-->
തിരുവനന്തപുരം: ബി.ജെ.പി. നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ ജീവനക്കാര്‍ സാമ്പത്തികത്തട്ടിപ്പ് നടത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. സിറ്റി പോലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. സിറ്റി ക്രൈം ബ്രാഞ്ചിനാണു പുതിയ അന്വേഷണച്ചുമതല. ആരോപണവിധേയരായ മൂന്നു ജീവനക്കാരികള്‍ കുറ്റക്കാരാണെന്നു മ്യൂസിയം പോലീസ് കണ്ടെത്തിയതോടെ ഇവര്‍ ഒളിവില്‍ പോയി.
ഒന്നര വര്‍ഷത്തിനിടെ 66 ലക്ഷം രൂപയുടെ ബാങ്ക് ഇടപാടുകളാണ് ജീവനക്കാരികള്‍ നടത്തിയത്. കൃഷ്ണകുമാറിനെതിരേ നല്‍കിയ പരാതിയില്‍ മൊഴി നല്‍കാമെന്നറിയിച്ചിരുന്ന ഇവര്‍ തട്ടിപ്പ് പുറത്തുവന്നതോടെ മുങ്ങുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാ ണ്.ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചതോടെയാണ് സ്ഥാപനത്തില്‍ നടന്ന പണാപഹരണം വ്യക്തമായത്. മൊഴിയെടുക്കാന്‍ പോലീസ് ഇന്നലെ രണ്ടുതവണ ജീവനക്കാരികളുടെ വീട്ടിലെത്തിയെങ്കിലും വക്കീല്‍ ഓഫീസില്‍ പോയെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ജീവനക്കാരാരികള്‍ മുന്‍കൂര്‍ ജാമ്യം തേടാന്‍ ശ്രമിക്കുന്നതായാണു സൂചന. ഇവരുടെ ബന്ധുക്കള്‍ അടക്കമുള്ളവരുടെ അക്കൗണ്ടിലേക്കു പണം കൈമാറിയതിന്റെ രേഖകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തന്റെ സ്ഥാപനമായ 'ഒ ബൈ ഒസി'യിലെ ക്യുആര്‍ കോഡ് മാറ്റിവച്ച് 69 ലക്ഷം രൂപ തട്ടിയെന്ന ദിയ കൃഷ്ണയുടെ പരാതിയെത്തുടര്‍ന്നാണ് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസ് പരിശോധിച്ചത്. വിനീത, ദിവ്യ, രാധാമണി എന്നിവര്‍ 2024 ജനുവരി മുതല്‍ 66 ലക്ഷം രൂപയുടെ ഇടപാടുകള്‍ വലിയതുറ എസ്.ബി.ഐ. ബാങ്കില്‍ നടത്തിയിട്ടുണ്ട്. കസ്റ്റമേഴ്‌സില്‍നിന്ന് നേരിട്ടും ഇവര്‍ പണം വാങ്ങിയിട്ടുണ്ട്.
സാധനങ്ങള്‍ വില്‍പ്പന നടത്തുമ്പോള്‍ ബില്‍ബുക്കില്‍ തുക രേഖപ്പെടുത്താറുണ്ട്. ബില്‍ബുക്കും അക്കൗണ്ട് ഇടപാടുകളും പരിശോധിച്ചാല്‍ സ്ഥാപനത്തില്‍ ലഭിച്ചിട്ടുള്ള തുക എത്രയെന്നു വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കൃഷ്ണകുമാര്‍ സ്ത്രീകളെ തട്ടിക്കൊണ്ടു പോയെന്ന പരാതി ശരിയല്ലെന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ദിയയുടെ ഫ്‌ളാറ്റില്‍നിന്നു പോലീസിനു ലഭിച്ചിട്ടുണ്ട്.
കേസില്‍ മ്യൂസിയം പോലീസ് റിപ്പോര്‍ട്ട് 13 ന് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടു. ദിയ കൃഷ്ണയും പിതാവും കുടുംബവുമടക്കം അഞ്ചു പേര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. നസീറയുടെ ഉത്തരവ്. ജി. കൃഷ്ണകുമാര്‍, ദിയാ കൃഷ്ണ, ജി.എല്‍. സന്തോഷ് കുമാര്‍, എസ്.എസ്. അര്‍ജുന്‍, സിന്ധു കൃഷ്ണകുമാര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചത്.