Saturday, March 14, 2026 Last Updated 9 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jun 2025 01.25 PM

‘‘കമല്‍ഹസ്സനും മോഹന്‍ലാലും കണ്ണുകള്‍ കൊണ്ടാണ് അഭിനയിക്കുന്നത്; അവര്‍ക്ക് ക്യാമറ ഗിമ്മിക്സിന്റെ ആവശ്യമില്ല, പെർഫോം ചെയ്തോളും...’’ രവി കെ ചന്ദ്രൻ

കമല്‍ഹസ്സനും മോഹന്‍ലാലും അഭിനയകുലപതികളാണെന്ന് തുറന്നു സമ്മതിച്ച ഒരുപാട് അണിയറപ്രവര്‍ത്തകരുണ്ട്. ഇപ്പോഴിതാ ഛായാഗ്രാഹകനും സംവിധായകനുമായ രവി കെ ചന്ദ്രൻ കമല്‍ഹസ്സനെയും മോഹന്‍ലാലിനെയും കുറിച്ച് പറയുന്ന കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
Kamal Haasan,Mohanlal,Cinematographer and director Ravi K Chandran
Cinematographer ravi k chandran about kamal hassan and mohanlal (Image Source: youtube)

തമിഴകത്തിന്റെ മാത്രമല്ല തെന്നിന്ത്യയുടെ മുഴുവന്‍ ഉലകനായകനായി അറിയപ്പെടുന്ന താരമാണ് കമല്‍ഹസ്സന്‍. വര്‍ഷങ്ങളായി തെന്നിന്ത്യയില്‍ ആര്‍ക്കും മാറ്റാനാവാത്ത ഇരിപ്പിടം നേടിയെടുത്ത താരം. താരത്തിന്റെ ഓരോ സിനിമയ്ക്ക് വേണ്ടിയും വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബാലതാരമായി സിനിമയിലെത്തി കൈയടികള്‍ നേടിയ താരം അന്നുതൊട്ടിന്നോളം തമിഴിലും മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളിലുമായി 230-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഞ്ചു പതിറ്റാണ്ടിലധികമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരത്തിന്റെ അഭിനയമികവ് ഓരോ അണിയറപ്രവര്‍ത്തകരും എടുത്തു പറയുന്നതാണ്.
തെന്നിന്ത്യയ്ക്ക് കമല്‍ഹസ്സന്‍ എന്നതു പോലെ മലയാളത്തിന്റെ സ്വന്തം താരരാജാവാണ് മോഹന്‍ലാല്‍. അഭിനയവിസ്മയങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍ തിരശ്ശീലയില്‍ അവതരിപ്പിച്ച് മോഹന്‍ലാല്‍ കൈയടി നേടാന്‍ തുടങ്ങിയിട്ട് നാലു പതിറ്റാണ്ടിലധികമായി. ഡയറ​ക്ടേഴ്സ് ആക്ടര്‍ എന്നറിയപ്പെടുന്ന മലയാളികളുടെ സ്വന്തം ലാലേട്ടന്റെ പുതിയ ചിത്രങ്ങള്‍ക്ക് വേണ്ടി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. പലപ്പോഴും ക്യാമറക്കണ്ണുകളിലൂടെ മോഹന്‍ലാലിന്റെ അഭിനയം കണ്ടിട്ട് കട്ട് പറയാന്‍ മറന്നു പോയി നോക്കിനിന്നു പോയിട്ടുണ്ടെന്ന് പല അണിയറപ്രവര്‍ത്തകരും തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ കമല്‍ഹസ്സന്റെയും മോഹൻലാലിന്റേയും അഭിനയത്തെ പുകഴ്ത്തുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ രവി കെ ചന്ദ്രൻ. ഒരു നല്ല അഭിനേതാവ് കാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ തങ്ങളുടെ പണി എളുപ്പമാകുമെന്നും കമല്‍ ഹാസന്റെയും മോഹൻലാലിന്റേയും കാര്യത്തില്‍ അതാണ് സംഭവിക്കുന്നതെന്നും ഇരുവരും കാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന സമയത്ത് ഗിമ്മിക്‌സിന്റെ ആവശ്യമില്ലെന്നും കണ്ണുകള്‍ കൊണ്ടാണ് അവർ അഭിനയിക്കുന്നതെന്നും രവി കെ ചന്ദ്രൻ പറഞ്ഞു.
‘‘നല്ലൊരു അഭിനേതാവ് കാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ പണി എളുപ്പമാകും. തഗ് ലൈഫിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്. കമല്‍ സാർ കാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ നമുക്ക് ഗിമ്മിക്സ് ഒന്ന് കാണിക്കേണ്ട ആവശ്യമില്ല. കണ്ണുകള്‍ കൊണ്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. മോഹൻലാലും അങ്ങനെ തന്നെയാണ്. ദൃശ്യത്തില്‍ കാമറ അമിതമായി മൂവ് ചെയ്യുന്നത് നമുക്ക് കാണാനാകില്ല. അതിന്റെ ആവശ്യവുമില്ല അവിടെ. കാരണം മോഹൻലാലിന്റെ മുന്നിലേക്ക് കാമറ വെച്ച്‌ കൊടുത്താല്‍ മതി, അദ്ദേഹം പെർഫോം ചെയ്തോളും...’’ രവി കെ ചന്ദ്രൻ പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രവി കെ.ചന്ദ്രനിത് പറഞ്ഞത്.

ഏറ്റവും ഒടുവിലായി രവി കെ ചന്ദ്രൻ ക്യാമറ ചലിപ്പിച്ചത് മണിരത്‌നം-കമല്‍ഹസ്സൻ ചിത്രമായ തഗ് ലൈഫിലാണ്. ഏഴാം അറിവ്, അഗ്നീപഥ്, ഗജിനി, മൈ നെയിം ഈസ് ഖാൻ തുടങ്ങി നിരവധി തമിഴ്, ഹിന്ദി, മലയാളം സിനിമകളില്‍ പ്രവർത്തിച്ച താരം യാൻ, ഭ്രമം തുടങ്ങി രണ്ട് സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.
കമല്‍ഹസ്സന്റെ തഗ് ലൈഫ് ഇന്നാണ് റിലീസ് ചെയ്യുന്നത്. 2025 ലെ തമിഴകത്തെ ആദ്യദിന റെക്കോർഡുകള്‍ സിനിമ നേടുമെന്നാണ് റിപ്പോര്‍ട്ട്. കമലും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ ഹൈപ്പ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW