-->
ന്യൂഡല്‍ഹി: ഗുജറാത്തിലെ അഹമ്മദാബാദില്‍ രാജ്യത്തെ നടുക്കി വന്‍വിമാനദുരന്തം. അഹമ്മദാബാദ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിങ് 787 വിമാനം (ഫ്‌ളൈറ്റ് നമ്പര്‍ എ.ഐ. 171) തകര്‍ന്ന സംഭവത്തില്‍ മരണസംഖ്യ കൂടിയേക്കുമെന്ന് സൂചന. വിമാനാപകടത്തില്‍ പെട്ടവര്‍ക്ക് പുറമേ ഹോസ്റ്റലിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടിട്ടുണ്ട്.
265 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഹോസ്റ്റലില്‍ മരണമടഞ്ഞവരുടെ വിവരം കൃത്യമായി പുറത്തുവന്നിട്ടില്ല. ഔദ്യോഗികമായി ഒരു വിവരവും പുറത്തുവന്നിട്ടില്ലെങ്കിലും റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്രമാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം യാത്രക്കാരും മറ്റുള്ളവരുമായി മരണസംഖ്യ 295 ആകുമെന്ന് സംശയിക്കുന്നുണ്ട്. ഹോസ്റ്റലിലെ 50 ലധികം വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞതായിട്ടാണ് സംശയം. 25 പേരെ കാണാതാകുകയും ചെയ്തതായി സൂചനകളുണ്ട്. പക്ഷേ ഈ കാര്യത്തിലെല്ലാം ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.
മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഹോസ്റ്റലിലെ ഭക്ഷണശാലയില്‍ ഉച്ചഭക്ഷണസമയത്തായിരുന്നു അപ്രതീക്ഷിതദുരന്തം. ഭക്ഷണമുറിയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളും മേശകളില്‍ വിളമ്പിവച്ച ഭക്ഷണസാധനങ്ങളും വീഡിയോ ദൃശ്യങ്ങളില്‍ കാണപ്പെട്ടു. താഴേക്കു പതിക്കുന്നതിനിടെ വിമാനം തിരികെ ഉയര്‍ത്താന്‍ പൈലറ്റ് പലവട്ടം ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാളൊഴികെ എല്ലാവരും മരിച്ചു. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വിദേശികളടക്കം 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തര രക്ഷാവാതിലിലൂടെ പുറത്തുചാടിയ വിശ്വാസ്‌കുമാര്‍ രമേഷ് (45) എന്ന ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ മാത്രമാണ് ദുരന്തത്തെ അതിജീവിച്ചത്. വിശ്വാസിന്റെ സഹോദരനും മരിച്ചു. പത്തനംതിട്ട, കോഴഞ്ചേരി, പുല്ലാട് സ്വദേശി രഞ്ജിത ആര്‍. നായരാണ് മരിച്ച മലയാളി. യു.കെയില്‍ നഴ്‌സായിരുന്നു.
ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്കുള്ള ഫ്‌ളൈറ്റില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കാനഡക്കാരനുമാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. പറന്നുയര്‍ന്ന് 825 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനം താഴേക്ക് പതിക്കാന്‍ തുടങ്ങിയത്. വിമാനത്താവളത്തിനു സമീപമുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയ വിമാനം പൊട്ടിത്തെറിച്ച് അഗ്നിഗോളമായി മാറി. ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളും ദുരന്തത്തില്‍ കൊല്ലപ്പെട്ടു.