നിന്ന് പത്ത് കിലോമീറ്റര്‍ അകലത്താണ് ദുരന്തമുഖം. താന്‍ ബാല്യവും കൗമാരവും ചിലവഴിച്ച ഗുജറാത്ത് തനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലം ആണെന്നും അവിടെ എന്ത് അപകടം നടന്നാലും അത് മനസ്സിനെ വേദനിപ്പിക്കുമെന്നും പ്രമുഖ മാധ്യമത്തോട് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു. താനും വീട്ടുകാരും വിമാനാപകട വാര്‍ത്ത കേട്ട് വളരെ വിഷമത്തിലാണെന്നും ഉണ്ണി പറയുന്നു.
‘‘അഹമ്മദാബാദില്‍ ടേക് ഓഫിനിടെ യാത്രാവിമാനം തകർന്നു വീണുണ്ടായ അപകടവാർത്ത ഞെട്ടലുണ്ടാക്കുന്നു. കേരളം പോലെ തന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംസ്ഥാനമാണ് ഗുജറാത്ത്. എന്റെ ബാല്യവും കൗമാരവും ഒക്കെ അവിടെയായിരുന്നു. ഗുജറാത്തില്‍ എന്ത് അപകടം നടന്നാലും അത് മനസ്സിന് വിഷമമുണ്ടാക്കുന്ന കാര്യമാണ്.
എനിക്കും എന്റെ വീട്ടുകാർക്കും അങ്ങനെയാണ്. ഈ വാർത്ത മനസ്സിന് അതികഠിനമായ ദുഃഖമുണ്ടാക്കുന്നുവെന്നും നടൻ ഉണ്ണി മുകുന്ദൻ. യാത്രാവിമാനം തകർന്ന ദുരന്തവാർത്തയുടെ ഞെട്ടലില്‍ നിന്നും ഞാന്‍ ഇനിയും മുക്തനായിട്ടില്ല...
അഹമ്മദാബാദിലെ മണിനഗർ എന്ന സ്ഥലത്തിന് പത്തുകിലോമീറ്റർ അകലെയുള്ള മേഘാനി നഗറിലാണ് വിമാനദുരന്തം ഉണ്ടായിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഞാൻ 24 വർഷം താമസിച്ച സ്ഥലമാണ് മണിനഗർ. ആദരണീയനായ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു എന്നാണ് വാർത്തകളില്‍ നിന്ന് മനസ്സിലാകുന്നത്...
അപകടത്തില്‍ മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇത്തരമൊരു വിഷമഘട്ടം മറികടക്കാനുളള ശക്തി അവരുടെ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു. താനും ഗുജറാത്തിലെ സുഹൃത്തുക്കളുമെല്ലാം ഞെട്ടലിലാണ്. ഇത്തരമൊരു ദുരന്തം എവിടെയും സംഭവിക്കേണ്ടതല്ല...’’ ഉണ്ണി മുകുന്ദൻ പറയുന്നു.