-->
ഒരു സിനിമ ഹിറ്റാകാന്‍ വലിയ താരനിരകളോ ബിഗ് ബജറ്റുകളോ ആവശ്യമില്ലെന്ന് തെളിയിച്ച ചരിത്രം വെള്ളിത്തിരയ്ക്കുണ്ട്. ഫാമിലി ഡ്രാമ ജോണറിൽ എത്തി കുടുംബപ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന സിനിമകളില്‍ പലതിലും വന്‍ താരനിരകള്‍ കുറവാണ്. അങ്ങനെയൊരു മാജിക്കില്‍ പ്രേക്ഷകഹൃദയം കീഴടക്കുകയാണ് അബിഷൻ ജീവന്ത് ഒരുക്കിയ തമിഴ് ഫാമിലി ചിത്രം ‘ടൂറിസ്റ്റ് ഫാമിലി’.
വലിയ സ്ക്രീനില്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ ഹൃദയം തുറന്ന് ചിരിക്കാന്‍ കഴിയുന്ന, ഇനി കുറച്ചു കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് പ്രേക്ഷകനെ കൊണ്ട് തോന്നിപ്പിക്കുന്ന ഒരു കോമഡി എന്റര്‍ടൈയ്‌നര്‍ ചിത്രമാണിത്. ശശികുമാര്‍, സിമ്രാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മെയ് ഒന്നിന് തിയേറ്ററിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ മകന്‍ കഥാപാത്രം ‘മലയൂര്‍’ എന്ന ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെക്കുന്ന രംഗം വലിയ ശ്രദ്ധ നേടിയിരുന്നു. ത്യാഗരാജന്‍ സംവിധാനം ചെയ്ത് പ്രശാന്ത് നായകനായി എത്തിയ ‘മമ്പട്ടിയന്‍’ എന്ന സിനിമയിലെ ഗാനമാണ് ഇത്.
ഇപ്പോഴിതാ ചിത്രത്തിലെ ഈ ഗാനം ടൂറിസ്റ്റ് ഫാമിലിയില്‍ ഉപയോഗിക്കനായി തന്റെ അനുവാദം വാങ്ങിയില്ല എന്ന് തുറന്ന് പറയുകയാണ് നടനും സംവിധായകനുമായ ത്യാഗരാജന്‍. അനുവാദം ചോദിക്കാതെ ഉപയോഗിച്ചതിന് കേസ് കൊടുത്ത് അവരില്‍ നിന്ന് കാശ് വാങ്ങണമെന്ന ചിന്ത തനിക്കില്ലെന്നാണ് ത്യാഗരാജന്‍ പറയുന്നത്.
‘‘ടൂറിസ്റ്റ് ഫാമിലിയില്‍ മമ്പട്ടിയനിലെ പാട്ട് ഉപയോഗിച്ചതിന് സിനിമയുടെ സംവിധായകനോട് നന്ദി പറയുന്നു. ആ പാട്ട് ഇത്രയും സ്വീകരിക്കപ്പെടുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ആ പാട്ട് ഉപയോഗിക്കുന്നതിനായി എന്നോട് ആരും അനുവാദം ചോദിച്ചിരുന്നില്ല. ഒരുപാട് പേര്‍ എന്നോട് എന്താണ് കേസ് കൊടുക്കാത്തതെന്ന് ചോദിച്ചു. എന്റെ സിനിമയിലെ ഒരു പാട്ട് അവര്‍ ഉപയോഗിച്ച് ആ സിനിമ വിജയമായി മാറിയതില്‍ എനിക്ക് സന്തോഷമുണ്ട്.
കേസ് കൊടുത്ത് അവരില്‍ നിന്ന് കാശ് വാങ്ങണം എന്ന ചിന്ത എനിക്കില്ല. അവരെ വിളിച്ച് ഞാന്‍ അഭിനന്ദിച്ചിരുന്നു. അല്ലാതെ ആ പാട്ട് എന്തിനാണ് ഉപയോഗിച്ചത് എന്ന് അവരോട് ചോദിക്കണം എന്ന് പോലും എനിക്ക് തോന്നിയില്ല. ടൂറിസ്റ്റ് ഫാമിലിയില്‍ വന്നതോടെ വീണ്ടും ഒരുപാട് ആളുകളാണ് ആ പാട്ട് കേള്‍ക്കുന്നത്. അതിന് അത്രയും റീകോള്‍ വാല്യൂ ഉള്ളപ്പോള്‍ ശരിക്കും ഞാന്‍ ആണ് അങ്ങോട്ട് കാശ് കൊടുക്കേണ്ടത്...’’ ത്യാഗരാജന്‍ പറയുന്നു.
തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും വലിയ കാഴ്ചക്കാരെയുണ്ടാക്കാൻ ഈ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. ഹ്യുമറിന്റെ മെമ്പടിയോടെ ഒരുക്കിയ ചിത്രത്തിൽ കുറിക്കുകൊള്ളുന്ന രാഷ്ട്രീയവും സംവിധായകൻ പറഞ്ഞു വയ്ക്കുന്നുണ്ട്. വെറും 15 കോടി ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം,75 കോടിയാണ് ആഗോള കളക്ഷന്‍ നേടിയത്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെ കളക്ഷന്റെ വിവരം പുറത്തുവിട്ടിരുന്നു. ശശികുമാറിന്റെ കരിയറിലെ ഏറ്റവും വലിയ കളക്ഷന്‍ ചിത്രമായി ടൂറിസ്റ്റ് ഫാമിലി മാറി. ശശികുമാറിനും സിമ്രാനുമൊപ്പം ‘ആവേശം’ എന്ന ചിത്രത്തില്‍ ബിബിമോന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം മിഥുന്‍ ജയ് ശങ്കറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.