Friday, March 13, 2026 Last Updated 23 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 27 May 2025 11.44 AM

കണ്ടെയ്‌നറുകളില്‍ ചൈനീസ് ഗ്രീന്‍ ടീ, വസ്ത്രങ്ങള്‍, ന്യൂസ് പ്രിന്റ്, ഗ്ലാസുകള്‍ എന്നിവ ; 32 എണ്ണത്തില്‍ നാലെണ്ണം ഒഴിച്ച് ബാക്കിയെല്ലാം കാലി

uploads/news/2025/05/783274/container.jpg

കൊല്ലം/കൊച്ചി: കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിത്താണ എം.എസ്.സി എല്‍സ 3 ചരക്കുകപ്പലില്‍നിന്നു കൊല്ലം ജില്ലയുടെ വിവിധ മേഖലകളില്‍ വന്നടിഞ്ഞ കണ്ടെയ്‌നറുകള്‍ സുരക്ഷിതമായി നീക്കംചെയ്യാനുള്ള നടപടികള്‍ തുടങ്ങി. ആലപ്പാട്, നീണ്ടകര, ശക്തികുളങ്ങര, കൊല്ലം വെസ്റ്റ്, ഇരവിപുരം, പരവൂര്‍ വില്ലേജുകളുടെ പരിധിയിലായി 32 കണ്ടെയ്‌നറുകളാണു വന്നടിഞ്ഞത്.

ക്രെയിന്‍ ഉള്‍പ്പെടെ എത്തിക്കാന്‍ കഴിയാത്ത പ്രദേശങ്ങളിലാണ് ബഹുഭൂരിപക്ഷം കണ്ടെയ്‌നറുകളും. ഇവയെ കടല്‍ മാര്‍ഗം വലിച്ചുകൊണ്ടുപോയി കൊല്ലം പോര്‍ട്ടിലേക്ക് മാറ്റാനാണു ശ്രമം. ഇപ്പോള്‍ മോശം കാലാവസ്ഥ ആയതിനാല്‍ വേലിയിറക്ക സമയത്ത് കണ്ടയ്‌നറുകള്‍ മാറ്റാനാണ് അധികൃതരുടെ നീക്കം. 32 കണ്ടെയ്‌നറുകളില്‍ നാലെണ്ണം ഒഴിച്ച് ബാക്കിയെല്ലാം കാലിയായിരുന്നു. ചൈനീസ് നിര്‍മിത ഗ്രീന്‍ ടീ, വസ്ര്തങ്ങള്‍, ന്യൂസ് പ്രിന്റ്,ആശുപത്രി ആവശ്യങ്ങള്‍ക്കുള്ള ഗ്ലാസുകള്‍ എന്നിവയായിരുന്നു ഉള്ളില്‍.

കണ്ടെയ്‌നറുകളില്‍ മിക്കവയും തകര്‍ന്ന നിലയിലാണ്. കണ്ടെയ്‌നറുകള്‍ കണ്ടെത്തിയ ഭാഗങ്ങളില്‍ കസ്റ്റംസ് പരിശോധന നടത്തി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നു കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. അപകടത്തില്‍പെട്ട കപ്പലിന്റെ ഉടമകളായ എം.എസ്.സി. കമ്പനി കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തി വാട്ടര്‍ ലൈന്‍ എന്ന കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. തകരാറിലായ കണ്ടെയ്‌നറുകളും തീരത്തടിഞ്ഞ മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്ന ടി.ആന്‍ഡ് ടി സാല്‍വേജ് കമ്പനിയുടെ പ്രതിനിധികളും എത്തി. ഇവരുടെ നേതൃത്വത്തില്‍ തീരത്തടിഞ്ഞ മാലിന്യങ്ങള്‍ ശാസ്ര്തീയമായി ശേഖരിച്ച്, സംസ്‌കരിക്കുന്ന പ്രവര്‍ത്തികള്‍ ഇന്ന് രാവിലെ ആരംഭിക്കും.

