-->
മിമിക്രിയിലൂടെയും നാടകത്തിലൂടെയുമാണ് ചലച്ചിത്രരംഗത്തേക്ക് എത്തി നാല് പതിറ്റാണ്ടിലധികമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേതാവാണ് സിദ്ദിഖ്. തുടക്കത്തില്‍ സഹതാരമായി അഭിനയിച്ചു തുടങ്ങിയ താരം, പിന്നീട് നായകവേഷത്തില്‍ തിളങ്ങാന്‍ തുടങ്ങി. കാലങ്ങള്‍ കഴിഞ്ഞതോടെ പക്വതയുള്ള അച്ഛന്‍ വേഷത്തിലും കരുത്തുള്ള വില്ലന്‍ വേഷങ്ങളിലുമടക്കം സിദ്ദിഖ് മലയാള സിനിമയില്‍ നിറഞ്ഞു നിന്നു.
വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും നര്‍മ്മരസമുള്ള ചെറുപ്പക്കാരന്‍ കഥാപാത്രം അഭിനയിക്കുന്നതിനൊപ്പം അച്ഛന്‍-മുത്തച്ഛന്‍ വേഷങ്ങളും, സീരിയസ് കഥാപാത്രങ്ങളടക്കം ചെയ്തും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിദ്ദിഖ് മലയാള സിനിമയ്ക്കൊപ്പം ചലിക്കുകയാണ്. താരത്തിന് മൂന്നു മക്കളാണുള്ളത്. ഒരു മകളും രണ്ട് ആണ്‍മക്കളും. അതില്‍ സാപ്പി എന്ന് വിളിക്കുന്ന റാഷിന്‍ ഓട്ടിസം ബാധിതനായിരുന്നു. ഇളയമകന്‍ ഷാഹിന്‍ സിനിമകളില്‍ സജീവമാണ്. സാപ്പിനൊപ്പമുള്ള ചിത്രങ്ങള്‍ സിദ്ദിഖും സഹോദരന്‍ ഷഹീനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഷഹീന്റെ വിവാഹത്തിലും നിറസാന്നിധ്യമായിരുന്നു സാപ്പി. കഴിഞ്ഞ വര്‍ഷമാണ് 37 വയസ് മാത്രമുള്ള സാപ്പി അന്തരിച്ചത്. ആ വിയോഗം സിദ്ദിഖിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ഇപ്പോഴിതാ ഇളയ മകൻ ഷഹീനും ഭാര്യ അമൃതയ്ക്കും മകള്‍ ജനിച്ചതോടെയാണ് ആ വിഷമം താൻ മറന്നതെന്ന് പറയുകയാണ് സിദ്ദിഖ്. സാപ്പി നോർമല്‍ കിഡ് ആയിരുന്നെങ്കില്‍ താൻ കുറേക്കൂടി നേരത്തെ മുത്തച്ഛനാകുമായിരുന്നെന്നും നമ്മള്‍ അച്ഛനാകുന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷം അപ്പൂപ്പനാകുമ്പോഴാണെന്നും അച്ഛനാകുന്ന സമയത്ത് നമ്മള്‍ ‘സ്ട്രഗ്ളിങ് പിരീഡി’ല്‍ ആയിരിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.
‘‘അപ്പൂപ്പനായശേഷം ഒരുപാട് സന്തോഷിച്ചു. എന്റെ അടുത്ത് ഒരിക്കല്‍ ദാസേട്ടൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നമുക്ക് മക്കളുണ്ടാകുമ്പോള്‍ അത്ര സന്തോഷിക്കില്ല. കാരണം നമ്മള്‍ അപ്പോള്‍ ഒരു സ്ട്രഗ്ളിങ് പിരീഡില്‍ ആയിരിക്കും. കല്ല്യാണം കഴിച്ചു, കുട്ടികളുണ്ടായി. ഇനി ആ കുട്ടിയുടെ കാര്യങ്ങളൊക്കെ നോക്കണം എന്നായിരിക്കും മനസിലുണ്ടാകുക.
എന്നാല്‍ അപ്പൂപ്പനായിക്കഴിയുമ്പോള്‍ നമ്മള്‍ സ്ട്രഗ്ളിങ് ഒക്കെ കഴിഞ്ഞിട്ടുണ്ടാകും. അവരെ ഓമനിക്കാനും താലോലിക്കാനുമൊക്കെ കൂടുതല്‍ സമയം കിട്ടും. ഞാൻ എന്റെ പേരക്കുട്ടിയെ കാണാത്ത ദിവസങ്ങള്‍ ഒരിക്കലും ഉണ്ടാക്കാതെ നോക്കും ഞാൻ. ഇപ്പോള്‍ വീഡിയോ കോളിനൊക്കെ സൗകര്യം ഉള്ളതുകൊണ്ട് അവള് കളിക്കുന്നതും ചിരിക്കുന്നതുമെല്ലാം കാണിച്ചു തരാൻ പറയും. ഭയങ്കര സന്തോഷമുള്ള കാര്യമാണ്.
ഏറ്റവും വിഷമമുള്ള കാര്യം എന്താണെന്നാല്‍ എന്റെ മൂത്ത മകൻ 37-ാം വയസിലാണ് മരിച്ചത്. അവൻ സ്പെഷ്യല്‍ കിഡ് ആയിരുന്നു. ഓട്ടിസ്റ്റിക് ആയിരുന്നു. അവൻ ഒരു നോർമല്‍ കിഡ് ആയിരുന്നെങ്കില്‍ ഞാൻ കുറേക്കൂടി നേരത്തെ അപ്പൂപ്പനാകുമായിരുന്നു. എനിക്ക് 65 വയസ്സായി. ഇപ്പോഴാണ് അപ്പൂപ്പനാകാനുള്ള യോഗമുണ്ടായത്. മോൻ മരിച്ച വിഷമം കുറേയെല്ലാം മറക്കുന്നത് പേരക്കുട്ടി ഉണ്ടായതോടെയാണ്. ജൂണ്‍ 27-നാണ് മോൻ മരിക്കുന്നത്. ജൂലൈ 10-ാം തിയ്യതി മോള്‍ ജനിക്കുന്നു. അത്രയും ദിവസത്തെ വ്യത്യാസമേയുള്ളു...’’ സിദ്ദിഖ് പറയുന്നു. ഒരു ഓണ്‍ലൈന്‍ ചാനലുമായുള്ള അഭിമുഖത്തിലാണ് സിദ്ദിഖ് മനസ്സ് തുറന്നത്.