Friday, March 13, 2026 Last Updated 59 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 06 Jun 2025 11.14 AM

ബന്ധുവായ പെണ്‍കുട്ടിയെയും പിതാവിനെയും നുണ പരിശോധന നടത്തണം ; പതിനെട്ടുകാരി വീണു മരിച്ച സംഭവത്തില്‍ ഹൈക്കോടതി

uploads/news/2025/06/784972/kerala-hugh-court.gif

കൊച്ചി: ഫ്‌ളാറ്റിനു മുകളില്‍ നിന്നും പതിനെട്ടുകാരി വീണു മരിച്ച സംഭവത്തില്‍ ബന്ധുവായ പെണ്‍കുട്ടിയെയും പെണ്‍കുട്ടിയുടെ പിതാവിനെയും നുണ പരിശോധന നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ചാലക്കുടി സ്വദേശി റോയി മകള്‍ ഐറിന്‍ റോയി(18)യുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് ഹൈക്കോതി എറണാകുളം സെന്‍ട്രല്‍ പോലീസിന് നുണ പരിശോധന നടത്താന്‍ ഉത്തരവ് നല്‍കിയത്.

ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒ. നുണ പരിശോധന നടത്താന്‍ നേരത്തെ ഉത്തരവ് നല്‍കിയെങ്കിലും പോലീസ് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നുണ പരിശോധന നടത്തിയില്ല. തുടര്‍ന്നാണു റോയി ഹൈക്കോടതിയെ സമീപിച്ചത്. ഐറിന്‍ റോയ് 2021 ഓഗസ്റ്റിലാണ് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ശാന്തി തോട്ടക്കാട്ട് എസ്‌റ്റേറ്റ് എന്ന അപ്പാര്‍ട്ടമെന്റിന്റെ പത്താം നിലയുടെ മുകളില്‍ നിന്നു വീണുമരിച്ചത്. അന്നു സംഭവം കാല്‍ വഴുതി വീണു എന്നായിരുന്നു നിഗമനം. എന്നാല്‍ മകള്‍ താഴെ വീഴാന്‍ കാരണം ബന്ധുവായ പെണ്‍കുട്ടിയുമായുള്ള പിടിവലിയാണെന്നും ഈ പെണ്‍കുട്ടി വിദേശത്തേക്കു കടന്നുവെന്നും ആരോപിച്ചു പരാതി നല്‍കുകയായിരുന്നു.

സംഭവദിവസം ഐറിനും ബന്ധുവായ പെണ്‍കുട്ടിയും സഹോദരന്‍ അലനുമായിരുന്നു ഫ്‌ളാറ്റിന് മുകളില്‍ വ്യായാമം ചെയ്തു കൊണ്ടിരുന്നത്. ഈ സമയം ഐറിനും ബന്ധുവായ പെണ്‍കുട്ടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്നും പെണ്‍കുട്ടി തള്ളിയപ്പോള്‍ നിലതെറ്റി താഴേക്ക് വീണതാണ് എന്നുമാണു റോയി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കൂടാതെ മകളുടെ മരണശേഷം ഏഴാംദിവസം ബന്ധുവിന്റെ വീട്ടില്‍ ഐറിന്റെ ചിത്രം ചുവരില്‍ തൂക്കാനായി കൊണ്ടു വന്നപ്പോള്‍ പെണ്‍കുട്ടി എതിര്‍ത്തുവെന്നും നാട്ടില്‍ ഉയര്‍ന്ന ശമ്പളം ഉണ്ടായിട്ടും വിദേശത്തേക്കു പഠനത്തിനായി പോയിയെന്നും പറയുന്നു.

ഈ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഐറിന്‍ കെട്ടിടത്തിനു മുകളില്‍ നിന്നും താഴെ വീണതു സഹോദരന്‍ അലന്‍ തള്ളിയതു മൂലമാണെന്നു പറഞ്ഞുപരത്തുകയും ചെയ്തു. മകളുടെ മരണശേഷം ആരോപണ വിധേയരായ ബന്ധുക്കളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നുവെന്നും റോയി പറയുന്നു. തന്റെ ഭാര്യ മകളുടെ മരണശേഷം മാനസികമായി തളര്‍ന്നതിനേ തുടര്‍ന്നു ചികിത്സയിലായിരുന്നു. പിന്നീട് മരണപ്പെടുകയും ചെയ്തു. ഇതിനുപിന്നിലും ബന്ധുക്കളുടെ കരങ്ങള്‍ ഉണ്ടോയെന്ന സംശയവും ഇദ്ദേഹം ഉന്നയിക്കുന്നുണ്ട്.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണു റോയി പരാതി നല്‍കിയിരിക്കുന്നത്. വിദേശത്തേക്കു കടന്ന പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്താല്‍ മകളുടെ മരണത്തിനു പിന്നിലെ യഥാര്‍ഥ കാര്യങ്ങള്‍ അറിയാമെന്നും റോയി പറയുന്നു. ഫ്ളാറ്റിലെ ടെറസില്‍ നിന്നും കാര്‍പാര്‍ക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീണ് ഐറിന്‍ മരിക്കുന്നത്. പത്തു നിലകളുള്ള ഫ്‌ളാറ്റിന്റെ ടെറസില്‍ സഹോദരനൊപ്പം വ്യായാമം ചെയ്യുകയായിരുന്നു ഐറിന്‍.

ഫ്‌ളാറ്റിലെ ടെറസില്‍ അരഭിത്തിയിലുള്ള പാരപ്പറ്റാണുള്ളത്. ഇതിനോടുചേര്‍ന്നുള്ള ടൈല്‍ പാകിയ കോണ്‍ക്രീറ്റ് ബെഞ്ചില്‍ ചവിട്ടി വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്നായിരുന്നു നിഗമനം. കാല്‍ വഴുതി പാരപ്പറ്റിനു മുകളിലൂടെ വീണ ഐറിന്‍ എട്ടാം നിലയുടെ സണ്‍ഷേഡിലുണ്ടായിരുന്ന ഷീറ്റില്‍ പതിക്കുകയും തുടര്‍ന്നു തെറിച്ചു താഴത്തെ കാര്‍ പാര്‍ക്കിങ് ഏരിയയിലെ ഷീറ്റിലും വശത്തെ ഭിത്തിയിലും അടിച്ചു തറയിലേക്കു വീഴുകയായിരുന്നു. തലയിടിച്ചു വീണ ഐറിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW