Saturday, March 14, 2026 Last Updated 33 Min 6 Sec ago English Edition
Todays E paper
Ads by Google
ടി.കെ സുധീഷ് കുമാര്‍
Friday 13 Jun 2025 10.33 AM

സ്വന്തമായൊരു വീട് എന്ന സ്വപ്നവുമായിട്ടായിരുന്നു രഞ്ജിതയുടെ ജീവിതയാത്ര; 28-ന് ഗൃഹപ്രവേശവും കുറിച്ചു; പക്ഷേ...മടങ്ങിവരാനായില്ല

uploads/news/2025/06/785974/renjitha.jpg

കോഴഞ്ചേരി: സ്വന്തമായൊരു വീട് എന്ന സ്വപ്നവുമായിട്ടായിരുന്നു രഞ്ജിതയുടെ ജീവിതയാത്ര. നാട്ടില്‍ ഇക്കുറി എത്തിയപ്പോഴും വീട് പണി പൂര്‍ത്തിയായില്ല. അടുക്കളയും ഒരു കിടപ്പുമുറിയും ബാത്ത് റൂമും ശരിയാക്കി ഇവിടേക്ക് മാറാന്‍ തീരുമാനിച്ചിരുന്നു.

ഇതിനായി 28-ന് സമയവും കുറിച്ചിരുന്നു. അപകടവിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും എത്തുന്നത് ഈ പുതിയ വീടിന്റെ മുറ്റത്തേക്കാണ്. അമ്മ തുളസിയെയും മക്കളെയും ആശ്വസിപ്പിക്കാന്‍ പാടുപെടുകയാണവര്‍. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലെ അധ്യാപകരും സഹപാഠികളും വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്. സുരക്ഷിതഭാവി കെട്ടിപ്പടുക്കാന്‍ കുരുന്നുമക്കളെ മുത്തശിയെ ഏല്‍പ്പിച്ച് വിദേശത്തേക്കു പോയ രഞ്ജിതയുടെ മരണം നാടിനും ബന്ധുക്കള്‍ക്കും തീരാക്കണ്ണീരായി. പുതിയൊരു വീട് എന്ന സ്വപ്നം പൂര്‍ത്തിയാക്കും മുമ്പാണ് രഞ്ജിതയുടെ മടക്കമില്ലാ യാത്ര.

വീട് പൂര്‍ത്തിയാക്കി അമ്മയ്‌ക്കൊപ്പം മക്കളെയും മാറ്റണമെന്നായിരുന്നു ആഗ്രഹം. നാട്ടില്‍ സര്‍ക്കാര്‍ നഴ്‌സ് ആയിരുന്നെങ്കിലും പ്രാരാബ്ധങ്ങള്‍ കൂട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് അവധിയെടുത്ത് ആദ്യം സലാലയില്‍ ജോലിക്കു പോയത്. മെച്ചപ്പെട്ട ജോലി യു.കെയില്‍ ലഭിച്ചതോടെ അവിടേക്കു പോയി. അപ്പോഴും പ്രായമായ അമ്മയും മക്കളുമായിരുന്നു മനസില്‍. അവധി റദ്ദാക്കി നാട്ടിലെ സര്‍ക്കാര്‍ ജോലിയില്‍ തിരികെ കയറാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. യു.കെ.യില്‍നിന്നു വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി പോകുമ്പോഴാണ് ദുരന്തം ജീവനെടുത്തത്.

നെടുമ്പാശേരിയിലും തിരുവനന്തപുരത്തുനിന്നും ലണ്ടനിലെ ഗാറ്റ്‌വിക് എയര്‍പോര്‍ട്ടിലേക്ക് ഉടന്‍ ഫ്‌ളൈറ്റ് ഇല്ലാത്തതിനാലാണ് പെട്ടെന്ന് സീറ്റ് കിട്ടിയ അഹമ്മദാബാദിലേക്കു പോയത്. ഉച്ചയ്ക്ക് വിമാനത്തില്‍ കയറും മുന്‍പും അമ്മ തുളസിയെ വിളിച്ചു. നാട്ടില്‍ വീടുപണി നടക്കുന്ന ഘട്ടത്തിലാണ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ രഞ്ജിത തീരുമാനിച്ചത്. കഴിഞ്ഞ ഏഴിന് വൈകിട്ട് നാട്ടില്‍ വന്നു. മൂന്ന് ദിവസം കൊണ്ട് ആവശ്യമായ രേഖകള്‍ നല്‍കി. 11-നാണ് ചെന്നെ വഴി ആണ് അഹമ്മദാബാദിലേക്ക് പോയത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഇതിക, പത്താം ക്ലാസ് വിദ്യാര്‍ഥി ഇന്ദുചൂഡന്‍ എന്നിവരാണ് മക്കള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW