Sunday, March 15, 2026 Last Updated 57 Min 8 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍
Friday 23 May 2025 12.43 PM

പുനലൂരിലെ ദേവസ്വം തട്ടിപ്പ്; തുക അരക്കോടിക്കു മുകളില്‍, പിന്നില്‍ വന്‍ ഗൂഢാലോചന! അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസിന് വന്‍വീഴ്ച

അതിനിടയില്‍ ഇപ്പോള്‍ ഓഡിറ്റ് നടക്കുന്ന പലയിടങ്ങളില്‍നിന്നും കൂടുതല്‍ തുക തട്ടിപ്പു നടത്തിയതായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. തട്ടിപ്പിന് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസിന്റെ സഹായം കിട്ടിയിരുന്നോ എന്ന കാര്യത്തിലും സംശയം ഉയരുന്നുണ്ട്.
kerala

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുനലൂര്‍ ഗ്രൂപ്പ് കേന്ദ്രികരിച്ചു നടന്നത് വന്‍ തട്ടിപ്പ്. തട്ടിപ്പ് നടത്തി സസ്‌പെന്‍ഷനിലായ സബ് ഗ്രൂപ്പ് ഓഫീസറെ തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍ ഇറക്കിയ ഉത്തരവ് ദേവസ്വം കമ്മിഷണര്‍ അറിയാതെയെന്നു സൂചന. അങ്ങനെയെങ്കില്‍ തട്ടിപ്പില്‍ ദേവസ്വം ഉന്നതര്‍ക്കും പങ്ക് ഉണ്ടാവാനുള്ള സാധ്യത തെളിയുകയാണ്.

അതിനിടയില്‍ ഇപ്പോള്‍ ഓഡിറ്റ് നടക്കുന്ന പലയിടങ്ങളില്‍നിന്നും കൂടുതല്‍ തുക തട്ടിപ്പു നടത്തിയതായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. തട്ടിപ്പിന് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസിന്റെ സഹായം കിട്ടിയിരുന്നോ എന്ന കാര്യത്തിലും സംശയം ഉയരുന്നുണ്ട്. തട്ടിപ്പിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന വിവരം പുറത്തു വരികെയാണ്. തട്ടിപ്പിന് നേതൃത്വം നല്‍കിയ സബ് ഗ്രൂപ്പ് ഓഫീസറെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു തിരിച്ചു എടുത്തത് ദേവസ്വം കമ്മിഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഈ ഉത്തരവ് കമ്മിഷണര്‍ അറിയാതെയാണ് പുറത്തു വന്നത് എന്നാണ് സൂചന.

കമ്മിഷണര്‍ അവിധിയില്‍ ആയിരുന്നപ്പോള്‍ ആണ് അദ്ദേഹത്തിന്റെ ഓഫീസില്‍നിന്നും ഉത്തരവ് പുറത്തുവന്നത്. ഉത്തരവില്‍ കമ്മിഷണര്‍ ഒപ്പ് വെച്ചിട്ടില്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ള ജീവനക്കാര്‍ പറയുന്നത്. ഇതിനു പിന്നില്‍ ഓഫീസിലെ ചിലര്‍ ആണെന്നാണ് സൂചന. അങ്ങനെയെങ്കില്‍ തട്ടിപ്പ് നടത്തിയ സബ് ഗ്രൂപ്പ് ഓഫീസറുടേതെന്ന പോലെ കമ്മിഷണര്‍ ഓഫീസിലും വ്യാജ രേഖ ഉണ്ടാക്കിയിട്ടുണ്ട്.

സബ് ഗ്രൂപ്പ് ഓഫീസര്‍ ധനലക്ഷ്മി ബാങ്കിന്റെ ചെല്ലാന്‍ വ്യാജമായി ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇക്കാര്യം കണ്ടെത്തുവാന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസ് ശ്രമിച്ചില്ല എന്നതിലാണ് ദുരുഹത. ബാങ്കിന്റെ സ്‌റ്റേറ്റെ്മന്റ് കൃത്യമായി എടുത്തു പരിശോധിച്ചിരുന്നേല്‍ തട്ടിപ്പ് തടയാന്‍ കഴിയുമായിരുന്നു.

എന്നാല്‍ ഇതിന് ബന്ധപ്പെട്ട ജീവനക്കാര്‍ തുനിയാത്തതാണ് തട്ടിപ്പില്‍ കൂടുതല്‍പേര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തിനു ഇട നല്‍കുന്നത്. ദേവസ്വം ചെല്ലാനും ബാങ്ക് സ്‌റ്റേറ്റ്‌മെന്റും ഒത്തുനോക്കണമെന്നാണ് നിയമം. എന്നാല്‍ ഇതിന് ശ്രമിച്ചില്ല. സബ് ഗ്രൂപ്പ് ഓഫീസിര്‍ക്കു പുറമെ തട്ടിപ്പ് നടത്തിയ തുക കൂടുതല്‍ ജീവനക്കാര്‍ പങ്കിട്ടു എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓഡിറ്റ് നടന്ന ഒരിടത്തു മാത്രം ഏഴു ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായി സുചനയുണ്ട്.

വന്‍ വെട്ടിപ്പു നടന്നിട്ടും ദേവസ്വം കമ്മിഷണര്‍ ഓഫീസ് ഇയാള്‍ക്ക് സംരക്ഷണം നല്‍കിയെന്നാണ് ജീവനക്കാര്‍ പറയുന്നത്. അതേ സമയം വൈക്കം ഗ്രൂപ്പില്‍ നിസാര തുകയുടെ വെട്ടിപ്പു നടന്നപ്പോള്‍ ആ ജീവനക്കാരനെതിരേ പോലീസ് കേസ് എടുപ്പിച്ചു. എന്നാല്‍ വടക്കന്‍ പറവൂര്‍ ഗ്രൂപ്പില്‍ വന്‍ വെട്ടിപ്പു നടത്തിയ വനിതാ ജീവനക്കാരിക്ക് ഇതേ ഓഫീസ് സംരക്ഷണം ഒരുക്കിയത് വിവാദമായിരുന്നു.ഇവരെ താക്കോല്‍ സ്ഥാനത്തു കൊണ്ടു വന്നതോടെ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.

അര കോടി രൂപ തിരിമറി നടത്തിയിട്ടും സബ് ഗ്രൂപ്പ് ഓഫീസര്‍ക്ക് എതിരെ ക്രിമിനല്‍ കേസ് നല്‍കാത്തതിലും ദുരുഹത ഉണ്ട്.പതിനായിരം രൂപക്ക് മേല്‍ തട്ടിപ്പ് നടന്നാല്‍ ക്രിമിനല്‍ കേസ് നല്‍കണമെന്നാണ് വ്യവസ്ഥ. ആര്യന്‍കാവ് കിളിമരത്തുകാവ് ദേവസ്വത്തില്‍ അടക്കം നടന്ന തിരിമറി മംഗളം ആണ് പുറത്തുകൊണ്ടു വന്നത്.അതേ സമയം തട്ടിപ്പ് നടത്തിയവര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. എസ് പ്രശാന്തിന്റെയും മെമ്പര്‍ അജികുമാറിന്റെയും നിര്‍ദേശം.

ജി. അരുണ്‍

Ads by Google
ജി. അരുണ്‍
Friday 23 May 2025 12.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW