-->
കൊച്ചി : വ്യാജ പരാതികള്‍ ഉയര്‍ത്തിയ ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ പേരില്‍ കേസ് ഒതുക്കാന്‍ സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിക്കുന്ന ശ്യംഖലയില്‍ കൊച്ചി ഓഫീസിലെ മാഡത്തിന്റെ പേരും. കൊല്ലം കടപ്പാക്കടയിലെ മോഡേണ്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഉടമ ജെയിംസ് ജോര്‍ജ് നല്‍കിയ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് ഇ.ഡി. ഉദ്യോഗസ്ഥയെപ്പറ്റി പരാമര്‍ശമുള്ളത്.
വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പേരില്‍ 2016 ല്‍ ജെയിംസ് ജോര്‍ജിനെതിരേ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിന്റെ പേരിലായിരുന്നു ഇടനിലക്കാരുടെ വരവ്. തുടര്‍ന്ന് സാമ്പത്തിക ഇടപാട് കേസ് ഒതുക്കി തീര്‍ക്കാന്‍ ഇ.ഡിയുടെ ഇടനിലക്കാര്‍ രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നു കാണിച്ച് ജെയിംസ് ജോര്‍ജ് നല്‍കിയ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പോലീസ് കഴിഞ്ഞ വര്‍ഷം അന്വേഷണം ആരംഭിച്ചത്.
പണം തരാനില്ലെന്നു അറിയിച്ചതോടെ ശല്യപ്പെടുത്തും വിധം ഇടനിലക്കാര്‍ വിളിക്കാന്‍ തുടങ്ങി. പണം നാലു ഘട്ടമായി നല്‍കിയാല്‍ മതിയെന്നായി. ആദ്യ ഗഡു 50 ലക്ഷം പത്തു ദിവസത്തിനകം കൊടുക്കണം. കേസില്‍ ഒന്നാം പ്രതിയായ മോഹനന്‍ എന്ന ഇ.ഡി. ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സമ്മര്‍ദമുണ്ടായതെന്ന് ജെയിംസ് ജോര്‍ജ് പറഞ്ഞു. ഇതു സംബന്ധിച്ച് ഇ.ഡി. ഡയറക്ടര്‍ക്കും സി.ബി.ഐക്കും ഡിജിപിക്കും പരാതി കൊടുത്തിരുന്നു.
എന്നാല്‍, കൊച്ചിയിലെ ഇ.ഡി. ഓഫീസിലേക്കു മൊഴിയെടുക്കാനെന്നു പറഞ്ഞ് വിളിച്ചു വരുത്തി മാനസികമായി പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് പണം വാങ്ങാന്‍ വന്ന രണ്ടു ഇടനിലക്കാര്‍ അറസ്റ്റിലാവുകയും റിമാന്‍ഡിലാവുകയും ചെയ്‌തെങ്കിലും ഇ.ഡി. ഉദ്യോഗസ്ഥര്‍ തന്നെ ഏജന്റുമാരായി ഓരോ ജില്ലയിലും ഇടനിലക്കാരെ അയയ്ക്കുന്ന രീതി തുടരുന്നുണ്ടെന്നാണ് നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
പണമുള്ളവരെ കണ്ടെത്തി കേസ് ഉണ്ടെന്ന് അറിയിച്ച ശേഷം ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ നടത്തുന്നത് ഇ.ഡി ഡല്‍ഹി ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണെന്ന് പറയും. വാട്‌സ്ആപ് വഴി നൂറു രൂപ കറന്‍സി ചിത്രം അയച്ചുകൊടുത്ത ശേഷം അതേ നമ്പറുള്ള നോട്ടുമായി നേരില്‍ വരുന്നയാള്‍ക്ക് പണം കൈമാറാനാണ് ഇടനിലക്കാര്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് ജെയിംസ് ജോര്‍ജ് 'മംഗള'ത്തോടു പറഞ്ഞു.
കൊച്ചിയില്‍ കേസ് കൈകാര്യം ചെയ്യുന്ന മാഡത്തിന് അഡ്വാന്‍സായി പത്തു ലക്ഷം രൂപ നല്‍കണമെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്. അന്വേഷണത്തില്‍ മാഡം ഉന്നത ഉദ്യോഗസ്ഥ തന്നെയാണെന്ന് വ്യക്തമായി. എന്നാല്‍ ഇവര്‍ക്ക് സംഭവത്തില്‍ നേരിട്ട് അറിവുണ്ടോ എന്ന് വ്യക്തമല്ല. തിരുവല്ല എലൈറ്റ് ഹോട്ടലില്‍ ജെയിംസ് ജോര്‍ജിനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയ മറ്റൊരു സംഘം റെയില്‍വേ മന്ത്രാലയത്തിന്റെ ബോര്‍ഡ് വച്ച കാറിലാണ് എത്തിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
കൈക്കൂലി ആവശ്യപ്പെട്ട കൊല്ലം ഈസ്റ്റ് പോലീസിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്റെ പകയാണ് തനിക്ക് പിന്നിലെ എന്‍ഫോഴ്‌സ്‌മെന്റ് നീക്കങ്ങള്‍ക്ക് പിന്നിലെന്നും കൊല്ലം ആസ്ഥാനമായ ഭാരതീയ ഓര്‍ത്തഡോക്‌സ് സഭയിലെ ബിഷപ് കൂടിയായ ജെയിംസ് ജോര്‍ജ് പറയുന്നു.