രാസവസ്തുക്കളോ ഇന്ധനമോ കടലില്‍ കലര്‍ന്നെന്ന ആശങ്ക ശക്തമാണ്. തെര്‍മോക്കോള്‍ മാലിന്യങ്ങള്‍ തീരത്താകെ വ്യാപിച്ച് കിടക്കുകയാണ്. ചില കണ്ടെയ്‌നറുകളിലുണ്ടായിരുന്ന ബണ്ടിലുകള്‍ പുറത്തേക്ക് ചിതറി. ഇവയില്‍ കോട്ടണ്‍ ഉല്‍പ്പന്നങ്ങളായിരുന്നു. ബണ്ടിലുകളില്‍ സോഫി ടെക്‌സ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കടലില്‍ ഒഴുകി നടന്ന കണ്ടെയ്‌നറുകള്‍ കയര്‍ കെട്ടി തീരത്തേക്ക് അടുപ്പിച്ചിട്ടുണ്ട്. കപ്പലില്‍ സൂക്ഷിക്കുന്ന റെസ്‌ക്യൂ ബോട്ടും കൊല്ലം തീരത്തടിഞ്ഞിട്ടുണ്ട്.

എന്‍.ഡി.ആര്‍.എഫ് സംഘവും കൊല്ലത്തെത്തി. കണ്ടയ്‌നറുകള്‍ റോഡ് മാര്‍ഗം മാറ്റാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കുന്നെന്ന കാരണത്താല്‍ കടല്‍മാര്‍ഗം കൊല്ലം തീരത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. തീരത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കുഫോസിലെ ശാസ്ര്തജ്ഞര്‍ കടലിലെ വെള്ളം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.

നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോകുന്നത് ഒന്നുവരെ വിലക്കി. തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ മാറ്റുന്നതിനായി ദുരന്തനിവാരണപ്രവര്‍ത്തന വൈദഗ്ധ്യമുള്ള എന്‍.ഡി.ആര്‍.എഫിന്റെ സേവനം വിനിയോഗിക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

രാസപദാര്‍ഥങ്ങള്‍ ചോരാന്‍സാധ്യതയുള്ളതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കണം. നിലവില്‍ ആശങ്കയ്ക്ക് സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. പൊതുജനങ്ങള്‍ തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ക്ക് സമീപത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണം. കടലില്‍നിന്ന് ഒഴുകിവരുന്ന സാധനങ്ങള്‍ സ്പര്‍ശിക്കാനും അനുവദിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി.

ചെറിയഴീക്കല്‍ സി.എഫ്.എ. ഗ്രൗണ്ടിന് സമീപം:-2, ചവറ ഐ.ആര്‍.ഇ ഗസ്റ്റ് ഹൗസിന് സമീപം: -2, പുത്തന്‍തുറ ബേക്കറി ജങ്ഷന്‍: - 1, നീണ്ടകര ഫൗണ്ടേഷന്‍ ആശുപത്രിക്ക് സമീപം: -2, പരിമണം ലക്ഷം വീട് കോളനി; -1, പരിമണം ശിവ ഹോട്ടലിന് സമീപം: - 4, നീണ്ടകര രോഹിണി ഗ്രാനൈറ്റിന് സമീപം: - 1, ശക്തികുളങ്ങര പുലിമുട്ടിന് തെക്ക്: 2, മരുത്തടി ഭാഗം: - 1, ശക്തുകുളങ്ങര പള്ളിക്കു പടിഞ്ഞാറ്: - 11, മരുത്തടി അമ്പലത്തിനു പടിഞ്ഞാറ് പണ്ടാരത്തോപ്പ്: - 1, ശക്തികുളങ്ങര മത്സ്യഫെഡ് ഹാച്ചറിക്കു പടിഞ്ഞാറു തെക്കുംവടക്കും ഭാഗത്ത്:- 2, തിരുമുല്ലവാരം: - 1, കൊല്ലം ബീച്ചിന് തെക്ക് വെടിക്കുന്നുഭാഗത്ത്: - 1.

Ads by Google
Ads by Google
LATEST NEWS
TRENDING NOW