-->
മൂവാറ്റുപുഴ: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസുകാരി രണ്ടുവര്‍ഷമായി ലൈംഗികപീഡനത്തിന് ഇരയായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തി. കേസില്‍ അറസ്റ്റിലായ പിതൃബന്ധുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പുത്തന്‍കുരിശ് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. ഗിരീഷ് മൂവാറ്റുപുഴ പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് പീഡനവിവരം വ്യക്തമാക്കുന്നത്.
അച്ഛന്റെ ഉറ്റബന്ധുവിനൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടി 2023-ലാണ് ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. പിന്നീട്, കൊല്ലപ്പെടുന്നതിന് തലേന്ന്, കഴിഞ്ഞ 17 വരെ മിക്ക ദിവസങ്ങളിലും കുട്ടി പീഡനത്തിനിരയായി. കുട്ടിയെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ടയാളാണ് ഈ കൊടുംക്രൂരത ചെയ്തതെന്നും കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നുമുതല്‍ 26 വരെ പ്രതിയെ കസ്റ്റഡിയില്‍ വിടണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. നിലവില്‍ കോലഞ്ചേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത പ്രതി മൂവാറ്റുപുഴ സബ് ജയിലിലാണ്. ഇന്ന് പോക്‌സോ കോടതിയില്‍ ഹാജരാക്കും.
പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമാണ് പോലീസിന്റെ കസ്റ്റഡി അപേക്ഷ. കുറ്റകൃത്യത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ, പ്രതിയുടെ വീട്ടിലല്ലാതെ മറ്റേതെങ്കിലും സ്ഥലത്ത് കുട്ടി പീഡിപ്പിക്കപ്പെട്ടോ, അതിനായി വാഹനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കണ്ടെത്തണം. അതിനായി പ്രതിയുടെ സാന്നിധ്യത്തിലുള്ള അന്വേഷണം അത്യാവശ്യമാണെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത്, വീട്ടിലെത്തിച്ച് നിരന്തരം ലൈംഗികപീഡനത്തിന് ഇരയാക്കിയതായി പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചു.
കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പും കുട്ടി ഉപദ്രവം നേരിട്ടതിനു തെളിവുണ്ട്. മാതാപിതാക്കളുടെ പരിചരണം വേണ്ടവിധത്തില്‍ ലഭിക്കാത്ത കുഞ്ഞ് ഏറെസമയവും ബന്ധുക്കള്‍ക്കൊപ്പമായിരുന്നു. ഈ സാഹചര്യം പ്രതി മുതലെടുക്കുകയായിരുന്നെന്ന് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.