Saturday, March 14, 2026 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 28 May 2025 10.49 AM

സതീശന്‍ അപമാനിക്കുന്നു ; ഇനി പ്രതീക്ഷ കെ.സി. വേണുഗോപാലില്‍ ; അല്ലെങ്കില്‍ ടിഎംസി മത്സരിക്കും

uploads/news/2025/05/783458/pv-anvar.jpg

മലപ്പുറം: യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്‍ തന്നെ അപമാനിക്കുകയാണെന്നും ഇനി കെ.സി. വേണുഗോപാലിലാണ് പ്രതീക്ഷയെന്നും അദ്ദേഹവുമായി നടക്കുന്ന ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ നിലമ്പൂരില്‍ ടിഎംസിയുടെ സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ ഉണ്ടാകുമെന്നും പി.വി. അന്‍വര്‍. കെ.സി. വേണുഗോപാലിനോട് തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അദ്ദേഹത്തിലും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളിലും യുഡിഎഫിലെ ചില ഘടകകക്ഷികളിലും പ്രതീക്ഷ വെയ്ക്കുന്നതായും പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ വി.ഡി. സതീശനെതിരേ രൂക്ഷവിമര്‍ശനമാണ് അന്‍വര്‍ നടത്തിയത്. വി.ഡി. സതീശന്‍ തന്നെ ചെളിവാരിയെറിയുകയാണ്. കാലു പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. സുധാകരനും മുരളീധരനും രമേശ് ചെന്നിത്തലയും അടക്കം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും ചില ഘടകകക്ഷികളും തന്നെ വിളിക്കുന്നുണ്ട്. എന്നാല്‍ തന്നെ കത്രികപൂട്ടിട്ട് പൂട്ടാന്‍ നോക്കുന്നു.

ഈ മാസം 15 നും വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടുദിവസം കൊണ്ട് യുഡിഎഫ് പ്രവേശന പ്രഖ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞു. എന്നാല്‍ ഒന്നും നടന്നില്ല. മുന്നണിപ്രവേശം സംബന്ധിച്ച് യുഡിഎഫിന് കത്ത് കൊടുത്തിട്ട് നാലു മാസമായി. ഈ മാസം രണ്ടാംതീയതി യോഗം ചേര്‍ന്നു. ഒത്തുപോകാന്‍ യുഡിഎഫ് തീരുമാനിക്കുകയും തീരുമാനം അന്ന് യുഡിഎഫ് കണ്‍വീനറായിരുന്ന എംഎം ഹസന്‍ അംഗീകരിക്കുകയും ചെയ്തു. ടേംസ് ആന്റ് കണ്ടീഷന്‍ വി.ഡി. സതീശന്‍ വിളിച്ചുസംസാരിക്കുകയും ചെയ്തു. ഒരുമിച്ച് പോകാന്‍ തീരുമാനിച്ചു. അതിന് ശേഷം പ്രതികരണമില്ല. വി.ഡി. സതീശനെ ഫോണില്‍ വിളിച്ചിട്ട് അദ്ദേഹം പ്രതികരിക്കുക പോലും ചെയ്തില്ല.

നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ജയിക്കേണ്ടത്. അതിന് ഉതകുന്ന സ്ഥാനാര്‍ത്ഥി വേണം. ആര്യാടന്‍ ഷൗക്കത്തിനെ കുറിച്ചുള്ള പ്രസംഗം അധികപ്രസംഗം അല്ല. സ്ഥാനാര്‍ത്ഥി കാര്യത്തില്‍ തനിക്ക് വ്യക്തിപരമായ അഭിപ്രായവ്യതയാസമുണ്ട്. അക്കാര്യം താന്‍ പറഞ്ഞു. ഇനിയെന്താണ് വ്യക്തമാക്കേണ്ടതെന്നും ചോദിച്ചു. വി.ഡി. സതീശനെ ചിലര്‍ കുഴിയില്‍ ചാടിച്ചതാണെന്നും പറഞ്ഞു.

