-->
തൊടുപുഴ: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്നു ഭിക്ഷയെടുത്തു പ്രതിഷേധിച്ച അടിമാലി സ്വദേശിനി മറിയക്കുട്ടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചതായി ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. തൊടുപുഴയില്‍ ബി.ജെ.പി. ഇടുക്കി നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വികസിത കേരളം കണ്‍വെന്‍ഷന്‍ വേദിയിലെത്തിയ മറിയക്കുട്ടിയെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തു. തുടര്‍ന്നു താമരപ്പൂവും നല്‍കി.
അടിമാലിക്കു സമീപം ഇരുന്നൂറേക്കര്‍ പൊന്നുരുത്തുംപാറയില്‍ മറിയകുട്ടി ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് പിച്ചച്ചട്ടിയെടുത്തു ഭിക്ഷ യാചിച്ചതോടെയാണ് ശ്രദ്ധാകേന്ദ്രമാകുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരേ എണ്‍പത്തിയെട്ടുകാരിയായ മറിയക്കുട്ടിയുടെ പരാമര്‍ശങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് ഉള്‍പ്പെടെ നടത്തിയ വിവിധ സമരവേദികളിലും മറിയക്കുട്ടി പ്രത്യക്ഷപ്പെട്ടിരുന്നു. മറിയക്കുട്ടിക്കു കെ.പി.സി.സി. വീടും നിര്‍മിച്ചു നല്‍കി.
കഴിഞ്ഞ ജൂലൈയില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ നേരിട്ടെത്തിയാണ് മറിയക്കുട്ടിക്കു വീടിന്റെ താക്കോല്‍ കൈമാറിയത്. ഭിക്ഷാപാത്രവുമായി സമരം നടത്തിയതിനുശേഷം മറിയക്കുട്ടിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കാത്ത പെന്‍ഷന്‍ മറിയക്കുട്ടിക്കു നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെതിരായ പ്രചാരണത്തിനു മറിയക്കുട്ടി രംഗത്തുണ്ടായിരുന്നു.