-->
തെന്നിന്ത്യയിലെ പവര്‍കപ്പിള്‍സാണ് ജ്യോതികയും സൂര്യയും. പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും കരിയറില്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയും മാതൃകാദമ്പതിമാരായി തിളങ്ങി നില്‍ക്കുന്ന താരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. വിവാഹശേഷം ചെറിയൊരു ഇടവേളയെടുത്തിരുന്ന ജ്യോതിക വീണ്ടുമിപ്പോള്‍ വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുകയാണ്. എല്ലാത്തിനും പിന്തുണയും കരുത്തുമായി സൂര്യയും ഒപ്പമുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ജ്യോതിക.
ഇപ്പോഴിതാ മകള്‍ ദിയ സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് ജ്യോതിക. ഗ്രാജ്വേഷൻ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ജ്യോതിക ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ജ്യോതികയുടേയും സൂര്യയുടേയും മാതാപിതാക്കളും ചടങ്ങിനെത്തിയിരുന്നു. എല്ലാവര്‍ക്കുമൊപ്പമുള്ള ചിത്രത്തിന് ജ്യോതിക നല്‍കിയ ക്യാപ്ഷനുകളും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ദിയയെ പഠിപ്പിച്ച അധ്യാപിക, ദിയയ്ക്ക് എല്‍.കെ.ജി മുതല്‍ 12-ാം ക്ലാസ് വരെ സ്കൂളിലേക്കുള്ള ഭക്ഷണമുണ്ടാക്കിക്കൊടുത്ത ജോലിക്കാരി എന്നിവർക്കെല്ലാം ജ്യോതിക നന്ദി പറഞ്ഞിട്ടുണ്ട്.
‘‘ഒരു നല്ല അധ്യാപിക മറ്റുള്ളവർക്കായി സ്വയം ഉരുകുന്ന ഒരു മെഴുകുതിരി പോലെയാണ്' എന്നാണ് ദിയയുടെ അധ്യാപികയുടെ ചിത്രം പങ്കുവെച്ച് ജ്യോതിക കുറിച്ചത്. ‘‘ ന്യൂട്രിഷസായ ആഹാരം നിറച്ച ടിഫിന്‍ എല്‍.കെ.ജി മുതല്‍ 12-ാം ക്ലാസ് വരെ ദിയയ്ക്ക് നല്‍കിയ ദേവി, വളരെ നന്ദി... പകരം വെയ്ക്കാൻ കഴിയാത്ത വ്യക്തിയാണ് ദേവി...’’ എന്നാണ് ജോലിക്കാരിയെക്കുറിച്ച് ജ്യോതിക കുറിച്ചത്.
സൂര്യയുടേയും ജ്യോതികയുടേയും മാതാപിതാക്കള്‍ക്കൊപ്പമുള്ള ദിയയുടെ കുട്ടിക്കാലത്തെ ചിത്രങ്ങളും ജ്യോതിക ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈ അസെൻഡ് ഇന്റർനാഷണല്‍ സ്കൂളിലെ വിദ്യാർഥിയായിരുന്നു ദിയ. മകളുടെ ഉപരിപഠനം വിദേശത്തായിരിക്കുമെന്ന് സൂര്യ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി സൂര്യയും ജ്യോതികയും മക്കളും മുംബൈയിലാണ് താമസം. മക്കളുടെ വിദ്യാഭ്യാസം പരിഗണിച്ചും ജ്യോതികയുടെ മാതാപിതാക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഇവർ മുംബൈയിലേക്ക് താമസം മാറ്റിയത്.