-->
തിരുവനന്തപുരം: ഭാരതാംബയുടെ രൂപത്തിന്റെ പേരിലുള്ള വിവാദത്തില്‍ ഗവര്‍ണറും കൃഷിവകുപ്പും തമ്മില്‍ തര്‍ക്കം. ഇക്കാരണത്താല്‍ രാജ്ഭവനില്‍ മുമ്പ് തീരുമാനിച്ചിരുന്ന ഇന്നത്തെ പരിസ്ഥിതിദിന പരിപാടി കൃഷിവകുപ്പ് സെക്രട്ടേറിയേറ്റിലേക്ക് മാറ്റി. ആര്‍എസ്എസ് മുമ്പോട്ട് വെച്ചിട്ടുള്ള ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തണമെന്നും പുഷ്പാര്‍ച്ചന നടത്തണമെന്നുമുള്ള രാജ്ഭവന്റെ നിബന്ധന അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കൃഷിവകുപ്പ് എടുത്തിരിക്കുന്ന നിലപാട്. ദര്‍ബാര്‍ഹാളിലും സെക്രട്ടേറിയേറ്റ് പരിസരത്തുമായി കൃഷിവകുപ്പ് പരിപാടി നടത്തി.
വിഷയത്തില്‍ രാജ്ഭവനും കൃഷിവകുപ്പും തമ്മില്‍ കൊമ്പുകോര്‍ത്തിരിക്കുന്നത് ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് വീണ്ടും മുറുകുന്നതായിട്ടാണ് വിലയിരുത്തുന്നത്. നേരത്തേ തീരുമാനിച്ച പ്രകാരം രാജ്ഭവനിലായിരുന്നു പരിസ്ഥിതി ദിന പരിപാടി നടക്കേണ്ടിയിരുന്നത്. ഇക്കാര്യം നേരത്തേ മാധ്യമങ്ങളെയും അറിയിച്ചിരുന്നു. എന്നാല്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ ദീപം തെളിയിക്കണമെന്നും പുഷ്പാര്‍ച്ചന നടത്തണമെന്നുമുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ പ്രോട്ടോകോളില്‍ ഇല്ലെന്ന് കൃഷിവകുപ്പ് നിലപാട് എടുത്തതായിട്ടാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് കൃഷിവകുപ്പ് സെക്രട്ടേറിയേറ്റില്‍ പരിപാടി നടത്തി.
കൃഷിമന്ത്രിയുടെ ഓഫീസിന് മുന്നില്‍ ഫലവൃക്ഷം നട്ടുകൊണ്ടായിരുന്നു കൃഷിമന്ത്രി പരിസ്ഥിതി ദിന പരിപാടി നടത്തിയത്. രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തുകയും പുഷ്പാര്‍ച്ചനയും നടത്തിയ ശേഷം മതി പരിസ്ഥിതിദിന പരിപാടിയെന്ന് രാജ്ഭവന്‍ നിര്‍ബ്ബന്ധം പിടിച്ചു എന്നും ഏതെങ്കിലും സംഘടനയോ പ്രസ്ഥാനമോ മതമോ ഉപയോഗിക്കുന്ന ചിത്രം സര്‍ക്കാര്‍ പരിപാടിയില്‍ ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധം എന്നുമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട്. രാജ്ഭവനെ ആര്‍എസ്എസ് വല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നും അത് അനുവദിക്കാനാകില്ലെന്നുമാണ് കൃഷിവകുപ്പ് നടത്തുന്ന ആരോപണം.
പരിപാടി നടത്തണമെങ്കില്‍ ചടങ്ങ് നിര്‍ബ്ബന്ധമെന്ന് രാജ്ഭവന്‍ വ്യക്തമാക്കിയതോടെ എങ്കില്‍ രാജ്ഭവനില്‍ പരിപാടി വേണ്ടെന്ന് കൃഷിവകുപ്പും നിലപാട് എടുത്തു. ആര്‍എസ്എസ് കാര്യാലയമായി രാജ്ഭവന്‍ മാറരുതെന്നാണ് സിപിഐ നേതാക്കളും എടുത്തിരിക്കുന്ന നിലപാട്. ഇതോടെ കഴിഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഉണ്ടായിരുന്നത് പോലെ പുതിയ ഗവര്‍ണറും സര്‍ക്കാരും ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്.