യുഡിഎഫിന്റെ അവഗണനയെക്കുറിച്ചും എണ്ണിയെണ്ണി പറഞ്ഞു. പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ കൊടുത്തു. പാലക്കാട് യുഡിഎഫിനെ പിന്തുയ്ക്കാന്‍ പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തി. റിസള്‍ട്ട് വന്ന ശേഷം വിളിച്ചിട്ടേയില്ല. നന്ദി പറയാന്‍ ആരും വന്നില്ല. വയനാട് തെരഞ്ഞെടുപ്പില്‍ പ്രിയങ്കാഗാന്ധിക്ക് വോട്ട് കൂടിയത് നിലമ്പൂര്‍ മണ്ഡലത്തിലായിരുന്നു. ജയിച്ചു കഴിഞ്ഞപ്പോള്‍ മുസ്‌ളീംലീഗ് അക്കാര്യം എടുത്തു പറയുകയും ചെയ്തതാണ് എന്നാല്‍ കോണ്‍ഗ്രസ് ഒരക്ഷരം മിണ്ടിയില്ല.

ഒരു മെമ്പറിന്റെ ഭൂരിപക്ഷമുള്ള വയനാട് പനമരം പഞ്ചായത്തില്‍ ബെന്നി തൃണമൂലില്‍ ചേര്‍ന്നിരുന്നു. അവിടെ അവിശ്വാസം കൊണ്ടുവന്ന പഞ്ചായത്ത് ഭരണം യുഡിഎഫിന് നല്‍കി. അതിന് ബെന്നി മര്‍ദ്ദിക്കപ്പെട്ടിട്ടും കോണ്‍ഗ്രസ് ചോദിക്കാന്‍ പോലും വന്നില്ല. യുഡിഎഫ് കൈവിട്ടാല്‍ നിലമ്പൂരില്‍ ടിഎംസി മത്സരത്തിനിറങ്ങും. നേതാവായ മമതാബാനര്‍ജിയും ബംഗാളിലെ മന്ത്രിമാരും ചില എംപിമാരും നിലമ്പൂരില്‍ പ്രചരണത്തിന് എത്തുമെന്നും അവര്‍ രാഷ്ട്രീയം സംസാരിക്കുമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

എല്‍ഡിഎഫ് തങ്ങള്‍ വീണ്ടും അധികാരത്തില്‍ വരാന്‍ പോകുന്നു എന്ന നറേഷന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ കേരളത്തില്‍ ഇനി വരേണ്ടത് യുഡിഎഫാണ്. ആ രീതിയിലുള്ള വോട്ടിംഗ് പാറ്റേണാണ് വേണ്ടത്. പിണറായി സര്‍ക്കാരിന്‍െ അന്ത്യം കുറിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യമാണ്. എന്നാല്‍ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവില്‍ വിടുകയും ചെളിവാരിയെറിയുകയുമാണ്. ഇപ്പോള്‍ താന്‍ ധിക്കാരിയെന്ന് പ്രചരിപ്പിക്കുന്നു. കള്ളക്കടത്തുകാരനായി ചിത്രീകരിക്കാന്‍ ശ്രമം. അഹങ്കാരി എന്ന നരേഷന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.

യുഡിഎഫില്‍ പ്രവാസി കോണ്‍ഗ്രസ് എന്ന ഘടകകക്ഷിയുണ്ട്. അത് കമ്പ്യൂട്ടറില്‍ മാത്രമുള്ള പാര്‍ട്ടിയാണ്. ഉള്ളത് വലിച്ചെറിഞ്ഞ് ഇറങ്ങിവന്നയാളാണ് താന്‍. എന്താണ് താന്‍ ചെയ്ത കുറ്റം, ഇനിയെന്താണ് ചെയ്യേണ്ടത്. ആരുടെ കാലാണ് പിടിക്കേണ്ടത് എന്നറിയില്ലെന്നും ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇനിയെന്താണ് ചെയ്യേണ്ടതെന്നും ചോദിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW