Friday, March 13, 2026 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 31 May 2025 01.58 PM

ഭാര്യയുടെ ചാരിത്ര്യശുദ്ധയിലുള്ള സംശയം; യുവതിയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറുത്തു കൊലപ്പെടുത്തി ; ഭര്‍ത്താവിന് വധശിക്ഷ,

uploads/news/2025/05/783978/arrested.jpg

മഞ്ചേരി: യുവതിയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് വധശിക്ഷ. പരപ്പനങ്ങാടി ചുടലപ്പറമ്പ് കൊടക്കാട് നെടുവ പഴയകത്ത് നജ്ബുദ്ദീന്‍ എന്ന ബാബു(44) വിന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി എ.വി. ടെല്ലസാണു ശിക്ഷ വിധിച്ചത്.

2017 ജൂലൈ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. ചാരിത്ര്യശുദ്ധയിലുള്ള സംശയംമൂലം ആദ്യഭാര്യയായ റഹീന (30) യെ പ്രതിയുടെ ഉടമസ്ഥതയില്‍ അഞ്ചപ്പുര ബീച്ച് റോഡിലുള്ള ഇറച്ചിക്കടയില്‍ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.

പുലര്‍ച്ചെ രണ്ടിനും 4.45നും ഇടയിലാണു സംഭവം നടന്നത്. കശാപ്പുശാലയില്‍നിന്ന് ഇറച്ചിക്കടയിലേക്കു മാംസം കൊണ്ടു പോകാനെത്തിയ ജീവനക്കാരാണു മൃതദേഹം ആദ്യം കണ്ടത്. കൊല നടത്തിയശേഷം മൃതദേഹത്തില്‍നിന്ന് പ്രതി 36.43 ഗ്രാം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. അതിനുശേഷം കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ കറങ്ങി താനൂര്‍ റെയില്‍വെ സ്‌റ്റേഷനിലിറങ്ങുമ്പോള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2017 ജൂലൈ 25 ന് അറസ്റ്റ് രേഖപ്പെടുത്തി.

പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. ഷാജു 41 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 66 രേഖകളും 33 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലെയ്‌സണ്‍ ഓഫീസര്‍മാരായ പി. അബ്ദുല്‍ ഷുക്കൂര്‍, ഷാജി മോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന സി. അലവിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.ഇന്ത്യന്‍ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

ഇതിനു പുറമെ 404 വകുപ്പ് പ്രകാരം മൃതദേഹത്തില്‍നിന്ന് ആഭരണങ്ങള്‍ കവര്‍ന്നതിന് അഞ്ചുവര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷയുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തെ അധിക തടവും അനുഭവിക്കണം. പ്രതി പിഴയടക്കുന്നപക്ഷം തുക കൊല്ലപ്പെട്ട റഹീനയുടെ മാതാവ് സുബൈദക്ക് നല്‍കണം. ഇതിനു പുറമെ സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍നിന്നും റഹീനയുടെ മകനും മാതാവിനും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കു നിര്‍ദേശം നല്‍കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW