-->
കൊച്ചി : അറബിക്കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്ന് ഇന്ധനഎണ്ണ കടലില്‍ പടര്‍ന്നാല്‍ പ്രത്യാഘാതം ഗരുതരമെന്നു ദേശീയ ദുരന്തനിവാരണ മാനേജ്‌മെന്റ് അതോറിറ്റി (എന്‍.ഡി.ആര്‍.എഫ്.)യുടെ മുന്നറിയിപ്പ്. അതിനാല്‍, കപ്പലില്‍ നിന്നും ചോരുന്ന എണ്ണ കടലില്‍ പടരാതിരിക്കാനുള്ള എല്ലാ ശ്രമവും നടത്തുമെന്നാണു അധികൃതര്‍ അറിയിച്ചിട്ടുള്ളത്. കടല്‍ പ്രക്ഷുബ്ധമായ സമയമാണെങ്കില്‍ പത്തു ശതമാനം മാത്രമേ വീണ്ടെടുക്കാന്‍ കഴിയൂ. അല്ലെങ്കില്‍ ഇരുപത്തഞ്ചു ശതമാനം എണ്ണ വരെ തിരിച്ചെടുക്കാന്‍ കഴിയുമെന്നാണു രാജ്യാന്തര റിപ്പോര്‍ട്ടുകള്‍.
എണ്ണ ഉപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നതിനാലാണിത്. കപ്പലിന്റെ ഇന്ധനം കടലില്‍ രണ്ടു നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ വ്യാപിച്ചിട്ടുണ്ടെന്നാണു വിവരം. അറബിക്കടലില്‍ കാലവര്‍ഷം, ശക്തിപ്രാപിച്ചതിനാല്‍, കടല്‍ പ്രക്ഷുബ്ധമായതാണു ഏറ്റവും വലിയ വെല്ലുവിളിയെന്നാണു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് വൃത്തങ്ങള്‍ പറയുന്നത്. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലും ഈ വെല്ലുവിളിയാണു പ്രധാന ചര്‍ച്ചയായത്. കടലില്‍ എണ്ണ പടരാതെ വലിച്ചെടുക്കുന്നതിനു ആവശ്യമെങ്കില്‍ വിദേശസംഘത്തെ നിയോഗിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
കടല്‍ക്ഷോഭത്തിനിടയിലും കേരളതീരത്തേക്ക് എണ്ണ എത്തിയിട്ടില്ലെന്നതാണ് ആശ്വാസകരമായ കാര്യം. കൊല്ലത്ത് ഡോള്‍ഫിന്‍ ചത്തടിഞ്ഞതു ഗൗരവമായാണു കാണുന്നത്. കടലില്‍ എണ്ണ ചോര്‍ച്ച ഉണ്ടാകുന്ന സമയത്തെ പ്രശ്‌നത്തേക്കാള്‍ വലുതാണു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള പ്രത്യാഘാതം. വലിയ എണ്ണ വ്യാപനം ഉണ്ടായിട്ടുള്ള സ്ഥലത്തെല്ലാം അതിന്റെ ആഘാതം വളരെ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതായാണു പഠനങ്ങള്‍ കാണിക്കുന്നത്.
കപ്പല്‍ അപകടമുണ്ടായെങ്കിലും എത്ര അളവിലാണു തീരക്കടലില്‍ എണ്ണവ്യാപനം ഉണ്ടായിരിക്കുന്നതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. കപ്പലില്‍ ഇന്ധനം വലിയ അളവില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അവര്‍ക്ക് സഞ്ചരിക്കാന്‍ ആവശ്യമായ ഇന്ധനമാണു കപ്പലില്‍ ഉണ്ടാകുക. ഇന്ധനം എത്രയുണ്ടെന്ന കണക്ക് കപ്പല്‍ അധികൃതര്‍ നല്‍കിയിട്ടുമില്ല. ഇന്ധനം ചോര്‍ന്നാല്‍, ആദ്യം കടലിന്റെ ഉപരിതലത്തിലാണു കാണപ്പെടുക.
ഇത് ഉപരിതലത്തിലെ മത്സ്യങ്ങളെ ബാധിച്ചേക്കാം. പക്ഷ, വ്യാപകമായ എണ്ണവ്യാപനമാണെങ്കില്‍ വലിയ മത്സ്യങ്ങള്‍ ആ പ്രദേശം ഒഴിവാക്കുകയാണു പതിവ്. മലിനീകരണമുണ്ടെങ്കില്‍ വലിയ മത്സ്യങ്ങള്‍ ആ പ്രദേശത്ത് നില്‍ക്കാനും സാധ്യതയില്ലെന്നും വിദഗ്ധര്‍ പറയുന്നു.