Friday, March 13, 2026 Last Updated 15 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 24 May 2025 11.48 AM

കെട്ടിടത്തിന്റെ കൂറ്റന്‍ മേല്‍ക്കൂര തകര്‍ന്ന് റോഡില്‍ വീണ സംഭവം ; തൃശൂര്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷ പ്രതിഷേധം

uploads/news/2025/05/782718/trissur.jpg

തൃശൂര്‍: കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് തിരക്കേറിയ പാതയിലേക്ക് വീണതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് തൃശൂര്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബന്ധപ്പെട്ട ഉദേ്യാഗസ്ഥരെ സസ്‌പെന്റ് ചെയ്യണമെന്നും മേയര്‍ രാജി വെയ്ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അപകടം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്നുമാണ് മേയര്‍ പ്രതികരിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ യോഗം ചേര്‍ന്ന ശേഷം പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിച്ചു. ഇന്നലെ കനത്ത മഴയിലും കാറ്റിലുമായിരുന്നു തിരക്കേറിയ ദേശീയപാതയിലേക്ക് സമീപത്തെ കെട്ടിടത്തിന്റെ 4000 കിലോ വരുന്ന കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര തകര്‍ന്നുവീണത്. സംഭവത്തില്‍ ഭാഗ്യം കൊണ്ടാണ് ആര്‍ക്കും പരിക്കേല്‍ക്കാതിരുന്നത്. വാഹനങ്ങള്‍ക്കും കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തൃശ്ശൂര്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്റെ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര മറിഞ്ഞ് എംഒ റോഡിലേക്കായിരുന്നു വീണത്. ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന ട്രസ് വര്‍ക്കാണ് കനത്ത കാറ്റില്‍ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്. കനത്ത മഴയെ തുടര്‍ന്ന് ആളുകളും വാഹനങ്ങളും റോഡില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ എം ഒ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്.

തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള അഞ്ചു നില കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന മേല്‍ക്കൂരയാണ് പറന്നു താഴെ വീണത്. മേല്‍ക്കൂര ഇളകിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍ ആരോപിച്ചു. ഉച്ചയ്ക്ക് രണ്ടരയോട് കൂടിയാണ് ഇരുമ്പ് മേല്‍ക്കൂര ഇളകിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നും അഴിച്ചു നീക്കാന്‍ ശ്രമിക്കുന്നതിനിടെ കനത്ത കാറ്റില്‍ മേല്‍ക്കൂര ഇളകി റോഡിലേക്ക് വീഴുകയായിരുന്നുവെന്നും ഭരണപക്ഷം വ്യക്തമാക്കി.

Ads by Google
Ads by Google
TRENDING NOW